‘കോണ്‍ഗ്രസിന്റെ അവസാനത്തിന്റെ ആരംഭ’മാണ് ഗുലാം നബി ആസാദിന്റെ രാജിയെന്ന പഞ്ചാബ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ കൂടിയായ സുനില്‍ ജാഖറിന്റെ പ്രസ്താവന കോണ്‍ഗ്രസ് നേതൃത്വത്തിനുള്ള മുന്നറിയിപ്പാണ്. മുതിര്‍ന്ന നേതാക്കള്‍ ഓരോരുത്തരായി നെഹ്റു കുടുംബത്തെ പഴിച്ച് പടിയിറങ്ങിയപ്പോഴും കയ്യിലുണ്ടായിരുന്ന കേന്ദ്രഭരണവും സംസ്ഥാനങ്ങളിലെ ഭരണവും കൈവിട്ടപ്പോഴും കോണ്‍ഗ്രസ് പഠിക്കാത്ത പാഠം ഇനി പഠിക്കുമെന്ന് പ്രതീക്ഷിക്കാന്‍ പോലും പറ്റാത്ത ദൂരത്താണ് കോണ്‍ഗ്രസ് ഉള്ളതെന്ന് ഗുലാം നബി ആസാദിന്റെ മുന്‍ സഹപ്രവര്ത്തകന് കൂടിയായ സുനില്‍ ജാഖര്‍ ചൂണ്ടിക്കാണിക്കുന്നു.
രാഹുല്‍ഗാന്ധിയുടെ ഇന്ത്യായാത്രയും പാര്‍ട്ടി അധ്യക്ഷ തെരഞ്ഞെടുപ്പും അടുത്തിരിക്കുന്ന ഘട്ടത്തില്‍ മുതിര്‍ന്ന നേതാവ് ഗുലാംനബി ആസാദിന്റെ രാജി പാര്‍ട്ടിക്കുള്ളിലെ അതൃപ്തി കൂടുതല്‍ വെളിവാക്കുകയാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിനുശേഷം കോണ്‍ഗ്രസിനകത്ത് രൂപം കൊണ്ട തിരുത്തല്‍ ശബ്ദത്തെ കരുത്തോടെ മുന്നോട്ടു നയിച്ച നേതാവാണ് ഗുലാംനബി. നേതൃമാറ്റമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി അധ്യക്ഷ സോണിയാഗാന്ധിക്ക് കത്തെഴുതിയപ്പോള്‍ ഞങ്ങള്‍ കോണ്‍ ഗ്രസിന് പുറത്തേക്കില്ലെന്നാണ് ജി 23ല്‍ പെട്ട ഗുലാംനബി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ വ്യക്തമാക്കിയത്. എന്നാല്‍ കാര്യങ്ങള്‍ നേരെയാകില്ലെന്ന വിശ്വാസത്തില്‍ മറ്റ് നേതാക്കളും അധികം വൈകാതെ പാര്‍ട്ടി വിടുമെന്ന സൂചനയും ഈ രാജിക്ക് പിന്നിലുണ്ട്.
നേതാക്കള്‍ ഒരോരുത്തരായി എന്തുകൊണ്ടാണ് പാര്‍ട്ടി വിടുന്നതെന്ന് ആത്മപരിശോധന നടത്താന്‍ പോലും കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകുന്നില്ല. പാര്‍ട്ടിക്കുള്ളിലെ ബലഹീനതകള്‍ അന്വേഷിച്ച് അതിന് പരിഹാരം കണ്ടെത്തുന്നതിനുപകരം പാര്‍ട്ടിവിടുന്നവര്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുകയും പാര്‍ട്ടിയെ വഞ്ചിച്ചുവെന്ന് ആരോപിക്കുകയുമാണ് നേതൃത്വം ചെയ്യുന്നത്. മുതിര്‍ന്നവരും അനുഭവപരിചയമുള്ളവരുമായ ഒരു വിഭാഗം നേതാക്കളെയെല്ലാം സ്വന്തം വശത്താക്കുന്ന രാഹുല്‍ അല്ലാത്തവരെ വെട്ടിയൊതുക്കുകയാണെന്ന ആരോപണമാണ് പുറത്തുപോയ നേതാക്കളെല്ലാം ഒരുപോലെ ഉന്നയിച്ചത്.
ഓരോ നേതാക്കളും രാജിക്കത്തയക്കുന്നത് സോണിയാഗാന്ധിക്കാണെങ്കിലും അതിലെ ഓരോ വാക്കുകളും കൊള്ളുന്നത് രാഹുലിനും രാഹുല്‍ പക്ഷത്തെ നേതാക്കള്‍ക്കുമാണ്. സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ മുതല്‍ രാഹുലിന്റെ മുന്‍ സുരക്ഷാ ഉദ്യോഗസ്ഥന് വരെയുള്ളവര്‍ക്കുനേരെയും ചോദ്യശരങ്ങളാണ് ഓരോ കത്തിലും ഉയരുന്നത്. രാഹുലിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന കോട്ടയം കൂരോപ്പട സ്വദേശി കെ.ബി. ബൈജുവിലേക്കാണ് ഗുലാംനബിയുടെ കത്തിലെ ആരോപണം ചെന്നെത്തുന്നത് എന്നാണ് മാധ്യമ വാര്‍ത്തകള്‍. എസ്പിജി ഉദ്യോഗസ്ഥനായിരുന്ന കെ.ബി. ബൈജു 2007ല്‍ ജോലി രാജിവെച്ച് രാഹുലിനൊപ്പം ചേരുകയായിരുന്നു.
രാജ്യസഭാ പ്രതിപക്ഷ നേതാവായിരുന്ന ഗുലാം നബിയും പ്രതിപക്ഷ ഉപനേതാവായിരുന്ന ആനന്ദ്ശര്‍മയും പാര്‍ട്ടി നേതൃത്വത്തിന്റെ അതൃപ്തിക്ക് പാത്രമായവരാണെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. എന്നാല്‍ എംപി സ്ഥാനം കൂടി നിഷേധിക്കപ്പെട്ടതോടെ പിന്നെ ഇരുവര്‍ക്കും ഒന്നും നഷ്ടപ്പെടാനില്ലെന്ന അവസ്ഥയായി.
കഴിഞ്ഞ കുറച്ചുവര്‍ഷങ്ങള്‍ക്കിടെ കോണ്‍ഗ്രസ് വിട്ടുപോകുന്നവരുടെ ചങ്ങലയിലെ ഏറ്റവും അവസാനത്തെ കണ്ണിയാണ് ഗുലാം നബിആസാദ്. ആ കണ്ണി ഇനിയും അനുസ്യൂതം തുടരുമെന്നാണ് ആസാദിന്റെ രാജിക്കത്ത് സൂചിപ്പിക്കുന്നത്. രാജ്യ തലസ്ഥാനത്ത് നിന്ന് കശ്മീരിലേക്ക് മടങ്ങുകയാണെന്നും പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന പ്രഖ്യാപനവും ഗുലാംനബി ആസാദ് നടത്തിക്കഴിഞ്ഞു. കശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞശേഷമുള്ള ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിന് കശ്മീര്‍ സാക്ഷ്യം വഹിക്കുമ്പോള്‍ പാര്‍ട്ടിയെ നയിക്കാന്‍ ചുമതലപ്പെടുത്തിയ നേതാവുതന്നെ പാര്‍ട്ടിയെ നേരിടാന്‍ പുതിയ പാര്‍ട്ടിയുമായി രംഗത്ത് എത്തുകയാണെന്ന വലിയ വെല്ലുവിളിയാണ് കോണ്‍ഗ്രസിന് നേരിടാനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: