തിരുവനന്തപുരം : വിദേശ രാജ്യങ്ങളുടെ പ്രതിനിധികളുമായി സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൂടിക്കാഴ്ച നടത്തണമെങ്കില്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി വാങ്ങണമെന്ന് കേന്ദ്ര സര്‍ക്കാര്‍. യുഎഇ കോണ്‍സല്‍ ജനറലുമായി കൂടിക്കാഴ്ച നടത്തുന്നതിന് കേന്ദ്രാനുമതി വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ അറിയിച്ചിരുന്നു. അതിനു രേഖാമൂലം നല്കിയ മറുപടിയിലാണ് അനുമതി വേണമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്.
2016 മുതല്‍ 2020 വരെയുള്ള കാലയളവില്‍ യുഎഇ കോണ്‍സുല്‍ ജനറലുമായി ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ കൂടിക്കാഴ്ച നടത്തിയിരുന്നെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഈ കൂടിക്കാഴ്ചയ്ക്ക് കേന്ദ്രാനുമതിയുടെ ആവശ്യമില്ലെന്നായിരുന്നു മുഖ്യമന്ത്രി നല്കിയ വിശദീകരണം. എന്നാല്‍ മുഖ്യമന്ത്രി നിയമസഭയില്‍ നല്കിയ മറുപടി തെറ്റിദ്ധരിപ്പിക്കുന്നതാണെന്നാണ് കേന്ദ്രമന്ത്രി ഡോ. രാജ്കുമാര് രജ്ഞന്‍ സിന്‍ഹ് ലോക്സഭയില്‍ അറിയിച്ചത്. കേരളത്തില്‍ നിന്നുള്ള എംപിയായ എന്‍.കെ. പ്രേമചന്ദ്രന് ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്.
കേന്ദ്രമന്ത്രിയുടെ വിശദീകരണത്തോടെ ക്ലിഫ് ഹൗസില്‍ യുഎഇ കോണ്‍സുല്‍ ജനറലുമായി നടത്തിയ കൂടിക്കാഴ്ച കൂടുതല്‍ ദുരുഹമാകുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പ്രതികരിച്ചു. ക്ലിഫ് ഹൗസ് ചര്‍ച്ച ഔദ്യോഗികമെന്ന് പറയുമ്പോഴും എത്ര തവണ കൂടിക്കാഴ്ച നടത്തി, ഏതൊക്കെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. എന്തൊക്കെ തീരുമാനങ്ങള്‍ എടുത്തു തുടങ്ങിയ നിമയസഭയിലെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കിയിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: