കാസര്‍കോട്: മഞ്ചേശ്വരം താലൂക്കില്‍ വൊര്‍ക്കാടി പഞ്ചായത്തില്‍ കൊറഗവിഭാഗത്തില്പ്പെട്ട വനവാസികളുടെ ജീവിതം ദുരിതപൂര്‍ണം. പട്ടിക വര്ഗപുനരധിവാസ പദ്ധതി പ്രകാരം ലഭിച്ച ഭൂമിയില്‍ പട്ടയം ഇല്ലാതെ നിരവധി കുടുംബങ്ങളാണ് കഴിയുന്നത്. പട്ടയം ലഭിക്കാത്തതിനാല്‍ വൈദ്യുതി കണക്ഷന് അപേക്ഷിക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്.
അടിസ്ഥാന സൗകര്യങ്ങള്‍ക്കായി നിരവധി തവണ പരാതി നല്‍കിയിട്ടും അധികൃതര്‍ തിരിഞ്ഞ് നോക്കുന്നില്ലെന്നാണ് കോളനി നിവാസികളുടെ പരാതി. വനവാസി പുനരധിവാസ പദ്ധതിയായ ടിആര്ഡിഎംന്റെ ഭാഗമായാണ് ഇവരെ പുനരധിവസിപ്പിച്ചത്. എന്നാല്‍ നിരവധി വര്‍ഷം കഴിഞ്ഞിട്ടും വേണ്ടത്ര അടിസ്ഥാന സൗകര്യമില്ലാതെ ബുദ്ധിമുട്ടുകയാണ് മിക്ക കുടുംബങ്ങളും. ശൗചാലയങ്ങളും വൈദ്യുതിയുമില്ലാത്ത നിരവധി വീടുകളുണ്ട്. കൃഷിക്കാവശ്യമായ അടിസ്ഥാന സൗകര്യമോ വെള്ളമോ ലഭ്യമല്ല.
കുടിക്കാനും വീട്ടാവശ്യത്തിനുമുള്ള ജലം പരിമിതവുമാണ്. അടിസ്ഥാന സൗകര്യങ്ങള്‍ക്ക് വേണ്ടി പരാതി പറഞ്ഞിട്ടും അധികൃതര്‍ തിരിഞ്ഞ് നോക്കുന്നില്ല. പ്രാക്തന ഗോത്രവിഭാഗമായ കൊറഗ വിഭാഗത്തില്‍പ്പെട്ടവരാണ് ഇവിടെയുള്ളത്. കൃഷിക്കും താമസത്തിനുമായി 45 കുടുംബങ്ങള്‍ക്ക് 45 ഏക്ര ഭൂമിയാണ് സര്‍ക്കാര്‍ അനുവദിച്ചത്.
എന്നാല്‍ നിലവില്‍ 32 കുടുംബങ്ങള്‍ മാത്രമേ ഇവിടെ താമസമായിട്ടുള്ളു. അതില്‍ പട്ടയമുള്ളവര്‍ 13 പേര്‍മാത്രമാണ്. ഭൂമിക്ക് പട്ടയമില്ലാത്തതിനാല്‍ വൈദ്യുതി കണക്ഷനും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാകുന്നില്ലെന്ന് ഇവര്‍ പറയുന്നു. മുഴുവന്‍ കുടുംബങ്ങളും താമസമായെങ്കില് മാത്രമേ പട്ടയം നല്‍കുകയുള്ളുവെന്നാണ് അധികാരികള്‍ കോളനി നിവാസികളോട് പറഞ്ഞിരിക്കുന്നത്.
കൃഷിക്കും മറ്റ് ആവശ്യങ്ങള്‍ക്കും എല്ലാ സഹായവും അധികൃതര്‍ വാഗ് ദാനം നല്കി പോകുന്നതെല്ലാതെ മറ്റൊന്നും ലഭിക്കുന്നില്ലെന്ന് കോളനിവാസികള്‍ പരാതിപ്പെടുന്നു. പല വീടുകളുടേയും വാതിലുകള്‍ അടക്കം ദ്രവിച്ച് അടച്ചുറപ്പില്ലാതായിരിക്കുകയാണ്. 32 കുടുംബങ്ങള്‍ക്കായി ഒരു കുഴല്‍ കിണര്‍മാത്രമാണ് ഏക ആശ്രയം. അത് വീട്ടാവശ്യത്തിന് പോലും ഇതില്‍ നിന്ന് കിട്ടുന്ന വെള്ളം തികയുന്നില്ല.
വനവാസി പുനരുദ്ധാരണത്തിനായി കോടികളാണ് സര്‍ക്കാര്‍ ചെലവഴിക്കുന്നത്. അതില്‍ തന്നെ മിക്കതും പാഴായപദ്ധതികള് എന്നുള്ള വസ്തുത നിലനില്‍ക്കെ അധികൃതരുടെ അനാസ്ഥ ഇവിടെയും തുടര്‍ക്കഥയാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: