ന്യൂദല്‍ഹി: സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തോണ്‍ (എസ്ഐഎച്ച്) അഞ്ചാം പതിപ്പിന്റെ ഗ്രാന്‍ഡ് ഫിനാലെ നാളെ. രാത്രി എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഗ്രാന്‍ഡ് ഫിനാലെയെ അഭിസംബോധന ചെയ്യും.
75 നോഡല്‍ കേന്ദ്രങ്ങളിലായി സംഘടിപ്പിക്കുന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ 15,000ത്തിലധികം വിദ്യാര്‍ത്ഥികളും മാര്‍ഗദര്‍ശികളും പങ്കെടുക്കും. 2900ലധികം വിദ്യാലയങ്ങളെയും 2200 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയും പ്രതിനിധീകരിച്ചെത്തുന്ന വിദ്യാര്‍ത്ഥികള്‍ 53 കേന്ദ്രമന്ത്രാലയങ്ങളില്‍ നിന്നുള്ള 476 പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടും.
സമൂഹവും സംഘടനകളും സര്‍ക്കാരും നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേദി ഒരുക്കുന്നതിനുള്ള സംരംഭമാണ് എസ്ഐഎച്ച്. വിദ്യാര്‍ത്ഥികളില്‍ ഉല്‍പ്പന്ന നവീകരണം, പ്രശ്നപരിഹാരം, പരിധികള്‍ മറികടന്നുള്ള ചിന്താശീലം എന്നിവ വളര്‍ത്തിയെടുക്കുന്നത് ലക്ഷ്യമിട്ടാണ് 2017ല്‍ എസ്ഐഎച്ച് ആരംഭിച്ചത്. എസ്ഐഎച്ചിന്റെ ആദ്യ പതിപ്പില്‍ രജിസ്റ്റര്‍ ചെയ്തത് 7500 ടീമുകളായിരുന്നുവെങ്കില്‍ ഇപ്പോഴത്തെ അഞ്ചാം പതിപ്പില്‍ 29,600 ടീമുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: