ബെംഗളൂരു: രാജ്യത്തെ ആദ്യത്തെ ത്രീ-ഡി പ്രിന്റഡ് പോസ്റ്റ് ഓഫീസ് ബെംഗളൂരുവില്‍ ആരംഭിക്കുന്നു. ഒരു മാസത്തിനുള്ളില്‍ മുഴുവന്‍ നിര്‍മ്മാണവും പൂര്‍ത്തിയാകും. ഭവന, നഗരകാര്യ മന്ത്രാലയത്തിന്റെ ബില്‍ഡിംഗ് മെറ്റീരിയല്‍സ് ആന്‍ഡ് ടെക്നോളജി പ്രൊമോഷന് കൗണ്‍സില്‍ ആണ് ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ ലിമിറ്റഡിന് (എല്‍ആന്‍ഡടി) ത്രീ-ഡി കോണ്‍ക്രീറ്റ് പ്രിന്റിംഗിനായി സാങ്കേതിക അനുമതി നല്‍കിയത്. കെട്ടിടത്തിന്റെ രൂപരേഖ തപാല്‍ വകുപ്പിന് ഇതിനകം സമര്‍പ്പിച്ചിട്ടുണ്ട്.
ഹലസുരിലെ കേംബ്രിഡ്ജ് ലേ ഔട്ടില്‍ തപാല്‍ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് പോസ്റ്റ് ഓഫീസ് സ്ഥാപിക്കുന്നത്. 25 ലക്ഷം രൂപ ചെലവിലാണ് 1,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള മൂന്ന് നില കെട്ടിടം. ത്രീ-ഡി പ്രിന്റ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ച പോസ്റ്റ്ഓഫീസുകള്‍ സാധാരണ പോസ്റ്റ്ഓഫീസുകള്‍ പോലെ തന്നെ പ്രവര്‍ത്തിക്കുമെന്ന് ബെംഗളൂരു തപാല്‍ വകുപ്പ് അറിയിച്ചു.
ഐഐടി മദ്രാസുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. നേരത്തെ 600 ചതുരശ്ര അടി വിസ്തീര്‍ണവും കിടപ്പുമുറിയും ഹാളും അടുക്കളയുമുള്ള ഐഐടി-മദ്രാസ് കാമ്പസിലാണ് ത്രി-ഡി പ്രിന്റഡ് ഓഫീസ് നിര്‍മ്മിച്ചത്. നിലവില്‍ പോസ്റ്റ്ഓഫീസുകളില്ലാത്ത പ്രദേശങ്ങളില്‍ കൂടുതല്‍ തപാല്‍ ഓഫീസുകള്‍ ലഭ്യമാക്കാന്‍ ഈ ചെലവു കുറഞ്ഞ സാങ്കേതികവിദ്യ സഹായിക്കുമെന്നും, എല്ലാം പ്ലാന്‍ അനുസരിച്ച് നടന്നാല്‍ രാജ്യത്തെ ആദ്യത്തെ ത്രീ-ഡി പ്രിന്റഡ് പോസ്റ്റ് ഓഫീസ് ബെംഗളൂരുവില്‍ പ്രവര്‍ത്തന സജ്ജമാകുമെന്ന് കര്‍ണാടക സര്‍ക്കിള്‍ ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ എസ്. രാജേന്ദ്ര കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: