ഭ്രാന്തുപിടിച്ചാല്‍ ചങ്ങലയ്ക്കിടാം, ചങ്ങലയ്ക്ക് ഭ്രാന്ത്പിടിച്ചാലോ? എന്നൊരു പറച്ചിലുണ്ടല്ലോ. അത് നിസ്സഹായതയുടെ പരമാവധിയിലെ സ്ഥിതിയാണ്. അതിന് പക്ഷേ, ഏറെ താത്ത്വികമായ ഒരു മാനംകൂടിയുണ്ട്. ആ മാനം വെളിപ്പെടുന്നതായിരുന്നു കഴിഞ്ഞ ദിവസം കേരള നിയമസഭയില്‍ സംഭവിച്ചത്. ചങ്ങലയും ഭ്രാന്തുമൊക്കെ വിട്ടുകളയുക. അതിലെ അടിസ്ഥാന ആശയത്തിലേക്ക് വരാം. ‘നിയന്ത്രിക്കേണ്ടവര്‍ക്ക് നിലവിട്ടാല്‍ എന്താകും!’ എന്ന ആശങ്കയാണല്ലോ ആ ചൊല്ല് ചൊല്ലുന്നത്.
ഇന്ത്യന്‍ സ്വാതന്ത്ര്യലബ്ധി 75 വര്‍ഷം പിന്നിടുമ്പോള്‍ ചരിത്രവും ചരിത്ര പുരുഷന്മാരും അനുസ്മരിക്കപ്പെടുക സ്വാഭാവികം. സര്‍ക്കാര്‍ ഔദ്യോഗികമായി നടത്തുന്ന പരിപാടികളിലെ അനുസ്മരണങ്ങളില്‍ ഓര്മിക്കപ്പെടുന്നവരായിരിക്കണമെന്നില്ല, വ്യക്തികളുടെ ഓര്‍മയില്‍. അതുകൊണ്ടുതന്നെ സ്മരിക്കപ്പെടുന്നവരെല്ലാം ഒന്നാവണമെന്നുമില്ല. പക്ഷേ, സ്മരിക്കപ്പെടേണ്ടവരെ വിസ്മരിക്കുക മാത്രമല്ല, തമസ്കരിക്കുകകൂടിച്ചെയ്യുന്നത് വ്യക്തിചെയ്താലും പ്രസ്ഥാനം ചെയ്താലും സര്‍ക്കാര്‍ ചെയ്താലും അപരാധമാണ്. അനര്‍ഹരെ അവരോധിക്കുന്നതും. അത്തരം ഒന്നിന് നമ്മുടെ നിയമസഭയും സാക്ഷിയായി. സഭ നിയന്ത്രിക്കേണ്ട, സഭയില്‍ അവസാനവാക്കു പറയേണ്ട സ്പീക്കര്‍ അബദ്ധ വാക്യങ്ങള്‍ പറഞ്ഞു. അത് തിരുത്താനാവാത്ത ചരിത്രത്തെറ്റായി കിടക്കുമെന്നതാണ് വിചിത്രമായ ഗുരുതരകാര്യം.
സ്വാതന്ത്ര്യത്തിന്റെ അമൃതവര്‍ഷത്തില്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണമെന്ന ആവശ്യം പ്രതിപക്ഷത്തുനിന്നുയര്‍ന്നു. ആതാവശ്യമില്ലെന്നും സമയമില്ലെന്നും എതിര്‍പക്ഷം പറഞ്ഞു. ജനം രണ്ടും മറന്നു. അപ്പോഴാണ് സര്‍ക്കാര്‍ പെട്ടെന്ന് പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാന്‍ തീരുമാനിച്ചത്. വാസ്തവത്തില്‍ കാലംകഴിഞ്ഞ, പുതുക്കിയില്ലെങ്കില്‍ ഭരണകക്ഷിക്ക് ദോഷം ചെയ്തേക്കാവുന്ന ചില ഓര്‍ഡിനന്‍സുകള്‍ പുതുക്കാനും സര്‍ക്കാരിന് വഴങ്ങാത്ത ഗവര്‍ണറുടെ അധികാരങ്ങള്‍ കുറയ്ക്കാനും വേണ്ടിയായിരുന്നു സമ്മേളനം. പ്രത്യേക സമ്മേളനം പെട്ടെന്ന് സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തിന്റെ പേരിലുമാക്കി. അങ്ങനെ ചേര്‍ന്ന സമ്മേളനത്തിന്റെ തുടക്കത്തില്‍ നിയമസഭാ സ്പീക്കര്‍ സ്വാതന്ത്ര്യത്തെക്കുറിച്ച്, അതിന് നടത്തിയ സമരങ്ങളെക്കുറിച്ച് അത് നയിച്ച ദേശാഭിമാനികളെക്കുറിച്ച്, ചരിത്രത്തെക്കുറിച്ച് അനുസ്മരിച്ചു.
പക്ഷേ, ആ അനുസ്മരണത്തില്‍ ചരിത്രം അബദ്ധങ്ങളുടേതായി. അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും കൃത്യമായ തെളിവില്ലാത്തവയും തര്‍ക്കത്തിലുള്ളവയും നിയമനിര്‍മാണ സഭകളില്‍ ചര്ച്ചയാകാനോ രേഖയിലാകുന്ന വിധം പരാമര്‍ശിക്കാനോ സഭാധ്യക്ഷന്മാര് അനുവദിക്കാറില്ല. അങ്ങനെ ആരെങ്കിലും പരാമര്‍ശിച്ചാല്‍ അത് സ്പീക്കര്‍ തടയും, ആരെങ്കിലും പറഞ്ഞുപോയാല്‍ അത് സ്പീക്കര്‍ സഭാരേഖകളില്‍നിന്ന് നീക്കും, അതാണ് രീതി. അതായത്, സ്പീക്കറാണ് അവസാനവാക്ക്. പക്ഷേ അതുചെയ്യേണ്ട സ്പീക്കര്‍തന്നെ അത് പറഞ്ഞാല്‍ ആരു നീക്കും? അബദ്ധമാണെങ്കില്‍ നീക്കാം, പക്ഷേ ആവര്‍ത്തിച്ചു പറഞ്ഞ് സ്ഥാപിക്കുന്ന അപചരിത്രമാണെങ്കില്? അതാണ് എഴുത്തിന്റെ തുടക്കത്തില്‍ ഒരു ചങ്ങലയുടെ തത്ത്വശാസ്ത്രം പറഞ്ഞത്.
നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷ്, സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്നതിന് മുമ്പ് ചിലര്‍ ‘ആഘോഷിക്കാന്‍ ഒരുക്കം കൂട്ടിയ 1921 ലെ ദുരന്ത ചരിത്ര’വുമായി ബന്ധപ്പെട്ട ചില പരിപാടികളില്‍ നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. 1921 ല്‍ മലബാര്‍ പ്രദേശത്ത് നടന്ന ആ വര്‍ഗീയ കലാപം ചരിത്രത്തില്‍ പലപേരുകളിലാണ് അറിയപ്പെടുന്നത്. തുര്‍ക്കിയിലെ ഭരണാധികാരിയെ ബ്രിട്ടീഷ് സാമ്രാജ്യ ഭരണകൂടം സ്ഥാനഭ്രഷ്ടനാക്കിയതിനെ എതിര്‍ത്ത്, പുനരവരോധിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ ഖിലാഫത്ത് സമരം കേരളത്തില്‍ അക്രമ സമരമായി, അത് വര്‍ഗീയ-വംശീയ ഹത്യയ്ക്ക് ചിലര്‍ വിനിയോഗിച്ചു. ഖിലാഫത്ത് സമരം, മാപ്പിള ലഹള, മാപ്പിളക്കലാപം, മലബാര്‍ കലാപം, ഏറനാട് കലാപം എന്നിങ്ങനെ പലപേരുകളിലും പിന്നീട് ചിലര്‍ ‘കാര്‍ഷിക സമരം’ എന്നും വിശേഷിപ്പ സംഭവം ഒന്നുതന്നെയായിരുന്നു. ഇന്ത്യയില്‍ സ്വാതന്ത്ര്യസമരം ശക്തിപ്രാപിച്ച കാലത്തായിരുന്നു. ഇത് സംബന്ധിച്ച അന്ന് എഴുതിയ ചരിത്രപുസ്തകങ്ങളും പില്‍ക്കാലത്തുവന്ന വ്യാഖ്യാനങ്ങളും ചരിത്ര വസ്തുതകളും പറയുന്നത് വ്യത്യസ്ത കാര്യങ്ങളാണ്. എന്നാല്‍, അങ്ങനെയൊന്ന് സംഭവിച്ചുവെന്നത് വാസ്തവമാണ്. ഒരു വിഭാഗം കൂട്ടക്കൊലചെയ്യപ്പെട്ടതും കൊള്ളയടിക്കപ്പെട്ടതും പലായനം ചെയ്തതും ചരിത്ര രേഖകളിലുണ്ട്. അതിന് കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി ഇ.എം. ശങ്കരന് നമ്പൂതിരിപ്പാടിന്റെ കുടുംബത്തിന് അനുഭവപ്പെട്ട ജീവിതാനുഭവംതന്നെ തെളിവ്. പെരിന്തല്‍മണ്ണയ്ക്കടുത്ത സ്വന്തം നമ്പൂതിരിമനയില്നിന്ന് അവര്‍ക്ക് പലായനം ചെയ്യേണ്ടിവന്നത് അദ്ദേഹംതന്നെ രേഖപ്പെടുത്തിയ ചരിത്രമാണ്.
പക്ഷേ, അന്നുനടന്ന പല കൂട്ടക്കൊലകളും ബലാല്‍ക്കാരങ്ങളും കൊള്ളകളും അതിന് നേതൃത്വം കൊടുത്തവരുടെ പേരുകളും അവരുടെ ചെയ്തികളും സംബന്ധിച്ച ഭിന്നാഭിപ്രായങ്ങളുണ്ട്. അതെല്ലാം അസത്യമാണെന്നല്ല, അതിന്റെ സൂക്ഷ്മാംശങ്ങളില്‍ തര്‍ക്കമുണ്ട്. അതിനാല്‍ത്തന്നെ ആ വിഷയം നിയമസഭയില്‍ വരാന്‍ നിയന്ത്രണങ്ങള്‍ വേണമെന്നത് വാസ്തവമാണ്. അതുകൊണ്ടാവണമല്ലോ, 1921 ന്റെ നൂറാം വര്‍ഷത്തില്‍ ആ വിഷയം സഭ പ്രത്യേകമായി ചര്‍ച്ച ചെയ്യാഞ്ഞതും. പക്ഷേ ആ തര്‍ക്ക വിഷയമാണ് സ്വാതന്ത്ര്യത്തിന്റെ 75 ാം വര്‍ഷം ചേര്‍ന്ന പ്രത്യേക സമ്മേളനത്തിന്റെ തുടക്കപ്രസംഗത്തില് അവതരിപ്പിച്ചത്. അതിന് സ്പീക്കറെ തടയാന്‍ ആരുമുണ്ടായില്ല, അത് സഭാ രേഖകളില്‍നിന്ന് നീക്കാന്‍ ആര്‍ക്കും വേറേ അധികാരവുമില്ല. പ്രതിപക്ഷകക്ഷികള്‍ പോലും മിണ്ടാതിരുന്നുകളഞ്ഞു. അവര്‍ക്കും പലതരത്തിലുള്ള കെട്ടുപാടകളുണ്ട്, അത് സത്യത്തോടും ചരിത്രത്തോടുമല്ല എന്നുമാത്രം!
സ്പീക്കറുടെ രാഷ്ട്രീയമാണ് ആ പ്രസംഗത്തില്‍ പുറത്തുവന്നത്. സ്പീക്കര്‍മാര്‍, പദവിപ്പേര് അങ്ങനെയാണെങ്കിലും ‘സഭയില്‍ മിണ്ടരുതാത്തവര്’ എന്നാണ് സങ്കല്‍പ്പം. പക്ഷേ, സ്പീക്കര്‍ സംസാരിക്കേണ്ടിവരും. ‘പറയേണ്ടത്, പറയേണ്ടസമയത്ത്, പറയേണ്ടതുപോലെ’ പറയേണ്ടിവരും. ഈ വിഷയത്തില്‍, മാപ്പിളക്കലാപത്തെ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാക്കുകയും ചരിത്രം അതിലെ പ്രതിനായക സ്ഥാനത്ത് നിര്‍ത്തിയിരിക്കുന്ന വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ സ്വാതന്ത്ര്യസമര നായകനായി പരാമര്‍ശിക്കുകയും ചെയ്തത് സ്പീക്കറുടെ ഭാഗത്തുനിന്നുണ്ടായ ചട്ടപ്രകാരമല്ലാത്ത നടപടിയായി എന്ന് പരക്കെ പറച്ചിലുണ്ട്. അത് ശരിയാണുതാനും. പണ്ഡിതരും ഗവേഷകരും പലവട്ടം ചര്‍ച്ചചെയ്ത്, വാദിച്ച്, തള്ളിക്കളഞ്ഞ ഒരു കാഴ്ചപ്പാടാണ്, അത് തര്‍ക്കവിഷയമായിരിക്കെ സ്പീക്കര്‍ അവതരിപ്പിച്ചത്. അത് മുമ്പ്, സഭയ്ക്കുപുറത്ത് സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ യോഗത്തില്‍ സ്പീക്കര്‍ പൊതുവേദിയില്‍ അഭിപ്രായപ്പെട്ടപ്പോള്‍- വാരിയംകുന്നനും ഭഗത് സിങ്ങും സമാനരാണെന്ന്- ചോദ്യം ചെയ്യപ്പെടുകയും അദ്ദേഹംതന്നെ തിരുത്തിപ്പറയുകയും ചെയ്ത വിഷയമാണ്. ”ഖിലാഫത്ത് സമരം വഴിപിഴച്ച് ചിലപ്പോഴെങ്കിലും വര്‍ഗീയമായി മാറിയ സംഭവം ഉണ്ടായിട്ടു”ണ്ടെന്നും സ്പീക്കര്‍ സമ്മതിച്ചതാണ്. അപ്പോള്‍ ആ തര്‍ക്കവിഷയം സഭയില്‍ ഉയര്‍ത്താന്‍ സ്പീക്കര്‍തന്നെ തുനിഞ്ഞതാണ് അപകടമായത്. സ്പീക്കറെ സഭയില്‍ ആര് തിരുത്തും? ആര് രേഖയില്‍നിന്ന് നീക്കും? അതാണ് ഗുരുതരമായ വിഷയം.
മാപ്പിളക്കലാപത്തെ, കയ്യൂര്‍ സമരത്തെ, പുന്നപ്ര-വയലാര്‍ സമരത്തെ എല്ലാം സ്വാതന്ത്ര്യ സമരമായി പറഞ്ഞപ്പോള്‍ ധീര ദേശാഭിമാനി വേലൂത്തമ്പി ദളവയുടെ കുണ്ടറ സമരത്തെക്കുറിച്ച് സ്പീക്കര്‍ മിണ്ടിയില്ല. വാരിയംകുന്നനെക്കുറിച്ച് പറഞ്ഞു, പക്ഷേ കേരളഗാന്ധി കെ. കേളപ്പനെ അനുസ്മരിച്ചില്ല. അങ്ങനെ നിരത്തിയാല്‍ സ്പീക്കര്‍ അനുസ്മരിക്കേണ്ടിയിരുന്ന, പരാമര്‍ശിക്കാത്ത എത്രയെത്ര. അവിടെയാണ് ആ പ്രസംഗത്തിലെ അപകടം ഒളിഞ്ഞിരിക്കുന്നത്. അറിഞ്ഞോ അറിയാതെയോ സ്പീക്കര്‍ നടത്തിയ പ്രസംഗ പരാമര്‍ശങ്ങള്‍ വിമര്‍ശന വിധേയമാകുന്നത്.
ഞാന്‍ രാഷ്ട്രീയം പറയുന്ന സ്പീക്കറായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ശരിയാണ്, സ്പീക്കര്ക്കൊഴികെ മറ്റെല്ലാവര്‍ക്കും നിയമസഭയിലും പുറത്തും രാഷ്ട്രീയം പറയാം. സ്പീക്കറും തെരഞ്ഞെടുപ്പില്‍ മത്സരിച്ച് സഭാംഗമായാലേ രാഷ്ട്രീയത്തില്‍ തുടരാനാവൂ. മുമ്പൊരിക്കല്‍, കാല്‍നൂറ്റാണ്ടിന് മുമ്പ്, ഈ വിഷയം ദേശീയതലത്തില്‍ ചര്‍ച്ചയായതാണ്. ലോക്സഭയില്‍ ഡെപ്യൂട്ടി സ്പീക്കറായിരിക്കെ ബിജെപിയില്‍നിന്നുള്ള അംഗം സൂരജ് ഭാന്‍ ആണെന്ന് ഓര്‍മ്മ, ഈ വിഷയം ഉയര്‍ത്തി. അന്ന് അടല്‍ ബിഹാരി വാജ്പേയി ഒരു നിര്‍ദ്ദേശം വെച്ചു, സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറുമായിരിക്കുന്നവര് അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുവെങ്കില്‍ അവര്‍ക്ക് എതിര് സ്ഥാനാര്‍ത്ഥി ഉണ്ടാവരുത്. അപ്പോള്‍ അവര്‍ക്ക് രാഷ്ട്രീയ പ്രവര്‍ത്തനമില്ലെങ്കിലും പ്രശ്നമുണ്ടാവില്ല. പക്ഷേ, അത് സ്വീകരിക്കപ്പെട്ടില്ല. അത് കക്ഷിരാഷ്ട്രീയ മത്സരത്തില്‍ അധികാരം പിടിക്കാനുള്ള പോരാട്ടത്തില്‍ സര്‍വര്‍ക്കും സമ്മതമായേക്കില്ല.
സ്പീക്കറുടെ പ്രസംഗം രാഷ്ട്രീയത്തിനപ്പുറം മതപരമായ ധ്രുവീകരണത്തിന് വഴിവെക്കാനിടയാക്കാതിരിക്കട്ടെ, അദ്ദേഹം അങ്ങനെ ഉദ്ദേശിച്ചിട്ടില്ലെങ്കില്പ്പോലും, അതിനിടയാക്കിയാല്‍ അപകടമാണ്. അവിടെയാണ് ഇത്തരം വിവാദ വിഷയങ്ങള്‍ ഭരണഘടനാപരമായ വേദികളില്‍ ആ പദവിയില്‍ ഇരിക്കുന്നവര്‍ തൊടാതെ മാറ്റി നിര്‍ത്തേണ്ടതിന്റെ ആവശ്യകത, മാന്യത.
പിന്കുറിപ്പ്:
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒരു രീതി എക്കാലത്തും അങ്ങനെയാണ്. അവര്‍ പ്രതിസ്ഥാനത്തായ ഒരു വിവാദത്തെ മറ്റൊരു വിവാദംകൊണ്ട് മൂടാന്‍ ശ്രമിക്കും. അങ്ങനെ പ്രതിദിനം പുതിയ പുതിയ വിവാദങ്ങള്‍ സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കും. ഒന്നും അവസാനിക്കില്ല. പക്ഷേ കുന്നുകൂടുമ്പോള്‍ ഇത് നിത്യജീവിതത്തിന്റെഭാഗമെന്ന് സാധാരണക്കാര്‍ ഗൗനിക്കാതെവിടുമെന്നാണ് പ്രതീക്ഷ. ചില കാര്യങ്ങളില്‍ അങ്ങനെ സംഭവിക്കുകയും ചെയ്യാം. പക്ഷേ, താല്‍ക്കാലിക രാഷ്ട്രീയ നേട്ടങ്ങള്‍ക്കുള്ള സഹായകമെങ്കിലും അത് തകര്‍ക്കുന്നത് വിശ്വാസവും സംവിധാനവുമാണ്. അതുപക്ഷേ, സംഘര്‍ഷമാണ് സമൂഹ നിലനില്‍പ്പിനാധാരം എന്ന തത്ത്വചിന്തക്കാര്ക്ക് വിഷയമേയല്ലല്ലോ; സര്‍വനാശംതന്നെ സംഭവിച്ചാലും!
പ്രതികരിക്കാൻ ഇവിടെ എഴുതുക: