ഇറക്കത്ത് രാധാകൃഷ്ണന്
സനാതന ധര്മത്തിന് കീര്‍ത്തി നേടിയ പുണ്യഭൂമിയാണ് ഭാരതം. സമസ്തലോകരും സൗഖ്യത്തോടെ കഴിയണമെന്ന് ആഗ്രഹിച്ചിരുന്ന ധര്‍മരാജ്യം. ധര്‍മത്തിനായിരുന്നു സര്‍വത്ര പ്രസക്തി, രാജ്യത്തില്‍ അധര്‍മികളുടെ സംഖ്യക്രമാതീതമാകുമ്പോള് ധര്‍മ്മത്തെ രക്ഷിക്കുന്നതിനായാണ് ഭഗവാന് അവതാരങ്ങള്‍ കൈക്കൊണ്ടിട്ടുള്ളത്. ധര്മതത്വ സംരക്ഷണമാണ് നാടിന്റെ ഐശ്വര്യമെന്ന് പൂര്‍വികര്‍ വിശ്വസിച്ചിരുന്നു. രാജാക്കന്മാരും ഭരണാധികാരികളും സത്യത്തിനും ധര്‍മത്തിനും പ്രാധാന്യം നല്‍കിയാണ് പ്രജകളെ പരിപാലിച്ചു പോന്നത്. നമ്മുടെ ഇതിഹാസ ഗ്രന്ഥമായ മഹാഭാരതം മുറുകെ പിടിക്കുന്ന തത്ത്വം യതോ ധര്‍മ സ്തതോ ജയ എന്നതാണ്. രാമായണം സത്യത്തിനും ധര്‍മത്തിനും നീതിക്കും മുന്‍തൂക്കം നല്കി ഈശ്വരവിശ്വാസത്തോടെ ജീവിക്കുവാനാണ് ഉപദേശം നല്‍കിയിരുന്നത്.
ജനങ്ങള്‍ സദാചാരപരമായ ജീവിതം നയിക്കുവാനാണ് ഗുരുവര്യന്മാരും ശ്രദ്ധിച്ചിരുന്നത്. വിദ്യാഭ്യാസത്തിന്റെ കാതലായ ലക്ഷ്യം മനസ്സിലാക്കിയവരായിരുന്നു ഗുരുക്കന്മാര്. ഭരണാധികാരികളും എല്ലാ വിഭാഗം ജനങ്ങളും ഗുരുവിനെ ബഹുമാനിക്കുകയും അര്‍ഹമായ സ്ഥാനങ്ങള്‍ നല്കി ആദരിക്കുകയും ചെയ്തിരുന്നു. ഗുരു ബ്രഹ്മമാണെന്ന് കണ്ടെത്തിയിരുന്നു. രാജധര്‍മത്തില്‍ ഗുരുവിന്റെ സ്ഥാനം ഉയര്‍ന്നതായിരുന്നു. ജാതിമതഗോത്രവിഭാഗക്കാരും ഗുണത്രയവിഭാഗക്കാരും ധര്‍മത്തെ മാനിച്ചിരുന്നു. ധര്‍മമായിരുന്നു എവിടെയും ഉയര്‍ന്ന് നിന്നിരുന്നത്. ഭഗവാന് ശ്രീകൃഷ്ണന് ക്ഷത്രീയ ധര്‍മം പാലിക്കണമെന്നാണ് അര്‍ജുനനെ ഉപദേശിച്ചത്.
യാഗാദികര്‍മ്മങ്ങളിലും അനുഷ്ഠാനമായ പൂജാവിധാനങ്ങളിലും ധര്‍മമായിരുന്നു മുമ്പില്‍ നിന്നിരുന്നത്. ദ്രവ്യദാനം, ഗോദാനം, അന്നദാനം, വസ്ത്രദാനം, സ്വര്‍ണദാനം തുടങ്ങി വിലപിടിപ്പുള്ള ദാനം ഒരു ധര്‍മമായി കരുതി ആചരിച്ചിരുന്നു. പരദ്രോഹം നിന്ദ്യമായി കണ്ടിരുന്നു. മാതൃധര്‍മം, പിതൃധര്‍മം, രാജധര്‍മം, പുത്രധര്‍മം, ഭര്‍ത്തൃധര്‍മം, ശിഷ്യധര്‍മം, ഗുരുധര്‍മം, പ്രജാധര്‍മം, വര്‍ണധര്‍മം തുടങ്ങി വിവിധകാര്യങ്ങളില്‍ അധര്‍മം വന്നു ചേരാതിരിക്കാന്‍ ജാഗ്രത പാലിച്ചിരുന്നു.
ത്രികാലജ്ഞരായ ഋഷീശ്വരന്മാര് ധര്‍മശാസ്ത്രം നിര്‍മ്മിച്ച് ധര്‍മത്തിന്റെ പ്രാധാന്യം പ്രചരിപ്പിക്കാനും നടപ്പിലാക്കാനും ആവോളം പ്രയത്നിച്ചിരുന്നു. പ്രതിഫലം ആരും ആഗ്രഹിച്ചിരുന്നില്ല. നിസ്വാര്‍ത്ഥരായി ജീവിച്ചിരുന്നു. ഋഷി പത്നിയെ സ്വന്തം മാതാവായി കണ്ടിരുന്നു. കുടുംബമായി താപസന്മാര്‍ക്ക് താമസിക്കാന്‍ ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ ശ്രദ്ധിച്ചിരുന്നു. താപസന്മാര് ലൗകികകാര്യങ്ങള്‍ക്ക് അമിത പ്രാധാന്യം നല്‍കിയിരുന്നില്ല. വിദ്യയ്ക്കും ബോധത്തിനും വിജ്ഞാനത്തിനും കര്‍മ്മത്തിനും പ്രഥമസ്ഥാനം നല്‍കിയിരുന്നു. പുരാണകൃതികളിലെല്ലാം ഋഷീശ്വരന്മാര് ധര്‍മത്തെ മുറുകെ പിടിച്ചിരുന്നു. ധര്മത്തിന് അവര്‍ നിര്‍വചനവും നല്‍കിയിരുന്നു.
യതോƒഭ്യുദയനിഃ ശ്രേയസ സിദ്ധിഃ സ ധര്‍മ്മഃ (യാതൊന്നു കൊണ്ട് മനുഷ്യന് ഐഹിക ശ്രേയസ്സും പരലൗലിക ശ്രേയസ്സും മോക്ഷവും കിട്ടുമോ അത് ധര്‍മ്മം) എന്ന് നിര്‍വചനം.
സനാതന ധര്‍മതത്വങ്ങളെ വേദങ്ങള്‍ ഉപദേശിക്കുന്നു. ധര്‍മ മതത്വങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു. ആചാര്യന്മാര് ജീവിച്ചിരുന്നത്. എവിടെയും ധര്‍മമായിരുന്നു മുഖ്യമായും ശോഭിച്ചിരുന്നത്. അതിനാല്‍ ഭാരതീയരുടെ ധര്‍മം സനാതന ധര്‍മമായി അറിയപ്പെട്ടു. വംശം നിലനില്ക്കുന്നതും ധര്‍മത്തെ അനുസരിച്ചായിരുന്നു. ലൗകിക ജീവിതം അതിരുവിട്ടിരുന്നില്ല. മഹര്‍ഷിമാര്‍ രാജകുമാരിമാരെ പരിഗ്രഹിച്ചിരുന്നെങ്കിലും അതിരുവിട്ട ലൗകികം അവരാരും പാലിച്ചിരുന്നില്ല. ഋഷി പത്നിമാരും വിദ്യാസമ്പന്നരായിരുന്നു. സന്താനലബ്ധിയെ മഹാധനമായി അവര്‍ കണ്ടിരുന്നു. കര്ദ്ദമ മഹര്‍ഷി രാജകുമാരിയായ ദേവഹൂതിയെ ഭാര്യയാക്കുന്ന സമയത്ത് എന്നില്നിന്നവള്ക്ക് ഒരു പുത്രന് ജനിച്ചാല്‍ പിന്നെ ആശ്രമധര്‍മം പാലിക്കാനായി ഗൃഹം വിട്ടു പോകുമെന്ന് രാജാവിനോട് പറഞ്ഞിരുന്നു. ദേവഹൂതി അതിനോട് യോജിച്ചു. സ്വന്തം ശരീരം പോലും നോക്കാതെ ഭര്‍ത്താവിന്റെ കര്‍മങ്ങള്‍ പരിപാലിച്ച ദേവഹൂതിയോട് കര്ദ്ദമന് അതിയായ സ്നേഹം മൂലം അവള്‍ക്ക് ദിവ്യ ദൃഷ്ടി വരം നല്കി അനുഗ്രഹിച്ചപ്പോള്‍ ദേവഹൂതി പറഞ്ഞത് സാധ്വികള്‍ക്ക് പുത്രലാഭമാണ് ഉത്കൃഷ്ടം എന്നാണ്. അത് സാധിച്ചു കൊടുക്കുവാന്‍ കര്ദ്ദമന് സമാധി സ്വീകരിച്ച് വിമാനം വരുത്തി പട്ടുതുണികളും മാലകളും പീഠവും ശയ്യയും തീര്‍ത്ത് പവിത്രം, വജ്രം, മരതകം എന്നിവ പതിപ്പിച്ച് കുളിച്ച് ശുദ്ധയായി വന്ന ഭാര്യയെ അത്ഭുതകരമായ ഭൂഗോള സൗന്ദര്യം കാണിച്ച് സന്തോഷിപ്പിച്ചു. ഒമ്പത് കന്യകകള്‍ക്ക് ദേവഹൂതി ജന്മം നല്കി. പുത്രന് വേണമെന്ന ദേവഹൂതിയുടെ ആഗ്രഹം മാനിച്ച് യമനിയമാദികളും യാഗവും മുടങ്ങാതെ അനുഷ്ഠിച്ച് കര്ദ്ദമ വീര്യത്തില്‍ നിന്ന് സാക്ഷാല്‍ ഭഗവാന് വിഷ്ണു തന്നെ കപിലനായി അവതരിച്ചു.
ഋഷ്യശൃംഗന്റെ പുത്ര കാമേഷ്ടിയില് നിന്നാണ് ദശഥരന് നാല് ദിവ്യപുത്രന്മാര് ജനിച്ചത്. വേദവ്യാസന് ജനിച്ചതും വ്യാസന് ശുക ബ്രഹ്മര്‍ഷിക്ക് ജന്മം നല്കിയതും പുത്രധര്‍മം അനുസരിച്ചാണ്. മൈത്രാ വരുണന്മാരുടെ രേതസ്സില്‍ നിന്നാണ് കുംഭസംഭവനായ അഗസ്ത്യ മുനിയുടെ ജനനം. ഭരദ്വാജ മഹര്‍ഷിയുടെ രേതസ്സാണ് ദ്രോണരുടെ ജനനത്തിന് കാരണം. കുന്തിദേവിക്ക് ലഭിച്ച വരത്തില് നിന്നാണ് ഉത്തമരായ ദേവന്മാരില് നിന്ന് പഞ്ചപാണ്ഡവര്‍ ജന്മം കൊണ്ടത്. പാര്‍വതീദേവി പ്രസവിച്ചതല്ല സുബ്രഹ്മണ്യന്. മഹാദേവ വീര്യമാണ് സുബ്രഹ്മണ്യന് ജന്മം നല്‍കിയത്. ഹനുമാന്റെ ജന്മവും മഹാദേവ ബീജമാണ്. അഞ്ജന വാനര സ്ത്രീയായി സന്താനത്തിന് വേണ്ടി തപസ്സ് ചെയ്യുകയായിരുന്നു. വായുഭഗവാന്റെ സഹായത്താല്‍ അഞ്ജനയില്‍ എത്തിച്ച് ഹനുമാന് ജന്മം നല്കി. ചുമന്ന ഫലം കാണുന്നെങ്കില്‍ അതു ഭക്ഷിക്കുവാന്‍ മകനോട് പറഞ്ഞുകൊണ്ട് അഞ്ജന ശാപമോക്ഷം തീര്‍ന്ന് ദേവസ്ത്രീയായി മടങ്ങിപ്പോയി (പുഞ്ജികസ്ഥല) വായുഭഗവാനും കേസരിയുടെയും മകനായി ഹനുമാന് അറിയപ്പെട്ടു. ഹിരണ്യകശുപുവിന്റെ ഭാര്യയായ കയാധുവിനെ ദേവേന്ദ്രന് പിടിച്ചു കൊണ്ടുപോയി. നാരദന് രക്ഷിച്ച് കുറെക്കാലം നാരദനോടൊപ്പം പൂജാദികള്‍ നടത്തി കഴിഞ്ഞു. നാരദന് കയാധുവിന് ധര്മനീതികളും ആത്മതത്വങ്ങളും വേദതത്വങ്ങളും പറഞ്ഞു കൊടുത്തു പ്രഹ്ലാദന് ദേവകിയുടെ ഏഴാമത്തെ ഗര്‍ഭം മായാദേവിയുടെ സഹായത്താല്‍ വസുദേവരുടെ ഭാര്യയായ രോഹിണിയില്‍ എത്തിച്ചാണ് ബലരാമന് ജന്മമെടുക്കുന്നത്. ഇതുമായി ബന്ധപ്പെട്ട അനവധി പുരാണകഥകള്‍ ഉണ്ട്. എവിടെയും പുത്രധര്‍മം മഹാധനമായി കണ്ടിരുന്നു.
മനസ്സും ശരീരവും നിര്മലമായിരിക്കുമ്പോഴാണ് ഗര്‍ഭധാരണം നടത്തേണ്ടതെന്ന് ആചാര്യന്മാര് വിധിച്ചിരുന്നു. ബ്രഹ്മചര്യാശ്രമത്തിനുശേഷമായിരിക്കണം. ഇതിനായി ശ്രമിക്കേണ്ടത്. കൈകസി തെറ്റായ സമയത്ത് സന്ധ്യാസമയത്ത് പ്രാര്‍ത്ഥനയില്‍ മുഴുകിയ വിശ്രവസ്സിനെ നിര്‍ബന്ധിപ്പിച്ചാണ് രാവണന് ജന്മം നല്‍കിയത്. ജനനസമയവും ഉചിതമായി കണ്ടിരുന്നു. അമാവസി, പൗര്‍ണമി ദിനങ്ങള്‍, ഋതുകാലം എന്നിവ വര്‍ജിക്കണമെന്ന് വിധിച്ചിരുന്നു. ആധുനിക ശാസ്ത്രവും ഇത് ശരിവയ്ക്കുന്നു. ദുഷ്ചിന്തകളോ, ദുര്‍വിചാരങ്ങളോ ഇല്ലാതെ വേണം ദമ്പതിമാര്‍ ഒരുമിക്കേണ്ടതെന്ന് ശാസ്ത്രം പറയുന്നു. സന്താനലബ്ധി പവിത്ര ധര്‍മമായി കണ്ടിരുന്നു. ധര്‍മത്തിനായിരുന്നു എവിടെയും പ്രസക്തി നല്‍കിയിരുന്നത്. കലിയുഗത്തില്‍ ധര്മത്തിന് ക്ഷീണമുണ്ടാകുമെന്നും എവിടെയും അധര്‍മം ശക്തി പ്രാപിക്കുമെന്നും പുരാണം നമുക്ക് നേരത്തെ തന്നെ അറിവ് നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: