ഡോ. രാജഗോപാല്‍ പി.കെ. അഷ്ടമുടി
കണ്ണൂര്‍ സര്‍വകലാശാലയിലെ വിവാദ നിയമന നീക്കത്തിലൂടെ ഉന്നത ബിരുദധാരികളെ പൂര്‍ണമായും അവഗണിക്കുന്നു എന്നാക്ഷേപം ശക്തിപ്പെടാന്‍ തുടങ്ങി. ബിരുദാനന്തര ബിരുദത്തിനു റാങ്കും, എംഫില്‍ ബിരുദവും, പിഎച്ച്ഡി, പോസ്റ്റ് ഡോക്ടരല്‍ ബിരുദവും, യുജിസി കെയര്‍ ലിസ്റ്റ് ജേര്‍ണ്ണലുകളില്‍ ഗവേഷണ ലേഖനങ്ങളും, അന്തര്‍ ദേശീയ തലത്തില്‍ സെമിനാര്‍ പേപ്പറുകള്‍ അവതരിപ്പിച്ച പരിചയവും, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തി പരിചയവും ഉള്ള നൂറു കണക്കിന് സമര്‍ദ്ധരായ ഉദ്യോഗാര്‍ഥികള്‍ ഓരോ വിഷയങ്ങളിലും അപേക്ഷകരായി നിലവില്‍ ഉള്ളപ്പോഴാണ് നേതാക്കളുടെ ഭാര്യമാരെ വിവിധ സര്‍വകലാശാലകളില്‍ നിയമിച്ച് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്.
സേവ് യൂണിവേഴ്സിറ്റി ഫോറം അടക്കമുള്ളവര്‍ നല്കിയ പരാതികളുടെ അടിസ്ഥാനത്തില്‍ സര്‍വകലാശാല ചാന്‍സലര്‍ കൂടിയായ ഗവര്‍ണ്ണര്‍ ഇടപെടാന്‍ തുടങ്ങിയതോടെ സര്‍ക്കാര്‍-പാര്‍ട്ടി പടയൊരുക്കം ഗവര്‍ണ്ണര്‍ക്ക് നേരെ തിരിഞ്ഞു. ഉന്നത ബിരുദധാരികളെ വഴിയാധാരമാക്കി കേരള സര്‍ക്കാര്‍ നടപ്പില്‍ വരുത്തികൊണ്ടിരിക്കുന്ന പരിഷ്കാരങ്ങളെ ഒന്ന് പരിശോധിക്കാം
പിജി വെയിറ്റേജ് റദ്ദാക്കലും നിയമന നിരോധനവും
കേരളത്തിലെ സര്‍ക്കാര്‍ എയ്ഡഡ് കോളജുകളില്‍ വര്‍ഷങ്ങളായി നില നിന്നിരുന്ന പിജി വെയിറ്റേജ് റദ്ദാക്കിയതിലൂടെ നൂറു കണക്കിന് തസ്തികളാണ് ഇല്ലാതായത്. മാത്രമല്ല ഒന്‍പതു മുതല്‍ പന്ത്രണ്ടു മണിക്കൂര്‍ വരെയുള്ള വിഷയങ്ങളില്‍ നിലനിന്നിരുന്ന നിയമന അനുമതി റദാക്കികൊണ്ടുള്ള ഉത്തരവും നിയമന നിരോധനത്തിന് വഴി തെളിച്ചു. ഒരു തസ്തികയിലേക്ക് നിയമിക്കണം എങ്കില്‍ പതിനാറു മണിക്കൂര്‍ എങ്കിലും വേണമെന്ന് നിഷ്കര്‍ഷിച്ചതിലൂടെ നിയമനം അസാധ്യമാകാന്‍ കാരണമായി. എയ്ഡഡ് കോളേജുകളില്‍ നിയമനം നേടിയവരുടെ അപ്പ്രൂവല്‍ കഴിഞ്ഞു ശമ്പളം കിട്ടാന്‍ രണ്ടു വര്‍ഷം വരെ കാത്തിരിക്കേണ്ടി വരും എന്നതാണ് വസ്തുത. യുജിസി നിയമം അനുസരിച്ചു അസോസിയേറ്റ് പ്രൊഫസര്‍ക്ക് പതിനാല് മണിക്കൂര്‍ ആണ് എങ്കില്‍ കേരളത്തില്‍ പതിനാറു മണിക്കൂര്‍ ആണ്. സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാന്‍ വേണ്ടി നടപ്പില്‍ വരുത്തിയ ഈ പരിഷ്കാരങ്ങള്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പ്രതിസന്ധി സൃഷ്ടിച്ചു എന്ന് ബോധ്യമായതോടെ സര്‍ക്കാര്‍ ഈ വിഷയങ്ങള്‍ പഠിക്കാനായി ഒരു കമ്മിറ്റിയെ നിയമിക്കുകയും ആ കമ്മിറ്റി സര്‍ക്കാരിന്റെ തലതിരിഞ്ഞ പരിഷകാരങ്ങള്‍ പിന്‍വലിക്കണം എന്ന് റിപ്പോര്‍ട്ട് നല്കി.
നിരാശയോടെ കോളേജ് അധ്യാപകര്‍
ഉന്നത വിദ്യാഭ്യാസത്തിനായി ഒരു മന്ത്രി വന്നതോടെ വളരെ പ്രതീക്ഷയിലായിരുന്നു കോളജ് അധ്യാപകര്‍. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കോളജില്‍ അധ്യാപകനായിരുന്ന കെ.ടി.ജലീലും രണ്ടാം പിണറായി സര്‍ക്കാരില്‍ ബിന്ദു ടീച്ചറും മന്ത്രി മാരായി എത്തി എങ്കിലും സംസ്ഥാനത്തെ കോളജ് അധ്യാപകരുടെ ന്യായമായ ആവശ്യങ്ങള്‍ പോലും നിറവേറ്റാന്‍ ഇവര്‍ക്കായിട്ടില്ല. യുജിസി സ്കെയില്‍ എന്ന പേരില്‍ ശമ്പള പരിഷ്കാരം നടപ്പില്‍ വരുത്തിയിട്ട് അതിന്റെ അരിയര്‍ പൂര്‍ണമായും നല്‍കാനുള്ള ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. അധ്യാപകരുടെ പെന്ഷന് പ്രായം ഇന്നും 56 വയസ് തന്നെയാണ്. സര്‍വകലാശാല അധ്യാപകര്‍ക്കു 60 വയസ്സുവരെ ജോലി ചെയ്യാന്‍ വ്യവസ്ഥയുള്ളപ്പോള്‍ ആണ് കോളജ് അധ്യാപകര്‍ 56ല്‍ പിരിയേണ്ടി വരുന്നത്. അധ്യാപകരുടെ ഡിഎ ഇപ്പോഴും 17 ശതമാനം മാത്രമാണ് നല്‍കുന്നത്. കേന്ദ്ര ഡിഎ കിട്ടേണ്ട സ്ഥാനത്താണ് ഈ വിവേചനം. പ്രൊമോഷന് പോലുള്ള കാര്യങ്ങളില്‍ യുജിസി മാനദണ്ഡം കൃത്യമായി പാലിക്കുമ്പോള്‍ ആണ് ഈ വിവേചനം.
ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധികള്‍ കണ്ടില്ലെന്ന് നടിക്കുന്നത് നീതി നിഷേധം കൂടിയാണ്. വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ പിടി മുറുക്കുമ്പോള്‍ തകരുന്നത് ഉന്നത ബിരുദധാരികളുടെ പ്രതീക്ഷകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: