ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ അതികായരുടെ പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ജയം. കരുത്തരായ ലിവര്‍പൂളിനെ സ്വന്തം തട്ടകത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിന് വീഴ്ത്തി യുണൈറ്റഡ്. ജോഡന്‍ സാഞ്ചൊ, മാര്‍കസ് റഷ്ഫോഡ് എന്നിവര്‍ യുണൈറ്റഡിനായി സ്കോര്‍ ചെയ്തപ്പോള്‍, മുഹമ്മദ് സല ലിവര്‍പൂളിന്റെ ആശ്വാസം.
ചുവന്ന ചെകുത്താന്മാര് എന്ന വിളിപ്പേരുള്ള യുണൈറ്റഡിന്റെ പുതിയ പരിശീലകന് എറിക് ടെന്‍ ഹാഗിന് കീഴിലുള്ള ആദ്യ ജയമാണിത്. ലിവര്‍പൂളിനാകട്ടെ തുടരെ മൂന്നാം മത്സരത്തിലും ജയം കാണാനായില്ല.
ആദ്യ കളികളില്‍ തോറ്റ ടീമില്‍ മാറ്റം വരുത്തിയാണ് എറിക് ഓള്‍ഡ്ട്രാഫോഡില്‍ യുണൈറ്റഡിനെ അണിനിരത്തിയത്. ആദ്യ ഇലവനില്‍ നിന്ന് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും നായകന് ഹാരി മഗ്വയറിനെയും നീക്കി. പകരം എലാന്‍ഗയെയും റാഫേല്‍ വരാനെയെയും ഉള്‍പ്പെടുത്തി. വരാനെ എത്തിയതോടെ പ്രതിരോധം ശക്തമായി. 4-2-3-1 എന്ന ശൈലിയിലാണ് യുണൈറ്റഡ് കളിച്ചത്. പതിനാറാം മിനിറ്റില്‍ എലാന്‍ഗയുടെ പാസില്‍ നിന്നാണ് സാഞ്ചോ ആദ്യ ഗോള്‍ നേടിയത്. ഒരു ഗോള്‍ ലീഡില്‍ യുണൈറ്റഡ് ഇടവേളയ്ക്കു പിരിഞ്ഞു.
രണ്ടാം പകുതിയില്‍ എലാന്ഗയ്ക്ക് പകരം ആന്റണി മാര്‍ഷ്യലിനെ കൊണ്ടുവന്നത് ഫലം കണ്ടു. 53-ാം മിനിറ്റില്‍ മാര്‍ഷ്യലിന്റെ പാസ് സ്വീകരിച്ച് മുന്നേറിയ റാഷ്ഫോര്‍ഡ് ലിവര്‍പൂള്‍ ഗോളി അലിസണെ കബിളിപ്പിച്ച് പന്ത് വലയിലെത്തിച്ചു. രണ്ട് ഗോള്‍ പിറന്നതോടെ ലിവര്‍പൂള്‍ ആക്രമണം ശക്തിപ്പെടുത്തി. 81-ാം മിനിറ്റില്‍ അതിനു ഫലമുണ്ടായി. ബോക്സിനുള്ളിലെ കൂട്ടപ്പൊരിച്ചിലിനൊടുവില്‍ സല ലക്ഷ്യം കണ്ടു. സമനിലയ്ക്കായി ലിവര്‍പൂള്‍ ആക്രമണം ശക്തിപ്പെടുത്തിയെങ്കിലും വരാനെയുടെ നേതൃത്വത്തിലുള്ള പ്രതിരോധം ഉറച്ചു നിന്നു. കളിയുടെ അവസാന മിനിറ്റുകളില്‍ പകരക്കാരനായാണ് ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ കളിക്കാനിറങ്ങിയത്.
അവസാന സ്ഥാനത്തായിരുന്ന യുണൈറ്റഡ് ജയത്തോടെ പതിനാലാമതായി. മൂന്ന് മത്സരങ്ങളില്‍ നിന്ന് മൂന്ന് പോയിന്റ്. ഇത്രയും മത്സരങ്ങളില്‍ നിന്ന് രണ്ട് പോയിന്റുള്ള ലിവര്‍പൂള്‍ പതിനാറാമത്. മൂന്നു കളികള്‍ ജയിച്ച ആഴ്സണലാണ് ഒന്നാമത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: