തൃശ്ശൂർ: പാലപ്പിള്ളി റബ്ബർ എസ്റ്റേറ്റിൽ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ തുരത്താൻ കുങ്കി ആനകളെത്തുന്നു. കാട്ടാനക്കൂട്ടം തുടർച്ചയായി ജനവാസ മേഖലകളിലെത്തുന്ന സാഹചര്യത്തിലാണ് വനംവകുപ്പിന്റെ നീക്കം. ഇക്കാര്യം വ്യക്തമാക്കി ചീഫ് വൈൽഡ്ലൈഫ് വാർഡൻ ഉത്തരവിറക്കി.
വയനാട് മുത്തങ്ങയിൽ നിന്നുള്ള വിക്രം, ഭരത് എന്നീ ആനകളെ ആണ് പാലപ്പിള്ളിയിൽ എത്തിക്കുക. 4 കുട്ടിയാനകളും 5 കൊമ്പന്മാരും ഉൾപ്പടെ 24 ആനകളാണ് പാലാപ്പിളി പുതുക്കാട് എസ്റ്റേറ്റിലെ സെക്ടര്‍ 89 ഭാഗത്ത് എത്തിയത്. പുലര്‍ച്ചെ ആറരയോടെ റബ്ബര്‍ ടാപ്പിങ്ങിനെത്തിയ തൊഴിലാളികളാണ് തോട്ടത്തില്‍ നിന്ന കാട്ടാനക്കൂട്ടത്തെ ആദ്യം കണ്ടത്. വിവരമറിഞ്ഞ് വനപാലകരുമെത്തി. ശബ്ദമുണ്ടാക്കിയും പടക്കം പൊട്ടിച്ചും ആനകളെ കാട്ടിലേക്ക് തുരത്താന്‍ ശ്രമം നടത്തിയെങ്കിലും കാട്ടാനക്കൂട്ടം തോട്ടത്തില്‍ തന്നെ നിലയുറപ്പിച്ചു.
ആറു മണിക്കൂറിന് ശേഷമാണ് കാട്ടാനക്കൂട്ടം കാടുകയറിയത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലും ഈ പ്രദേശത്ത് കാട്ടാനക്കൂട്ടമിറങ്ങിയിരുന്നു. തോട്ടത്തില്‍ കാട്ടാനകളിറങ്ങുന്നത് തുടർച്ചയായതോടെ ആശങ്കയിലാണ് തൊഴിലാളികള്‍. ഈ സാഹചര്യത്തിലാണ് കുങ്കിയാനകളെ എത്തിച്ച് കാട്ടാനകളെ സ്ഥിരമായി കാടുകയറ്റാനുള്ള നീക്കം വനവകുപ്പ് നടത്തുന്നത്. ആനക്കൂട്ടം തിരിച്ചിറങ്ങുന്നില്ലെന്ന് ഉറപ്പാക്കുന്ന വരെ കുങ്കിയാനകൾ പാലപ്പിള്ളിയിലുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: