തിരുവനന്തപുരം: അധികാരം ദുര്‍വിനിയോഗം ചെയ്തതിന്റെ പേരില്‍ പിരിച്ചുവിട്ട പോലീസ് ഇന്‍സ്പെക്ടറെ സര്‍വീസില്‍ തിരിച്ചെടുത്തു.തൊടുപുഴ എസ് എച്ച് ഒയായിരുന്ന എന്‍ ജി ശ്രീമോനെയാണ് തിരിച്ചെടുത്തത്. 18 കേസുകളില്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ശ്രീമോനെ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിട്ടത്.
കഴിഞ്ഞ ദിവസം ഭക്ഷ്യമന്ത്രി ജി. ആര്‍ അനിലുമായുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നപ്പോള്‍ തിരുവനന്തപുരം വട്ടപ്പാറ ഇന്‍സ്പെക്ടര്‍ ഗിരിലാലിനെ വിജിലന്‍സിലേക്ക് സ്ഥലംമാറ്റി ഉത്തരവ് വന്നിരുന്നു. ഇതേ ഉത്തരവിലാണ് ശ്രീമോനെ തിരിച്ചെടുത്തത്.
സിവില്‍ തര്‍ക്കത്തില്‍ അന്യായമായി ഇടപെട്ട് പീഡിപ്പിക്കുന്നുവെന്നാരോപിച്ച് തൊടുപുഴ ഉടുമ്പന്നൂര്‍ സ്വദേശി ബേബിച്ചന്‍ നല്‍കിയ പരാതിയിലായിരുന്നു കോടതിയുടെ അന്നത്തെ നടപടി. വിജിലന്‍സ് ഐ ജി എച്ച് വെങ്കിടേഷ് നല്‍കിയ അന്വേഷണ റിപ്പോര്‍ട്ട് പരിഗണിച്ചായിരുന്നു ഉത്തരവ്.
ശ്രീമോനെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. പിന്നാലെ വിജിലന്‍സിന്റെ അന്വേഷണത്തില്‍ 18 പരാതികളില്‍ കഴമ്പുണ്ടെന്ന് ഐ ജി എച്ച് വെങ്കിടേഷ് കണ്ടെത്തി. കസ്റ്റഡി മര്‍ദ്ദനം , കൈക്കൂലി, ഭീഷണിപ്പെടുത്തല്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ശ്രീമോനെതിരെ ചുമത്തിയത്. ഇത്തരം ഉദ്യോഗസ്ഥര്‍ സമൂഹത്തിന് ഭീഷണിയാണെന്നായിരുന്നു ഉത്തരവ് പുറപ്പെടുവിച്ചുകൊണ്ട് കോടതി പരാമര്‍ശിച്ചത്.പിന്നാലെ ശ്രീമോന്‍ എഡിജിപി വിജയ് സാഖറെയ്‌ക്ക് അപ്പീല്‍ നല്‍കുകയും തിരിച്ചെടുക്കുകയായിരുന്നു. ക്രൈം ബ്രാഞ്ചിലാണ് ഉദ്യോഗസ്ഥന് പുതിയ നിയമനം നൽകിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: