ഷാജന് സി. മാത്യു
‘ജയേമ സം യുധി സ്പ്രധഃ’
ഋഗ്വേദം ഒന്നാം മണ്ഡലത്തിലെ ഒരു മന്ത്രഭാഗമാണ്. ‘എന്നോടു പോരിനു വരുന്നവരെ ഞാന്‍ കീഴടക്കും’ എന്നാണ് ഇതിന്റെ അര്‍ഥം. നമ്മുടെ രാജ്യം സ്വന്തമായി നിര്‍മിച്ച ആദ്യ വിമാനവാഹിനി കപ്പല്‍ വിക്രാന്തിന്റെ തലവാചകമാണിത്. ചൈനയും പാകിസ്ഥാനുമടക്കമുള്ള അയല്‍രാജ്യങ്ങളോടും, ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സ്വാധീനം ഉറപ്പിക്കണം എന്നാഗ്രഹിക്കുന്ന പാശ്ചാത്യ ശക്തികളോടുമുള്ള ഇന്ത്യയുടെ മുന്നറിയിപ്പാണ് വിക്രാന്തും ആ തലവാചകവും. വിക്രാന്ത് എന്നാല്‍ ധീരന്. സ്വന്തമായി വിമാനവാഹിനിക്കപ്പലുണ്ടാക്കി ലോകത്തിനുമുന്നില്‍ ശൗര്യം കാണിക്കാന്‍ രാജ്യത്തെ പ്രാപ്തമാക്കിയ ഈ പദ്ധതിക്കുപിന്നിലൊരു വീരനുണ്ട്. ഒരുവേള സ്വപ്നമെന്നു തോന്നിച്ച ഈ ആശയത്തെ യാഥാര്‍ഥ്യമാക്കിയ കൊച്ചിന് ഷിപ്പ് യാര്‍ഡിന്റെ സാരഥി, ചെയര്മാന് ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ മധു എസ്. നായര്‍.
2004ല്‍ ഡെന്മാര്ക്കിലെ ക്ലിപ്പര്‍ കമ്പനി കപ്പല്‍ നിര്‍മാണത്തിന് കരാര്‍ നല്‍കാനുള്ള ചര്‍ച്ച നടത്തുകയാണ്. അവര്‍ക്കു കൊച്ചിന് ഷിപ്പ് യാര്‍ഡില്‍ താത്പര്യം തോന്നി. ആറ് കപ്പലിന്റെ കോണ്‍ട്രാക്ട് ഷിപ്പ്യാര്‍ഡിനു നല്കാന് അവര്‍ തയാറായി. എന്നാല്‍ ഇത്രയും കപ്പല്‍ അവര്‍ നിര്‍ദേശിക്കുന്ന സമയത്തു തീര്‍ത്തുകൊടുക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസം കൊച്ചിന് ഷിപ്പ്യാര്ഡില്നിന്നു പോയ ടീമിനില്ലായിരുന്നു. അവരുടെ മുഖത്തുനോക്കി ക്ലിപ്പര്‍ കമ്പനി സിഇഒ സോറന് ഹാല്‍സ്റ്റെഡ് പറഞ്ഞു. ക വേശിസ ്യീൗ ഴൗ്യ െ റീിഭ േലെലാ ീേ വമ്ല വേല രീിളശറലിരല ംവശരവ ംല വമ്ല ശി ്യീൗ. (ഞങ്ങള്‍ക്ക് നിങ്ങളിലുള്ള വിശ്വാസം പോലും നിങ്ങള്‍ക്ക് നിങ്ങളില്‍ ഇല്ലല്ലോ) ഇതു കേട്ടപ്പോള്‍ സംഘത്തിലെ താരതമ്യേന ജൂണിയര്‍ ആയിരുന്ന സീനിയര്‍ മാനേജര്‍ പറഞ്ഞു. ഈ കരാര്‍ നമ്മള് ഏറ്റെടുക്കുന്നു. ആദ്യ ഷിപ്പ് നാല് മാസം വൈകിയാണ് തീര്‍ത്തുകൊടുത്തത്. പക്ഷേ, ആറാമത്തെ കപ്പല്‍ മൂന്നരമാസം നേരത്തെ നല്കി. ക്ലിപ്പര്‍ കമ്പനിയുടെ കപ്പല്‍ നല്ല രീതിയില്‍ തീര്‍ത്തുകൊടുത്തത് ആഗോള തലത്തില്‍ കൊച്ചിന് ഷിപ്പ് യാര്‍ഡിനു പേരുണ്ടാക്കി കൊടുത്തു. അന്നു ലോകത്തെ വലിയ സമ്പന്നനായിരുന്ന നോര്‍വീജിയിന്‍ ഷിപ്പിങ് കമ്പനി ഉടമ ജോണ്‍ ഫ്രെഡറിക്സണ് കൊച്ചിന് കപ്പല്‍ശാലയ്ക്ക് 12 കപ്പലിന്റെ ഓര്‍ഡര്‍ കൊടുത്തു. കൊച്ചിന് കപ്പല്‍ശാല ഇന്നെത്തി നില്ക്കുന്ന വിജയപര്‍വത്തിന്റെ തുടക്കം ഇവിടെനിന്നായിരുന്നു. 2004ല്‍ ക്ലിപ്പര്‍ കമ്പനിയുടെ ആറ് കപ്പലിന്റെ ഓര്‍ഡര്‍ ഏറ്റെടുക്കാന്‍ മുന്നോട്ടുവന്ന കപ്പല്‍ ശാലയിലെ ചെറുപ്പക്കാരനായ ആ സീനിയര്‍ മാനേജരുടെ പേര് മധു എസ്. നായര്‍ എന്നായിരുന്നു. 2016ല്‍ സിഎംഡി സ്ഥാനത്തെത്തിയ അദ്ദേഹം കഴിഞ്ഞ ആറ് വര്‍ഷംകൊണ്ട് കപ്പല്‍ശാലയെ ആഗോളതലത്തില്‍ ഇന്ത്യയുടെ അഭിമാനമാക്കി മാറ്റി. ലോകത്തെ അമ്പരപ്പിച്ചുകൊണ്ട് ഇന്ത്യ കൊച്ചിന് കപ്പല്‍ ശാലയില്‍ സ്വന്തമായി വിമാനവാഹിനി കപ്പല്‍ നിര്‍മിച്ചു.
മധു എസ്. നായര്‍ സംസാരിക്കുന്നു:
- വിക്രാന്തിന്റെ ഒട്ടേറെ വിശേഷങ്ങള്‍ സാഭിമാനം വിളംബരം ചെയ്യപ്പെടുന്ന ദിവസങ്ങളാണിത്. താങ്കളുടെ അഭിപ്രായത്തില്‍ ഒരിന്ത്യക്കാരന് വിക്രാന്തിന്റെ ഏതു സവിശേഷതയിലാണ് ഏറ്റവും ഊറ്റംകൊള്ളേണ്ടത്?
അതെ, വിക്രാന്തിന്റെ ഒട്ടേറെ പ്രത്യേകതകള്‍ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും നിറയുന്നുണ്ട്. പക്ഷേ, അവയിലൊന്നും കാര്യമായി പരാമര്‍ശിക്കാത്ത ഒരു പോയിന്റാണ് വിക്രാന്തിന്റെ ഏറ്റവും വലിയ സവിശേഷത. അത് വിക്രാന്ത് എന്ന വിമാനവാഹിനി യുദ്ധക്കപ്പല്‍ ഇന്ത്യ ഡിസൈന്‍ ചെയ്തു എന്നതാണ്. ഞാന്‍ എടുത്തു പറയുന്നു, ഇന്ത്യ നിര്‍മിച്ചു എന്നതിനേക്കാള്‍ പ്രധാനം ഇതു പൂര്‍ണമായി ഡിസൈന്‍ അഥവാ രൂപകല്പന ചെയ്തത് ഇന്ത്യയാണ് എന്നതാണ്. അവിടെയാണ് ഇന്ത്യ ലോകരാജ്യങ്ങളുടെ മുന്നില്‍ എത്തിയത്. ചൈനപോലും മറ്റൊരുതരം ഷിപ്പ് രൂപമാറ്റം വരുത്തിയാണ് വിമാനവാഹിനി ഉണ്ടാക്കിയത്. ഇന്ത്യയുടേതു തുടക്കം മുതല്‍ ഒടുക്കംവരെ പൂര്‍ണമായും ഒരു വിമാനവാഹിനിക്കപ്പലാണ്. രൂപകല്‍പ്പന നടത്തിയെന്നതും, ആ രൂപകല്പന പൂര്‍ണവിജയമായി എന്നതുമാണ് വിക്രാന്തിന്റെ ഏറ്റവും വലിയ സവിശേഷത. ലോക രാജ്യങ്ങള്‍ ആദരവോടെയും അമ്പരപ്പോടെയും വിക്രാന്തിനെ കാണുന്നത് ഇന്ത്യ ഇതു നിര്‍മിച്ചു എന്നതുകൊണ്ടല്ല, ഇന്ത്യ പൂര്‍ണമായി ഇതു ഡിസൈന്‍ ചെയ്തു നിര്‍മിച്ചു എന്നതുകൊണ്ടാണ്. അതാണ് ഇന്ത്യ കാണിച്ച അത്ഭുതം.
- ആരാണിതു ഡിസൈന്‍ ചെയ്തത്?
ദല്‍ഹി നാവികാസ്ഥാനത്തെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് നേവല്‍ ഡിസൈന്‍ ആണ് ഇതിന്റെ രൂപകല്‍പ്പന നിര്‍വഹിച്ചത്. ഇതു മാത്രമല്ല, നേവിയുടെ പല യുദ്ധക്കപ്പലുകളും ഇവരാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ലോകോത്തരമാണവ. വാര്‍ഷിപ് ഡിസൈന്‍ ബ്യൂറോ എന്നു പുനര്‍നാമകരണം ചെയ്തിട്ടുണ്ട് ഇപ്പോള്‍ ആ സ്ഥാപനത്തെ. ഇന്ത്യന്‍ കപ്പലുകള്‍ ഇന്ത്യയില്‍ത്തന്നെ ഡിസൈന്‍ ചെയ്യണം എന്ന ആശയവും പ്രവര്‍ത്തനവും ഇന്ത്യന്‍ നേവി തുടങ്ങിയിട്ട് 60 വര്‍ഷമായി. നമ്മുടെ രാജ്യത്തിന്റെ അഭിമാന സ്ഥാപനമാണിത്. അവരുടെഡിസൈന് അടിസ്ഥാനമാക്കിയുള്ള ഫങ്ഷനല്ഡിസൈനും ആര്‍ക്കിടെക്ചറുമാണ് കൊച്ചിന് കപ്പല്‍ശാല ചെയ്തത്. അവര്‍ 250 പേരും ഞങ്ങള്‍ 250 പേരും ചേര്‍ന്ന് 500 അംഗ ഡിസൈന്‍ എന്‍ജിനിയറിങ് ടീമാണ് വിക്രാന്തിന്റെ രൂപകല്പന എന്നു പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. രാജ്യത്തെ വിവിധ കപ്പല്‍ ശാലകളിലായി 42 പടക്കപ്പലുകള്‍ ഇപ്പോള്‍ പണിയുന്നുണ്ട്. ഇതെല്ലാം വാര്‍ഷിപ് ഡിസൈന്‍ ബ്യൂറോയുടെ സ്വന്തം ഡിസൈനാണ്. യുദ്ധയാനങ്ങളുടെ ഡിസൈനില്‍ ആര്‍മിക്കോ എയര്‍ഫോഴ്സിനോ എത്തിച്ചേരാനാവാത്ത ഉയരത്തിലാണ് ഇന്ന് ഇന്ത്യന്‍ നേവി.
- സ്റ്റീലിന്റെ കാര്യത്തില്‍ റഷ്യയുമായി ഉണ്ടായ പ്രതിസന്ധി ഇന്ത്യയ്ക്ക് ദീര്‍ഘകാലത്തേക്കു ഗുണമാവുകയല്ലേ ചെയ്തത്?
തീര്‍ച്ചയായും, വിമാനവാഹിനിയുടെ നിര്‍മാണത്തിലെ ഏറ്റവും ആവേശോജ്വലമായ ഏടാണത്. ലോകത്തെ ഏതു കാലാവസ്ഥയിലും ജോലി ചെയ്യാന്‍ ഉദ്ദേശിച്ചാണ് വിമാനവാഹിനിക്കപ്പലുകള്‍ നിര്‍മിക്കുന്നത്. മൂന്നോ നാലോ ആക്രമണങ്ങള്‍ നേരിടേണ്ടി വന്നാലും അതിന്റെ പ്രവര്‍ത്തനത്തിനു തടസ്സം നേരിടാന്‍ പാടില്ല. ആ മാനദണ്ഡത്തിലുള്ള നിര്‍മാണസാമഗ്രികളാണ് യുദ്ധക്കപ്പലുകളിലും വിശേഷിച്ച് വിമാനവാഹിനികളിലും ഉപയോഗിക്കേണ്ടത്. 2004ല്‍ ഇന്ത്യ ആദ്യ വിമാനവാഹിനി നിര്‍മിക്കാന്‍ ഉദ്ദേശിച്ചപ്പോള്‍ അതിനുവേണ്ട പ്രത്യേക സ്റ്റീല്‍ ഉത്പാദിപ്പിച്ചിരുന്ന രണ്ട് രാജ്യങ്ങളിലൊന്നായിരുന്നു റഷ്യ. അവരുമായാണ് കരാര്‍ വച്ചത്. ആദ്യലോഡ് സ്റ്റീല്‍ എത്തുകയും ചെയ്തു. എന്നാല്‍ പിന്നീട് അവര്‍ വില ക്രമാതീതമായി ഉയര്‍ത്തിയെന്നാണ് എന്റെ അറിവ്. എന്തായാലും കെഞ്ചാനൊന്നും ഇന്ത്യ തയാറായില്ല. ടഫ്നെസ് മൈനസ് 50 വേണ്ട സ്റ്റീലാണ് വേണ്ടിയിരുന്നത്. പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒയുടെ ഭാഗമായ മുംബൈയിലെ ഡിഫന്‍സ് മെറ്റലര്‍ജിക്കല്‍ റിസേര്‍ച്ച് ലാബ് അതൊരു വെല്ലുവിളിയായി ഏറ്റെടുത്തു. അവരും സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയും (സെയില്‍) ചേര്‍ന്ന് ആ സ്റ്റീല്‍ വികസിപ്പിച്ചെടുത്തു എന്നതാണ് രോമാഞ്ചജനകമായ വസ്തുത. അത് വെല്‍ഡ് ചെയ്യാന്‍ പ്രത്യേകതയുള്ള ഹൈഗ്രൈഡ് ഇലക്ട്രോഡുകള്‍ വേണമായിരുന്നു. ഇത് മിശ്രധാതു നിഗം ലിമിറ്റഡ്് (മിതാലി) എന്ന പൊതുമേഖലാ സ്ഥാപനവും വികസിപ്പിച്ചു. ഇത്് വെല്‍ഡ് ചെയ്യാന്‍ പ്രത്യേക പ്രോസീജേഴ്സ് വേണമായിരുന്നു. കൊച്ചിന് ഷിപ്പ് യാര്‍ഡ് അതിന് 34 വെല്‍ഡിങ് പ്രോസീജേഴ്സ് വികസിപ്പിച്ചെടുത്തു. അതില്‍ 500 വെല്‍ഡര്‍മാര്‍ക്ക് പരിശീലനവും നല്കി. ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത സ്റ്റീല്‍ സാങ്കേതിക വിദ്യ ഇന്തയിലെ സ്വകാര്യ സ്റ്റീല്‍ നിര്‍മാതാക്കള്‍ക്കും നല്കി. ഇന്ന് ഏതു പടക്കപ്പലും നിര്‍മിക്കാന്‍ വേണ്ടതരം സ്റ്റീല്‍ യഥേഷ്ടം ഉണ്ടാക്കാന്‍ ഇന്ത്യയ്ക്ക് കരുത്തുണ്ട്. രണ്ട് വര്‍ഷം നമ്മുടെ പദ്ധതി വൈകിയെങ്കിലും വലിയൊരു സാങ്കേതിമുന്നേറ്റവും സാങ്കേതിക സ്വാതന്ത്ര്യവും അതിലൂടെ നമ്മുടെ രാജ്യത്തിനു ലഭിച്ചു. റഷ്യന്‍ സഹായം ലഭിച്ചിരുന്ന കാലത്ത് നാം ഒരു മാസം 40 ടണ്‍ വരെ സ്റ്റീലാണ് വെല്‍ഡ് ചെയ്തിരുന്നതെങ്കില്‍ ഇന്നു കൊച്ചന് ഷിപ്പ്യാര്ഡില് മാത്രം മാസം 400 ടണ്‍ വെല്‍ഡ് ചെയ്യാനുള്ള കപ്പാസിറ്റിയുണ്ട്. അങ്ങനെ, സത്യത്തില്‍ ആ റഷ്യന്‍ പ്രതിസന്ധി രാജ്യത്തിനു വലിയൊരു മുതല്‍ക്കൂട്ടാവുകയായിരുന്നു.
- വിക്രാന്തില്‍ ഇനിയും സുപ്രധാനമായ പല ഉപകരണങ്ങളും ഘടിപ്പിക്കാന്‍ ബാക്കിയുണ്ട് എന്നൊരു വിമര്‍ശനം ചില മാധ്യമങ്ങളില്‍ കണ്ടല്ലോ?
ഞാനും ആ റിപ്പോര്‍ട്ട് വായിച്ചു. എന്നോട് ഒരു വാക്ക്് ചോദിക്കാതെയാണല്ലോ അത് എഴുതിയതെന്ന് ഞാന്‍ ആ ആളുകളോടു പറഞ്ഞു. അതില്‍ ചൂണ്ടിക്കാട്ടിയ എല്ലാ ഉപകരണങ്ങളും ഇതില്‍ ഘടിപ്പിച്ചു കഴിഞ്ഞു. അവ പ്രവര്‍ത്തിപ്പിച്ചു തുടങ്ങിയിട്ടില്ല എന്നേയുള്ളൂ. അത് കപ്പല്‍ കമ്മിഷന് ചെയ്തതിനുശേഷം നേവിയാണ് ചെയ്യേണ്ടത്. പിന്നെ ലോങ് റേഞ്ച് സര്‍ഫസ് ടു എയര്‍ മിസൈല്‍ (എല്‍ആര്‍ സാം), അതിന്റെ റഡാറായ എംഎഫ് സ്റ്റാര്‍ എന്നിവ ഘടിപ്പിക്കാനുണ്ട്. അതു രണ്ടും വിദേശത്തുനിന്നു കൊണ്ടുവന്നതാണ്. അതെത്തിക്കഴിഞ്ഞു. അതും കമ്മിഷന് ചെയ്തതിനുശേഷമേ നേവിക്ക് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയൂ. കാരണം ഒരു പടക്കപ്പലിലേ ആയുധങ്ങളും അതിന്റെ സാമഗ്രികളും ലോഡ് ചെയ്യാന്‍ കഴിയൂ. പ്രധാനമന്ത്രി ഇതു രണ്ടാം തിയതി രാജ്യത്തിനു സമര്‍പ്പിച്ചശേഷമേ ഇതൊരു നേവല്‍ ഷിപ്പ് അഥവാ ഐഎന്‍എസ് ആവുകയുള്ളൂ. അതിനുശേഷം ആയുധങ്ങള്‍ ലോഡ് ചെയ്യും.
- വിമാനവാഹിനിയില്‍ ഇതുവരെ വിമാനം ഇറക്കിയില്ലല്ലോ?
ഇല്ല. അതിനു കാരണവും മേല്‍പ്പറഞ്ഞതുതന്നെയാണ്. ഇപ്പോള്‍ ഹെലികോപ്റ്ററുകള്‍ ഇറക്കി പരീക്ഷിച്ചു. ഷിപ്പിന്റെ ഹാങ്കറില്‍ വിമാനങ്ങള്‍ ക്രെയിന്‍ വഴി എത്തിച്ചിട്ടുമുണ്ട്. അവ രണ്ട് ലിഫ്റ്റ് വഴി ഫ്ളൈറ്റ് ഡെക്കില്‍ എത്തിക്കുകയും ചെയ്തു.
പറക്കല്‍ എന്നതും ലാന്‍ഡിങ് എന്നതും നിര്‍വഹിച്ചിട്ടില്ല. അതും നേവല്‍ ഷിപ്പ് ആയതിനുശേഷമേ ചെയ്യാനാവൂ. പെട്ടെന്നു സാധിക്കുന്നതല്ല. ലോകത്തുതന്നെ ഏറ്റവും വൈദഗ്ധ്യം വേണ്ട കാര്യങ്ങളാണ്. അപകട സാധ്യത കൂടുതലുള്ള ഈ കാര്യം നിര്‍വഹിക്കുന്നത് ഏറ്റവും വൈദഗ്ധ്യമുള്ള പൈലറ്റ്മാരാണ്. ഒരു വലിയ ടീമിന്റെ പ്രവര്‍ത്തനത്തിന്റെ റിസല്റ്റാണത്. വിമാനവാഹിനി എന്നാല്‍ ഒറ്റ കപ്പലല്ല, അതിനു ചുറ്റും ചെറു കപ്പലുകളുടെ ഒരു വലയം ഉണ്ടാവും. ഇവ ഒരു യൂണിറ്റായാണ് സഞ്ചാരം. വിമാനം ഇറക്കാനും പറത്താനുമുള്ള പല പ്രക്രിയകളും നിര്‍വഹിക്കുന്നത് ചുറ്റുമുള്ള ചെറു കപ്പലുകളാണ്.
വിമാനവാഹിനി കമ്മിഷന് ചെയ്തതിനുശേഷം മാസങ്ങള്‍ നീണ്ട ട്രയല്‍സിലൂടെ അതിന്റെയെല്ലാം ക്രൂ ഈ വെസലുമായി സിങ്കാവും. ഈ പ്രവര്‍ത്തനം പൂര്‍ണഫലപ്രാപ്തിയില്‍ എത്തി എന്നു തോന്നുമ്പോള്‍ മാത്രമേ നേവി വിമാനം ലാന്‍ഡ് ചെയ്യാനും ടേക്ക് ഓഫ് ചെയ്യാനും ശ്രമിക്കൂ. അതിനുശേഷം വിവിധ കാലാവസ്ഥയിലും വിവിധ ചെരിവിലുമെല്ലാം വിമാനങ്ങളിറക്കി പരീക്ഷിക്കും. പൂര്‍ണമായി ഓപ്പറേഷനിലാവാന് ഏതാണ്ട് രണ്ടു വര്‍ഷമെടുക്കും. ആ സമയം വരെ കൊച്ചിന് ഷിപ്പ് യാര്‍ഡിന്റെ മെയിന്റനന്‍സ് സപ്പോര്‍ട്ട് നേവിക്കു കൊടുത്തുകൊണ്ടിരിക്കണം.
- ഡെട്രോയിറ്റിലേക്കു കാര്‍ കയറ്റിവിടരുത് എന്നൊരു തമാശ പറയാറുണ്ടല്ലോ. അതുപോലെയല്ലേ കൊച്ചിന് കപ്പല്‍ശാല വെസ്റ്റേണ്‍ യൂറോപ്പിനു കപ്പല്‍ നിര്‍മിച്ചു കൊടുത്തത്?
അതെ. ഗുണമേന്മയുടെ അവസാന വാക്കാണ് വെസ്റ്റേണ്‍ യൂറോപ്പ്. സാങ്കേതിക വിദ്യയിലെഅഗ്രഗണ്യര്. ഇന്ത്യന്‍ പ്രഫഷനലുകളോടു ഞാന്‍ ചോദിക്കാറുണ്ട്. വെസ്റ്റേണ്‍ യൂറോപ്പിലേക്ക് എന്തെങ്കിലും പ്രോഡക്ട് കയറ്റുമതി ചെയ്യുന്ന ഇന്ത്യന്‍ കമ്പനികള്‍ ഉണ്ടോ എന്ന്. അവര്‍ ആദ്യമൊന്നും പറയില്ല. പിന്നീട് ഓര്‍ത്തു പറയും ‘ടിസിഎസ്, ഇന്‍ഫോസിസ്’ എന്നൊക്കെ. പക്ഷേ അതൊന്നും പൂര്‍ണാര്‍ഥത്തില്‍ ഒരു പ്രോഡക്ടല്ല, സര്‍വീസുകളാണ്. പക്ഷേ, ഞങ്ങള്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ അരനൂറ്റാണ്ടിനിടെ 40 കപ്പല്‍ നമ്മള് വെസ്റ്റേണ്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കു നല്‍കിയിട്ടുണ്ട്. ഇപ്പോഴും അവര്‍ ഓര്‍ഡര്‍ നല്കുന്നു. പ്രത്യകിച്ച് ജര്‍മനി, ഗുണമേന്മയില് ഒരിഞ്ചു വിട്ടുതരില്ല. അവര്‍ നമ്മുടെ ഷിപ്പിനു കാത്തുനില്ക്കുന്നു. അവര്‍ ആഗ്രഹിക്കുന്ന എന്‍ജിനിയറിങ് നല്കാന് നമുക്ക് കഴിയുന്നുണ്ട്. ചെറിയൊരു പ്രശ്നം സമയത്തിലാണ്. ചിലപ്പോള്‍ ഒന്നോ രണ്ടോ മാസം ഡെലിവറി താമസിക്കുന്നു. അതിനു കാരണം കപ്പല്‍നിര്‍മാണത്തിനുള്ള അന്താരാഷ്ട നിലവാരത്തിലുള്ള സാമഗ്രികള്‍ പലതും ഇന്ത്യയില്‍ ഇല്ലെന്നതാണ്. ഇന്ത്യ ഒരു മാരിടൈം കണ്ട്രിയല്ല.
- നിങ്ങളുടെ വൈദഗ്ധ്യം രാജ്യത്തെ സാധാരണക്കാര്‍ക്ക് നേരിട്ടു ലഭിക്കുന്ന എന്തെങ്കിലും പദ്ധതിയുണ്ടോ?
കേന്ദ്ര ഷിപ്പിങ് സഹമന്ത്രിയായിരുന്ന പൊന്രാധാകൃഷ്ണന് എന്നോടു നേരിട്ടു ചോദിച്ച ചോദ്യമാണിത്. ഇവിടത്തെ മത്സ്യത്തൊഴിലാളികള്‍ക്കായി ഒരു കോടിയില്‍ താഴെ വരുന്ന സുരക്ഷിത ഫിഷിങ് ബോട്ടുകള്‍ ഉണ്ടാക്കാമോ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ഞങ്ങള്‍ അതൊരു വെല്ലുവിളിയായി എടത്തു. 97 ലക്ഷം രൂപയ്ക്ക് എല്ലാ സുരക്ഷാസംവിധാനങ്ങളും ഉള്ള ബോട്ട് ഞങ്ങള്‍ ഉണ്ടാക്കി കൊടുത്തു. ദിവസങ്ങളോളം കടലില്‍ ചെലവഴിക്കാനുള്ള സാമഗ്രികളും പ്രത്യേകതരം വലകളും ഐസ് ഉണ്ടാക്കാനുള്ള സംവിധാനവും അതിലുണ്ട്. ഞങ്ങളുടെ മാല്‍പൈ യൂണിറ്റിലാണ് നിര്‍മാണം. ഇപ്പോള്‍ ചെലവ് 1.20 കോടിയായി ഉയര്‍ന്നു. പക്ഷ, പ്രധാനമന്ത്രി മത്സ്യ സംബദ യോജനവഴി അതിന് 40 ശതമാനം സബ്സിഡി കിട്ടും. ആ ബോട്ടുകളുടെ നീക്കം തീരത്തിരുന്ന് നിരീക്ഷിക്കാനുള്ള സംവിധാനവും ഉണ്ട്.
- കൊച്ചി കപ്പല്‍ശാലയുടെ സുവര്‍ണജൂബിലി വര്‍ഷമാണ്. സൂദീര്‍ഘമായ ഈ യാത്രയില്‍ ഒട്ടേറെ നാഴികക്കല്ലുകള്‍ സ്ഥാപിക്കാന്‍ കപ്പല്‍ശാലയ്ക്കു കഴിഞ്ഞു. ഏറ്റവും വലിയ നേട്ടമായി താങ്കള്‍ വിലയിരുത്തുന്നത് എന്താണ്?
തൊഴില്‍. ഒരു സ്ഥാപനം എത്ര വലിയ നേട്ടം ഉണ്ടാക്കി, എത്ര ലാഭം ഉണ്ടാക്കി എന്നതൊന്നുമല്ല കാര്യം. അത് എത്ര പേരുടെ വീടുകളില്‍ അന്നമായി എന്നതാണ്. 1972ല്‍ ആരംഭിച്ച കപ്പല്‍ശാല 1978ല്‍ കപ്പല്‍ നിര്‍മാണവും 1981ല്‍ കപ്പല്‍ റിപ്പയറിങ്ങും ആരംഭിച്ചു. താഴ്ചയും ഉയര്‍ച്ചയും ഇതുകണ്ടു. മൈനസ് 150കോടിയായിരുന്ന ആസ്തി ഇന്ന് 4,400 കോടിയില്‍ എത്തിയിരിക്കുന്നു. സമര്‍പ്പണത്തോടെ ജോലി ചെയ്ത ജീവനക്കാരുടെ വിയര്‍പ്പിന്റെ ഫലമാണത്. രാജ്യത്തിന് അഭിമാനകരമായ യാനങ്ങള്‍ പണിതു, ഒരു ദിവസം പോലും പണിമുടക്ക് നടന്നിട്ടില്ല. കഴിഞ്ഞ 30 വര്‍ഷമായി ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നു കഴിഞ്ഞ 18 വര്‍ഷമായി ലാഭവിഹിതം നല്കുന്നു. കാറ്റഗറി വണ്‍ മിനിരത്ന കമ്പനിയാണിത്. 2017ല്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തു. ലോകനിലവാരത്തിലാണ് ഇന്ന് പ്രവര്‍ത്തനം. രാജ്യത്തിന് ഏറ്റവും അഭിമാനമായി വിമാനവാഹിനി കപ്പലും ഇപ്പോള്‍ നാം ഉണ്ടാക്കി. പക്ഷേ, കൊച്ചിന് കപ്പല്‍ശാലയുടെ ഏറ്റവും വലിയ നേട്ടം എന്തെന്നു ചോദിച്ചാല്‍ ഇവിടെ ദിവസം 9,000 പേര്‍ക്കു തൊഴില്‍ കൊടുക്കുന്നു എന്നതാണ്. 1754 സ്ഥിരം ജീവനക്കാരും 2,498 കരാര്‍ ജീവനക്കാരും 4,700 ഓളം പുറംകരാര്‍ ജീവനക്കാരും ഒരു ദിവസം പണിയെടുക്കുന്നു. എല്ലാ കമ്പനികള്‍ക്കും ഉയര്‍ച്ച താഴ്ചകളുണ്ട്.
പക്ഷേ, കൊച്ചിന് കപ്പല്‍ശാലയ്ക്ക് ജീവനക്കാരുടെ എണ്ണം കുറയ്ക്കേണ്ടി വന്ന വിരളമായ സന്ദര്‍ഭങ്ങളേയുള്ളൂ. ജീവനക്കാരുടെ എണ്ണം ഞങ്ങള്‍ ദിവസനേ കൂട്ടുകയാണ്. ഇത്രയും കുടുംബങ്ങള്‍ക്ക് ആശ്രയവും അന്നവുമാകാന് കഴിയുന്നു എന്നതാണ് എന്റെ നോട്ടത്തില്‍ സുവര്‍ണജൂബിലി വര്‍ഷത്തില്‍ കപ്പല്‍ശാലയുടെ ഏറ്റവും വലിയ നേട്ടം.
- എങ്ങനെയാണ് ഇത്രവലിയ ജോലിയുടെ സമ്മര്‍ദങ്ങളെ അതിജീവിക്കുന്നത്?
34 വര്‍ഷമായി ഞാനിവിടെ ജോലി ചെയ്യുന്നു. എനിക്കു സമ്മര്‍ദമൊന്നുമില്ല. പലരും പറയാറുണ്ട് ജീവിതത്തെയും ജോലിയെയും ബാലന്‍സ് ചെയ്യണമെന്ന്. പക്ഷേ, അതൊരു പാശ്ചാത്യദര്‍ശനമാണ്. അതനുസരിച്ചാണെങ്കില്‍ ജോലി എന്നത് എന്തോ ദുരിതം പിടിച്ച സംഗതി ആവണമല്ലോ. ഞാനങ്ങനെ ലീവൊന്നും എടുക്കാറില്ല. ദിവസം 12 മണിക്കൂറോളം ഓഫിസില്‍ ഉണ്ടാവാറുണ്ട്്. 25 കിലോ ഭാരം ചുമന്നുകൊണ്ടു നില്ക്കുക ബുദ്ധിമുട്ടേറിയ കാര്യമാണ്. പക്ഷേ, 25 കിലോ ഭാരമുള്ള മകളെ തോളിലേറ്റി ഉത്സവം കാണിക്കുകയാണെങ്കിലോ?
മധു എസ്. നായര്‍ എന്തുകൊണ്ട് ഒരു കര്മയോഗിയാകുന്നു എന്ന് മേല്‍പ്പറഞ്ഞ വാക്കുകള്‍ നമ്മോടു പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: