കാസര്‍കോട്: ദീര്‍ഘദൂര സര്‍വ്വീസ് നടത്തുന്ന കെഎസ്ആര്‍ടിസിയുടെ സ്കാനിയ ബസില്‍ ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് പാതിവഴിയില്‍ നിര്‍ത്തിയിടേണ്ടിവന്നത് മണിക്കൂറുകളോളം. ഇന്നലെ രാവിലെ കാസര്‍കോട് കെഎസ്ആര്‍ടിസി ഡിപ്പോയിലാണ് യാത്രക്കാരുമായി ബസ് നിര്‍ത്തിയിടേണ്ടി വന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കാണ് തിരുവനന്തപുരത്ത് നിന്ന് ബസ് പുറപ്പെട്ടത്.
പുലര്‍ച്ചെ 4 മണിക്ക് കാസര്‍കോട് കെഎസ്ആര്‍ടിസി ഡിപ്പോയിലും തുടര്‍ന്ന് 8 മണിക്ക് കൊല്ലൂര്‍ മൂകാംബികയിലും എത്തുന്ന രീതിയിലാണ് സമയക്രമം. കൊല്ലൂരില്‍ നിന്ന് തിരിച്ച് രണ്ട് മണിക്ക് പുറപ്പെട്ട് വൈകിട്ട് 6 മണിക്ക് കാസര്‍കോടും തുടര്‍ന്ന് തിരുവനന്തപുരത്തേക്കും യാത്ര തിരിക്കും. എന്നാല്‍ ഇന്നലെ രാവിലെ നിറയെ യാത്രക്കാരുമായി സ്കാനിയ ബസ് കാസര്‍കോട് എത്തുമ്പോഴേക്കും ഡീസല്‍ കാലിയായി.
ബസിലെ സീറ്റുകള്‍ മുഴുവന്‍ നേരത്തെ ബുക്ക് ചെയ്യപ്പെടുന്നതിനാല്‍ യാത്ര സമയത്ത് ടിക്കറ്റ് എടുക്കേണ്ട ആവശ്യം വരുന്നില്ല എന്ന കാരണത്താല്‍ ബസിലെ ജീവനക്കാരുടെ കയ്യില്‍ പണവുമില്ല. തുടര്‍ന്ന് തിരുവനന്തപുരം കണ്ട്രോള് റൂമിലേക്ക് ബന്ധപ്പെട്ട് കാസര്‍കോട് ഡിപ്പോയില്‍ നിന്ന് 20000 രൂപ വാങ്ങി സ്വകാര്യ പമ്പില്‍ നിന്ന് ഡീസല്‍ നിറച്ചാണ് ബസ് വീണ്ടും യാത്ര പുറപ്പെട്ടത്.
8 മണിക്ക് കൊല്ലൂരില്‍ എത്തേണ്ടിയിരുന്ന ബസ് 7 മണിക്ക് ശേഷമാണ് കാസര്‍കോട് നിന്ന് പുറപ്പെട്ടത്. മുഴുവന്‍ സീറ്റിലും ആളുകള്‍ ഉണ്ടായിരുന്നു. ആളുകള്‍ ബഹളം വെച്ചതിനെ തുടര്‍ന്നാണ് ബദല്‍ സംവിധാനം ചെയ്തത്. എന്നാല്‍ മറ്റ് ഡിപ്പോയില്‍ നിന്ന് വരുന്ന വണ്ടികള്‍ക്ക് കാസര്‍കോട് നിന്ന് പണം നല്‍കേണ്ട നിയമപരമായി ബാധ്യത ഇല്ലെന്നും കാസര്‍കോട്ടെ ജീവനക്കാര്‍ പറയുന്നു.
കൊല്ലൂര്‍ മൂകാംബികക്ഷേത്ര ദര്‍ശനത്തിന് പോകുന്ന പലരും ഈ ബസിന് പോയി കുളിച്ച് തൊഴുത് ഇതേ ബസിന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരിച്ച് വരാറാണ് പതിവ്. ഇന്നലെ ബസ് വൈകി ഓടിയതിനാല്‍ പലര്‍ക്കും ക്ഷേത്ര ദര്‍ശനം ശരിയായ രീതിയില്‍ നടത്താന്‍ സാധിച്ചില്ലെന്ന് മാത്രമല്ല, ഇതേ ബസിന് തിരികെ വരാനും സാധിച്ചില്ലെന്ന് പരാതിപ്പെട്ടു.
എന്നാല്‍ കാസര്‍കോട്ടെ പമ്പില്‍ നിന്ന് നിറച്ച ഡീസല്‍കൊണ്ട് കൊല്ലൂര്‍ വരെയെത്തിയ ബസിന് തിരിച്ച് തിരുവനന്തപുരം എത്തണമെങ്കില്‍ വീണ്ടും ഡീസല്‍ അടിക്കേണ്ടി വരും. ഇതേ പണം ഉപയോഗിച്ച് മാഹിയില്‍ നിന്ന് ഡീസല്‍ അടിക്കുമ്പോള്‍ ഒരു ലിറ്ററില്‍ 11 രൂപ ലഭിക്കാന്‍ പറ്റും.
മംഗ്ലൂരുവില്‍ നിന്നും ഡീസല്‍ നിറച്ചാലും ലാഭമുണ്ടാക്കാന്‍ കഴിയും. മാഹിയില്കൂടി കടന്ന് പോകുന്ന ബസുകള്‍ അവിടെ നിന്ന് ഇന്ധനം നിറക്കണമെന്ന ഉത്തരവ് നടപ്പാക്കിയില്‍ ഇപ്പോള്‍ കെഎസ്ആര്‍ടിസിക്ക് ഉണ്ടാവുന്ന നഷ്ടങ്ങള്‍ ലഘൂകരിക്കാന്‍ സാധിക്കും. കേരള പമ്പില്‍നിന്ന് ഇന്ധനം നിറക്കാതെ മറ്റ് പമ്പില്‍ നിന്ന് ഡീസല്‍ അടിച്ചാല്‍ സംസ്ഥാന സര്‍ക്കാരിന് കിട്ടുന്ന ടാക്സ് നഷ്ടപ്പെടും. ഇത് ഒഴിവാക്കാന്‍ കേരളത്തിലെ പമ്പില്‍ നന്ന് മാത്രം ഡീസലടിക്കണമെന്ന് ആവശ്യപ്പെടുന്നതായി സര്‍ക്കാര്‍ അനുകൂല സംഘടന ജീവനക്കാര്‍ തന്നെ പറയുന്നു. നഷ്ടം പരിഹരിക്കുന്നതിന് പകരം വീണ്ടും കെഎസ്ആര്‍ടിസിയെ കുത്തുപാളയെടുപ്പിക്കാനാണ് ഇടത് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കെഎസ്ആര്‍ടി എംപ്ലോയിസ് സംഘ് നേതാക്കള്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: