കൊല്ലം: റെയില്‍വേ സ്റ്റേഷനിലും പാഴ്സല്‍ കേന്ദ്രങ്ങളിലും ഡോഗ് സ്ക്വാഡുമായെത്തി എക്സൈസ് പരിശോധന. ഓണത്തിന് മുന്നോടിയായാണ് പരിശോധന നടത്തിയത്. കൊല്ലം പോലീസിന്റെ കെ-9 ഡോഗ് സ്ക്വാഡാണ് ഒപ്പമുണ്ടായിരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ പാഴ്സല്‍ സര്‍വീസുകളിലൂടെ എംഡിഎംഎ കൊല്ലം എക്സൈസ് പിടികൂടിയിരുന്നു. ഇന്നലെ ഉച്ചയ്ക്ക് തുടങ്ങിയ പരിശോധന വൈകിട്ടാണ് സമാപിച്ചത്. പാഴ്സല്‍ കേന്ദ്രങ്ങളില്‍ ദീര്‍ഘനാളായി ഉടമസ്ഥരില്ലാതെ കിടന്നിരുന്നതും സംശയാസ്പദവുമായ പാഴ്സലുകളും പരിശോധനയ്ക്ക് വിധേയമാക്കി.
കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ സംശയമുള്ള യാത്രക്കാരെയും അവരുടെ ബാഗേജുകളും പരിശോധനയ്ക്ക് വിധേയമാക്കി. കൂടാതെ ട്രെയിനില്‍ വന്നിറങ്ങിയ യാത്രക്കാരെയും പരിശോധിച്ചു. ലഹരി വസ്തുക്കള്‍ കണ്ടെത്താന്‍ പ്രത്യേക പരിശീലനം ലഭിച്ച പോലീസ് നായയുടെ സഹായത്തോടെ ആയിരുന്നു പരിശോധന. റെയില്‍വേ സ്റ്റേഷനില്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയായിരുന്നു പരിശോധന. അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ വി. റോബര്‍ട്ട് ആണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്.
മദ്യം മയക്കുമരുന്ന് അടക്കമുള്ള ലഹരിവസ്തുക്കള്‍ കണ്ടെത്താന്‍ പോലീസ് ഡോഗ്സ്കോഡിന്റെ സഹായത്തോടെ തുടര്‍ന്നും പരിശോധനകള്‍ ഉണ്ടാകുമെന്ന് കൊല്ലം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ ബി. സുരേഷ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: