വടക്കേഞ്ചേരി: വടക്കഞ്ചേരി – മണ്ണുത്തി ദേശീയപാതയില്‍ വടക്കഞ്ചേരി മേല്‍പ്പാലത്ത് പൊളിച്ചുപണിത ഭാഗം വീണ്ടും തകര്‍ന്നു. തൃശൂര്‍ ഭാഗത്തേക്കുള്ള മേല്‍പ്പാലത്തില്‍ ജോയിന്റ് വരുന്ന ഭാഗമാണ് വീണ്ടും തകര്‍ന്നിരിക്കുന്നത്. ജൂലൈ ആദ്യവാരത്തില്‍ സിമന്റ് ഉപയോഗിച്ച കോണ്‍ക്രീറ്റിങ് നടത്തിയ ഇരുമ്പുപാളികള്‍ തമ്മില്‍ യോജിക്കുന്ന ഭാഗത്താണ് ഇപ്പോള്‍ പൂര്‍ണമായും തകര്‍ന്ന അവസ്ഥയാണ് റോഡിന്റെ അടിവശത്തെ പാത കാണുന്ന രീതിയില്‍ അടര്‍ന്നു മാറിയിട്ടുണ്ട്.
ഈ ഭാഗത്തുള്ള കോണ്‍ക്രീറ്റ് അടര്‍ന്നു വീഴുന്നത് അടിവശത്ത് അപകട ഭീഷണിയും ഉണ്ടാക്കുന്നുണ്ട്. പാലത്തിന്റെ സ്ലാബുകള്‍ തമ്മില്‍ യോജിപ്പിക്കുന്ന ഭാഗം കുത്തി പൊളിച്ച് ഇരുമ്പ് റാഡുകള്‍ സ്ഥാപിച്ച് വീണ്ടും കോണ്‍ക്രീറ്റ് ചെയ്യുകയാണ് പതിവ്. എന്നാല്‍ അശാസ്ത്രീയമായ ഈ പ്രവര്‍ത്തനങ്ങളാണ് ജോയിന്റ് ഭാഗങ്ങള്‍ വീണ്ടും തകരാന്‍ കാരണമാവുന്നത്. ഭാരവാഹനങ്ങള്‍ പോകുമ്പോള്‍ പാലത്തില്‍ കുലുക്കം അനുഭവപ്പെടുന്നത് പതിവാണ്. അതോടൊപ്പം കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നു നീങ്ങി മേല്‍പ്പാലത്തില്‍ നിന്നും അടിവശത്തേക്ക് കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ അടര്ന്നുവീഴാറുമുണ്ട്.
കഴിഞ്ഞവര്‍ഷം ഫെബ്രുവരി ആറിന് വടക്കഞ്ചേരി മേല്‍പ്പാലം ഗതാഗതത്തിനായി തുറന്ന് കൊടുത്തതിന് ശേഷം ഇരുപാലങ്ങളിലുമായി അമ്പതിലധികം തവണ കുത്തിപ്പൊളിച്ചു പണിതുകഴിഞ്ഞു. തൃശൂര്‍ ഭാഗത്തേക്കുള്ള പാലത്തില്‍ ഇപ്പോള്‍ പൊളിഞ്ഞുകിടക്കുന്ന സ്ഥലത്ത് ഭാഗിക ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദേശീയപാതയുടെ പണികള്‍ പൂര്‍ത്തീകരിക്കുന്നതിനുമുമ്പ് ടോള്‍ പിരിവ് ആരംഭിച്ച കരാര്‍ കമ്പനി ഇപ്പോഴും ടോള്‍ പിരിവ് നിര്‍ബാധം തുടരുന്നു.
സംസ്ഥാനത്ത് മറ്റെവിടെയുമില്ലാത്ത നിലയിലുള്ള ടോള്‍ നിരക്കാണ് പന്നിയങ്കരയിലുള്ളത്. ടോള്‍ നല്കിയാലും കുഴപ്പമില്ല റോഡ് നന്നാക്കിയാല്‍ മതിയെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: