ന്യൂദല്‍ഹി: ബിജെപി നേതാവും നടിയുമായ സൊണാലി ഫോഗട്ട് പീഡനത്തിന് ഇരയായെന്ന് ഗുരുതര ആരോപണവുമായി കുടുംബം. സൊനാലിയുടെ പഴ്സനല്‍ അസിസ്റ്റന്റ് സുധീര്‍ സാങ്വനും അയാളുടെ സുഹൃത്ത് സുഖ്വിന്ദറിനുമെതിരെ പീഡന, കൊലക്കുറ്റം എടുക്കണമെന്നും കുടുംബം പോലീസില്‍ പരാതി നല്കി.
സ്വത്തുക്കള്‍ കൈക്കലാക്കാന്‍ രണ്ട് സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് സൊനാലിയെ കൊലപ്പെടുത്തുകയായിരുന്നെന്ന് സഹോദരന് റിങ്കു ധാക്ക പോലീസില്‍ നല്കിയ പരാതി. സൊണാലിയുടെ പ്രൈവറ്റ് സെക്രട്ടറിയായ സുധീര്‍ സംഘ്വാനും സുഹൃത്ത് സുഖ്വീന്ദറും ചേര്‍ന്ന് സൊനാലിയുടെ ആഹാരത്തില്‍ മയങ്ങുന്നതിനുള്ള പദാര്‍ത്ഥം കലര്‍ത്തി പീഡനത്തിനിരയാക്കിയെന്നും ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ളാക്ക് മെയില്‍ ചെയ്തുവെന്നും റിങ്കു ആരോപിച്ചു. സൊണാലിയുടെ മരണത്തിന് പിന്നില്‍ ചില രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും സഹോദരന് പറഞ്ഞു. സഹോദരീ ഭര്‍ത്താവ് അമന് പുനിയയുമായി 22ന് സൊനാലി സംസാരിച്ചപ്പോള്‍ ഭക്ഷണത്തില്‍ എന്തോ കലര്‍ത്തിയിട്ടുണ്ടെന്ന് ആരോപിച്ചിരുന്നു.സുധീര്‍ സാങ്വാന് സോണാലിയെ പലതവണ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നാണ് സഹോദരന് ആരോപിക്കുന്നത്.
സോണാലിയുടെ രാഷ്ട്രീയ ജീവിതവും സിനിമാ ജീവിതവും അവസാനിപ്പിക്കുമെന്ന് സുധീര്‍ ഭീഷണി മുഴക്കിയിരുന്നു. മരിക്കുന്നതിന് തൊട്ടുമുമ്പ് സോണാലി അസ്വസ്ഥയായി അമ്മയേയും സഹോദരിയേയും സഹോദരീഭര്‍ത്താവിനെയും വിളിച്ചിരുന്നുവെന്നും ഒപ്പമുള്ളവരെക്കുറിച്ച് പരാതിപ്പെട്ടിരുന്നുവെന്നും സഹോദരന് നേരത്തെ വെളിപ്പെടുത്തിയിരുന്നു.
ചൊവ്വാഴ്ചയാണ് സൊണാലിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമായിരുന്നു മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തിരുന്നത്. അതേസമയം സൊണാലിയുടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി. സൊണാലിയുടെ ശരീരത്തില്‍ മുറിവേറ്റ നിരവധി പാടുകള്‍ ഉണ്ടെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. പോസ്റ്റ്മോര്‍ട്ടവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: