ടോക്കിയൊ: ഇന്ത്യന്‍ പോരില്‍ പ്രണോയ്. ലോക ചാമ്പ്യന്‍ഷിപ്പിലെ പ്രീ ക്വാര്‍ട്ടറില്‍ ഒമ്പതാം സീഡ് ലക്ഷ്യ സെന്നിനെ കീഴടക്കി മലയാളി താരം എച്ച്.എസ്. പ്രണോയ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. വനിതകളിലെ അവശേഷിച്ച പ്രതീക്ഷയായിരുന്ന സൈന നേവാളിനുംപ്രീ ക്വാര്‍ട്ടറില്‍ കാലിടറി. അതേസമയം, പുരുഷ ഡബിള്‍സില്‍ എം.ആര്‍. അര്‍ജുന്‍-ധ്രുവ് കപില, സാത്വിക് സായ്‌രാജ് റാങ്കി റെ്ഡ്ഡി-ചിരാഗ് ഷെട്ടി സഖ്യങ്ങളും ക്വാര്‍ട്ടറിലെത്തി.
ഏറെ ശ്രദ്ധിക്കപ്പെട്ട പോരാട്ടത്തിലാണ് കോമണ്‍വെല്‍ത്ത് സ്വര്‍ണ ജേതാവും ചാമ്പ്യന്‍ഷിപ്പിലെ മെഡല്‍ പ്രതീക്ഷയുമായിരുന്ന ലക്ഷ്യ സെന്നിനെ പ്രണോയ് വീഴ്‌ത്തിയത്. മൂന്നു ഗെയിം നീണ്ട കടുത്ത പോരാട്ടത്തിലായിരുന്നു മലയാളി താരത്തിന്റെ ജയം, 17-21, 21-16, 21-17. ആദ്യ ഗെയിം നഷ്ടമായ ശേഷമാണ് പ്രണോയ്‌യുടെ തിരിച്ചുവരവ്. ഇതോടെ നേര്‍ക്കുനേര്‍ പോരാട്ടങ്ങളിലെ ജയം 2-2ല്‍ നിലനിര്‍ത്താനുമായി. ചൈനയുടെ ഷാവൊ ജങ് പെങ്ങാണ് ഇന്ത്യന്‍ താരത്തിന്റെ അടുത്ത എതിരാളി. ഒരു മണിക്കൂര്‍ 15 മിനിറ്റ് നീണ്ട മത്സരത്തിലാണ് പ്രണോയ്‌യുടെ ജയം. ആദ്യ ഗെയിം 6-6ല്‍ നിന്ന് 9-7ലും 11-7ലും ലീഡെടുത്ത സെന്‍ 21-17ല്‍ ആദ്യ ഗെയിം സ്വന്തമാക്കി. രണ്ടാമത്തേതില്‍ 6-2ന് ലീഡില്‍ തുടങ്ങിയെങ്കിലും ഇടയ്‌ക്ക് സെന്‍ 11-10ന് മുന്നില്‍ക്കയറി. എന്നാല്‍, 19-15ലേക്ക് മുന്നേറിയ പ്രണോയ് 21-16ന്
ഗെയിം സ്വന്തമാക്കി. നിര്‍ണായകമായ മൂന്നാം ഗെയിമില്‍ കടുത്ത പോരാട്ടം. 11-8ന് നേരിയ ലീഡെടുത്ത പ്രണോയ് 19-17ല്‍ നിന്ന് മത്സരം സ്വന്തമാക്കി. വനിത സിംഗിള്‍സില്‍ സൈന നേവാളിനെ തായ്‌ലന്‍ഡിന്റെ ബുസാനന്‍ ഒങ്ബംറുങ്ഫാനാണ് കീഴടക്കിയത്, 21-17, 16-21, 21-13.
പുരുഷ ഡബിള്‍സില്‍ കുതിപ്പ് തുടരുന്ന അര്‍ജുന്‍-കപില സഖ്യം സിംഗപ്പൂരിന്റെ ഹീ യോങ് ഹായ് ടെറി-ലൊ കീന്‍ ഹീന്‍ ജോഡിയെ കീഴടക്കി, 18-21, 21-15, 21-16.
ആദ്യ ഗെയിം നഷ്ടമായ ശേഷമുള്ള തകര്‍പ്പന്‍ തിരിച്ചുവരവ് ഇന്ത്യന്‍ സഖ്യത്തിന്റേത്. ഇന്തോനേഷ്യയുടെ മുഹമ്മദ് അഹ്‌സാന്‍-ഹെന്‍ന്ദ്ര സെതിയവാന്‍ ജോഡി ക്വാര്‍ട്ടര്‍ എതിരാളികള്‍. ഏഴാം സീഡായ സായ്‌രാജ്-ചിരാഗ് സഖ്യം ഡെന്‍മാര്‍ക്കിന്റെ ജെപ്പെ ബേ-ലാസെ മൊള്‍ഹെദെ കൂട്ടുകെട്ടിനെ നേരിട്ടുള്ള ഗെയിമില്‍ വീഴ്‌ത്തി, 21-12, 21-10. ജപ്പാന്റെ തകുരൊ ഹോകി-യുഗൊ കൊബയാഷി ഇവരുടെ അടുത്ത എതിരാളികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: