ന്യൂദൽഹി: ഇന്ത്യയിലെ ദേശീയ പാതകളിലുടനീളമുള്ള ടോൾ പ്ലാസകൾ നീക്കം ചെയ്യാൻ കേന്ദ്രസർക്കാർ തീരുമാനം. നമ്പര്‍ പ്ലേറ്റ് അടിസ്ഥാനമാക്കിയുള്ള പിരിവിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് തീരുമാനം. നിശ്ചിത ഇടങ്ങളില്‍ സ്ഥാപിക്കുന്ന ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റീഡർ ക്യാമറകളാകും ടോള്‍ പിരിവ് സാധ്യമാക്കുക. ടോള്‍ പിരിവുമായി ബന്ധപ്പെട്ട ദൂരപരിധി പ്രശ്‌നങ്ങളും പുതിയ സംവിധാനത്തില്‍ പരിഹരിക്കപ്പെടും.
നിശ്ചിത ഇടങ്ങളില്‍ സ്ഥാപിക്കുന്ന ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റീഡർ ക്യാമറകൾ വാഹനത്തിന്റെ നമ്പറുകൾ റീഡ് ചെയ്യുകയും വാഹന ഉടമകളുടെ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടുകളിൽ നിന്നും സ്വയമേവ ടോൾ കുറയ്‌ക്കുകയും ചെയ്യും. ഈ പദ്ധതിയുടെ പ്രാഥമിക നടപടികൾ നടന്നുവരികയാണെന്നും ഈ മാറ്റം സുഗമമാക്കുന്നതിനുള്ള നിയമ ഭേദഗതികൾ ആലോചിക്കുന്നുണ്ടെന്നും റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.
2019-ൽ, കമ്പനി ഘടിപ്പിച്ച നമ്പർ പ്ലേറ്റുകളോടെ വാഹനങ്ങൾ കൊണ്ടു വരുമെന്ന് കേന്ദ്രസർക്കാർ നിയമം കൊണ്ടുവന്നിരുന്നു. ഇതിനെത്തുടർന്ന് കഴിഞ്ഞ നാല് വർഷമായി വന്ന വാഹനങ്ങൾക്ക് വ്യത്യസ്ത നമ്പർ പ്ലേറ്റുകളാണുള്ളത്. ഈ നമ്പർ പ്ലേറ്റുകൾ ക്യാമറകൾക്ക് പെട്ടെന്ന് റീഡ് ചെയ്യാൻ സാധിക്കും. എന്നാൽ ടോൾ പ്ലാസ ഒഴിവാക്കി പണം നൽകാത്ത വാഹന ഉടമയ്‌ക്ക് പിഴ ചുമത്താൻ നിയമപ്രകാരം വ്യവസ്ഥയില്ല. ആ വ്യവസ്ഥ നമുക്ക് നിയമത്തിന് കീഴിൽ കൊണ്ടുവരണം. ഇത്തരം നമ്പർ പ്ലേറ്റുകളില്ലാത്ത വാഹനങ്ങൾക്ക് ഒരു നിശ്ചിത സമയത്തിനുള്ളിൽ അവ സ്ഥാപിക്കാനുള്ള ഒരു വ്യവസ്ഥ കൊണ്ടുവരും. ഇതിനായി ഒരു ബിൽ കൊണ്ടുവരേണ്ടതുണ്ടെന്ന് ഗഡ്കരി ദി ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
പുതിയ ടോള്‍ പിരിവ് സമ്പ്രദായത്തിനായി നിയമഭേദഗതി അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കും. രണ്ട് ഉപാധികളാണ് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടത്. ടോള്‍ പ്ലാസയ്‌ക്കൊപ്പം ഫാസ് ടാഗും പുതിയ ഭേദഗതി വരുന്നതോടെ ഇല്ലാതാകും. അടുത്ത ഒരു വര്‍ഷത്തില്‍ തന്നെ ഇതിനായുള്ള നടപടികള്‍ പൂര്‍ത്തീകരിക്കാനാണ് തീരുമാനം.
ടോൾ പിരിവിലൂടെ ഏകദേശം 40,000 കോടി രൂപയുടെ വരുമാനമാണ് രാജ്യത്തുള്ളത്. മൊത്തം ടോൾ പിരിവിന്റെ 97 ശതമാനവും ഫാസ്‌ടാഗ് ഉപയോഗിച്ചാണ് നടക്കുന്നത് – ബാക്കിയുള്ള 3 ശതമാനം ഫാസ്‌ടാഗുകൾ ഉപയോഗിക്കാത്തതിന് സാധാരണ ടോൾ നിരക്കുകളേക്കാൾ കൂടുതലാണ്. ഫാസ്ടാഗുകൾ ഉപയോഗിച്ച്, ഒരു ടോൾ പ്ലാസ കടക്കാൻ ഒരു വാഹനത്തിന് ഏകദേശം 47 സെക്കൻഡ് എടുക്കും. ഓരോ ടോൾ പ്ലാസയിലൂടെയും മണിക്കൂറിൽ 112 വാഹനങ്ങൾ കടന്നു പോകുമ്പോൾ ഓട്ടോമാറ്റിക് ക്യാമറ റീഡറിലൂടെ മണിക്കൂറിൽ 260-ലധികം വാഹനങ്ങൾ പ്രോസസ്സ് ചെയ്യാൻ കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: