കോഴിക്കോട്: സംസ്ഥാനത്ത് റേഷൻ കടകൾ മുഖേനയുള്ള ഓണക്കിറ്റ് വിതരണം വീണ്ടും തടസ്സപ്പെട്ടു. ഇ – പോസ് സെർവർ തകരാറിനെ തുടർന്നാണ് കിറ്റ് വിതരണം തടസ്സപ്പെട്ടത്. ഇ-പോസ് മെഷീനിൽ നിരന്തരം നേരിടുന്ന തടസം വ്യാപാരികൾക്ക് തലവേദനയാണ്. സെർവർ പ്രശ്‌നവും അപ്‌ഡേഷനുമാണ് കാരണമായി പറയുന്നത്.
ഓണക്കിറ്റ് വിതരണത്തിന്റെ ആദ്യദിനം തന്നെ ഇ-പോസ് പണിമുടക്കി. ഇന്നലെയും ഉച്ചയ്‌ക്ക് ശേഷം പലയിടത്തും ഇതാവർത്തിച്ചു. പിങ്ക് കാർഡുടമകൾക്കാണ് ഇന്ന് ഓണക്കിറ്റ് വിതരണം ചെയ്യുന്നത്. കുറേനാളുകളായി ഇ-പോസ് മെഷീനുകളുടെ തകരാര്‍ പൊതുവിതരണ സമ്പ്രദായത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന പരാതിയുണ്ട്.
ഓണക്കിറ്റ് വിതരണത്തിന് മുന്നോടിയായി ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നുവെങ്കിലും രണ്ട് ദിവസത്തിനിടെ രണ്ടാം തവണയും സർവർ തകരാർ ഉണ്ടായത് തിരിച്ചടിയായി.
ഓണത്തിന് മഞ്ഞക്കാർഡുകാർക്ക് ഒരുകിലോ സ്പെഷ്യൽ പഞ്ചസാരയും നീല, വെള്ള കാർഡുകാർക്ക് പത്ത് കിലോ സ്‌പെഷ്യൽ അരിയും നൽകുമെന്ന് സർക്കാർ അറിയിച്ചിരുന്നു. എന്നാൽ സ്‌പെഷ്യൽ പഞ്ചസാരയോ അരിയോ ഒന്നും സ്‌റ്റോക്ക് ഇല്ലെന്ന് വ്യാപാരികൾ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: