ചെന്നൈ:ഈയിടെ വിശ്വനാഥന്‍ ആനന്ദിന്റെ മകന്‍ അഖിലിനോട് ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട ചെസ് കളിക്കാരൻ ആരാണെന്ന് ചോദിച്ചതിന് അഖില്‍ ആനന്ദ് പറഞ്ഞ ഉത്തരം കേട്ട് ആനന്ദ് ഞെട്ടി. പിന്നെ ചിരിച്ചു. ഒപ്പം സദസ്സും.
കുട്ടികളെ ഓണ്‍ലൈനില്‍ ചെസ് പഠിപ്പിക്കുന്ന ചെസ് കിഡ്.കോം (Chesskid.com) എന്ന കമ്പനിയുടെ മുഖ്യചെസ് ഓഫീസറും അമേരിക്കയില്‍ നിന്നുള്ള ചെസ് താരവുമായ മൈക് ക്ലെയ്ന്‍ ആണ് അഖിലിനോട് ഒരു ചടങ്ങില്‍ ഈ ചോദ്യം ചോദിച്ചത്.
സദസ്സില്‍ വിശ്വനാഥന്‍ ആനന്ദ് ഉള്‍പ്പെടെ ഒട്ടേറെ താരങ്ങള്‍ ഇരിക്കുന്നുണ്ട്. അഖിലിന്റെ ഉത്തരം എളുപ്പത്തില്‍ വന്നു:”പ്രാഗ്”. പ്രാഗ്നാനന്ദയുടെ ചുരുക്കപ്പേരാണ് പ്രാഗ്. മൈക് ക്ലൈന്‍ കരുതിയത് മകന്‍ വിശ്വനാഥന്‍ ആനന്ദിന്റെ പേര് പറയുമെന്നായിരുന്നു.
പിന്നീട് വിശ്വനാഥൻ ആനന്ദ് തന്നെ രസകരമായ ഒരു കുറിപ്പിനൊപ്പം ട്വിറ്ററില്‍ ഇതിന്റെ വീഡിയോ പങ്കുവെച്ചു. “മകന് ഇഷ്ടപ്പെട്ട ഫ്രാങ്ക് സിനാത്രയുടെ (50കളിലെയും 60കളിലെയുംപ്രശസ്ത അമേരിക്കന്‍ ഗായകന്‍) ഗാനങ്ങളുടെ കരോക്കെ ഗായകരില്‍ ഏറ്റവും ഇഷ്ടമുള്ളത് ആരെയെന്ന് ചോദിച്ചാല്‍ മകന്‍ ചിലപ്പോൾ എന്റെ പേര് പറയുമായിരിക്കും…” എന്ന തമാശ നിറഞ്ഞ കുറിപ്പിനൊപ്പമാണ് ഈ വീഡിയോ വിശ്വനാഥന്‍ ആനന്ദ് പങ്കുവെച്ചത്.
ആഗസ്ത് അഞ്ചിനാണ് ഈ വീഡിയോ ആനന്ദ് പങ്കുവെച്ചത്. അന്ന് ലോക ചെസ് ചാമ്പ്യന്‍ മാഗ്നസ് കാൾസനെ രണ്ട് ടൂര്‍ണ്ണമെന്‍റുകളില്‍ അട്ടിമറിച്ച് പ്രഗ്നാനന്ദയുടെ പേര് വാര്‍ത്തകളില്‍ നിറഞ്ഞ സമയമായിരുന്നു. അതിന് ശേഷമാണ് ഈയിടെ അമേരിക്കയിലെ എഫ് ടിഎക്സ് ചെസ് കപ്പില്‍ വീണ്ടും പ്രഗ്നാനന്ദ മാഗ്നസ് കാള്‍സനെ മൂന്ന് ഗെയിമുകളില്‍ തുടര്‍ച്ചയായി തറപറ്റിച്ചത്. ഇതോടെ ചെസ് താരങ്ങളായ ബാലകരുടെയും കൗമാരതാരങ്ങളുടെയും ഹീറോ ആയി മാറിയിരിക്കുകയാണ് 17 കാരന്‍ പ്രഗ്നാനന്ദ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: