തിരുവനന്തപുരം: ആരാധനാലയങ്ങളും മത സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് അന്യമത വിദ്വോഷം പ്രചരിപ്പിക്കുന്നതിനോ ആയുധ പരിശീലനത്തിനോ തീവ്രവാദ പ്രവർത്തിക്കോ കുട്ടികളെ ഉപയോഗിക്കുന്നതായി പരാതി ലഭിച്ചാൽ അടിയന്തിര നിയമനടപടി സ്വീകരിക്കാൻ ബാലാവകാശ കമ്മീഷൻ നിർദ്ദേശം. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ ആലപ്പുഴയിൽ നടന്ന റാലിയിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെക്കൊണ്ട് പ്രകോപനപരവും മത വിദ്വോഷമുണ്ടാക്കുന്ന തരത്തിലുമുള്ള മുദ്രാവാക്യം വിളിപ്പിച്ച സംഭവത്തിൽ കമ്മീഷൻ സ്വമേധയാ സ്വീകരിച്ച നടപടിയിന്മേലാണ് ഉത്തരവ്.
മതപരമായ സംവിധാനത്തിനകത്ത് മാത്രം കുട്ടികളെ തളച്ചിടുന്നത് അവസാനിപ്പിക്കണം. അന്യമത വിദ്വേഷം വളർത്തി തീവ്രവാദ സ്വഭാവത്തിലേക്ക് കുട്ടികളെ മാറ്റിയെടുക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടോ എന്ന് പരിശോധിച്ച് ശക്തമായ നിയമ നടപടികൾ സ്വീകരിക്കാനും കമ്മീഷൻ ചെയർപേഴ്സൺ കെ.വി. മനോജ് കുമാർ, അംഗങ്ങളായ ബബിത. ബി, സി. വിജയകുമാർ എന്നിവരുടെ ഫുൾ ബഞ്ചാണ് നിർദ്ദേശം നൽകിയത്.
കുട്ടികളുടെ സമഗ്ര വികസനത്തിന് കൂടുതൽ സൗകര്യങ്ങൾ ഒരുക്കാനും തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രാദേശികതലത്തിൽ കലാ- കായിക സാംസ്കാരിക സംരംഭങ്ങൾ സജീവമാക്കാനും നടപടി സ്വീകരിക്കണം. കുട്ടികളിൽ മതേതരവും, ശാസ്ത്രീയവുമായ അവബോധം സൃഷ്ടിക്കുന്നതിന് ആവശ്യമായ പാഠ്യപദ്ധതികൾക്ക് രൂപം നൽകാനും സംസ്ഥാന പോലീസ് മേധാവിക്കും, വനിതാ-ശിശു വികസന വകുപ്പ് പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിമാർക്കും കമ്മീഷൻ നർദ്ദേശം നൽകി.
2005 – ലെ ബാലാവകാശങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടിയുളള കമ്മീഷനുകൾ നിയമത്തിലെ 15-ാം വകുപ്പ് പ്രകാരമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിന്മേൽ ബന്ധപ്പെട്ട അധികാരികൾ സ്വീകരിച്ച നടപടി 60 ദിവസത്തിനകം കമ്മീഷനെ അറിയിക്കാനും നിർദ്ദേശം നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: