‘എവിടെപോകുന്നു’ എന്ന് ചോദിക്കുമ്പോള്‍ ‘ഗോകര്‍ണത്തേക്ക്’ എന്ന ചൊല്ല് നമുക്കിടയില്‍ ഇപ്പോഴും ഉണ്ട്. ഗോകര്‍ണം അങ്ങ് ദൂരെ എവിടെയോ എന്ന് തോന്നിപ്പിക്കുന്നപോലെ. എന്നാല്‍ കേരളത്തോട് ചേര്‍ന്ന് കിടക്കുന്ന ഗോകര്‍ണം ഓരോ വിശ്വാസിയും ഒരിക്കലെങ്കിലും എത്തിച്ചേരേണ്ടിടമാണ്. പരശുരാമന് മഴുവെറിഞ്ഞത് ഗോകര്‍ണത്ത് നിന്നാന്നായിരുന്നു എന്നാണ് പുരാണം. ഗോകര്‍ണം മുതല്‍ കന്യാകുമാരി വരെ നീണ്ടതായിരന്നത്രേ കേരളം. അത് ശരിവയ്ക്കുന്നതാണ് ഗോകര്‍ണത്തെ പ്രകൃതിയും. ഒരുവശത്ത് സഹ്യപര്‍വതവും മറുവശത്ത് അറബിക്കടലും കാവല്‍ നില്ക്കുന്ന പുണ്യതീരം. രാമായണവുമായി ഇഴചേര്‍ന്നിരിക്കുന്നു ഇവിടുത്തെ ഐതിഹ്യം.
മഹാബലവാനായ രാവണന്റെ മാതാവ്, കൈകസി ശിവഭക്തയായിരുന്നു. കൈകസി പൂജിച്ച ശിവലിംഗം ദേവേന്ദ്രന്, കടലിലെറിഞ്ഞു. അമ്മയുടെ ദുഃഖം മനസിലാക്കിയ രാവണന് കൈലാസത്തിലെത്തി പരമേശ്വരനെ തപസ്സു ചെയ്തു. അമ്മയക്ക് പൂജിക്കാന്‍ ആത്മലിംഗം വേണമെന്നായിരുന്നു ആവശ്യം. കഠിനമായ തപസ്സിനൊടുവിലും പരമേശ്വരന് പ്രത്യക്ഷനായില്ല. ഒടുവില്‍ രാവണന് തന്റെ പത്ത് തലകളില്‍ ഒരോന്നായി അറുത്ത് അഗ്നികുണ്ഠത്തിലേക്ക് ഇടാന്‍ തുടങ്ങി. അചഞ്ചല ഭക്തനായ രാവണന്റെ ജീവന് നഷ്ടമാകുമെന്നു മനസിലാക്കിയ ശിവഭഗവാന് ഒടുവില്‍ പ്രത്യക്ഷനായി. ഭക്തന്റെ ആഗ്രഹം നിറവേറ്റിക്കൊണ്ട് തന്റെ മുഴുവന്‍ ശക്തിയും ആവാഹിച്ച ‘ആത്മലിംഗം’ രാവണന് നല്കി. ഒരിക്കലും താഴെ വയ്ക്കരുതെന്ന മുന്നറിയിപ്പോടെ. ആത്മലിഗം ലങ്കയിലെത്തിയാല്‍ അപകടമാകുമെന്ന് മനസാലാക്കിയ ദേവഗണങ്ങള്‍ ശിതപത്നിയായ പാര്‍വതിയുടെ അടുത്തെത്തി സഹായം അഭ്യര്‍ത്ഥിച്ചു. ആത്മലിംഗം തിരിച്ചെടുക്കാന്‍ പാര്‍വതി മഹാഗണപതിയെ ചുമതലപ്പെടുത്തി.
ആത്മലിംഗം കൈയിലേന്തിയ രാവണന് അറബിക്കടലിനു സമീപം എത്തിയപ്പോള്‍ മാഹാവിഷ്ണു തന്റെ സുദര്‍ശന ചക്രത്താല്‍ സൂര്യനെ മറച്ച് പകലിനെ സന്ധ്യയാക്കി. അതുകണ്ട്, ബ്രാഹ്മണനായ രാവണന് സന്ധ്യാവന്ദനത്തിനായി തയ്യാറെടുത്തു. ആത്മലിംഗം ഭൂമിയില്‍ സ്പര്‍ശിക്കാന്‍ പാടില്ലാത്തതിനാല്‍ അതൊന്ന് സൂക്ഷിക്കാനായി ചുറ്റും നോക്കി. ഈസമയം ഗണപതി ഗോക്കളെ മേയ്ക്കുന്ന ബ്രാഹ്മണരൂപത്തിലെത്തി. ആത്മലിംഗം ഗണപതിയെ ഏല്പിച്ച് രാവണന് സന്ധ്യാവന്ദനത്തിന് പോയി. താന്‍ മൂന്നുതവണ രാവണനെ വിളിക്കുമെന്നും അതിനകം തിരികെ വന്നില്ലെങ്കില്‍ ആത്മലിംഗം ഉപേക്ഷിച്ച് ഗോക്കളുമായി പോകുമെന്നുമായിരുന്നു ഗണപതി രാവണനെ അറിയിച്ചത്. ഇതനുസരിച്ച് മൂന്നുതവണ ഗണപതി വിളിച്ചിട്ടും രാവണന് എത്താത്തതിനാല്‍ ഗണപതി ആത്മലിംഗം തറയില്‍ വച്ചുവെന്നാണ് ഒരു ഐതിഹ്യം.
മഹാബലേശ്വരനായ മഹാദേവന്
സന്ധ്യാവന്ദനത്തിന് പോയതല്ലെന്നും ദേവഗണങ്ങളുടെ മായാപ്രഭാവത്താല് രാവണന് ഒരിക്കലും തീരാത്ര മൂത്രശങ്ക ഉണ്ടാക്കുകയായിരുന്നുവെന്നുമാണ് മറ്റൊരു ഐതിഹ്യം. ഭൂമിയില്‍ വച്ച ശിവലിംഗം തറയില്‍ ഉറച്ചു. തിരികെ എത്തിയ രാവണന് തറയിലുറച്ച ശിവലിംഗമാണ് കാണുന്നത്. കോപത്താന് ജ്വലിച്ച രാവണന് ബ്രാഹ്മണരൂപത്തിലുള്ള ഗണപതിയുടെ കൈയില്‍ പിടിച്ചുവലിച്ച് തലയില്‍ അടിച്ചു. ഇതോടെ ബ്രാഹ്മണരൂപം ഗണപതി വിഗ്രഹമായി മാറി. ശിവലിംഗം ഉയര്‍ത്താന്‍ രാവണന് കഴിവതും ശ്രമിച്ചു. ശിവലിംഗം തിരിഞ്ഞു തിരിഞ്ഞ് ഗോവിന്റെ (പശുവിന്റെ ചെവി)രൂപത്തിലായി. അതിനൊപ്പം ആ പ്രദേശവും ഗോവിന്റെ ചെവിയുടെ രൂപത്തില്‍ ‘ഗോകര്‍ണം’ ആയി മാറി. മഹാബലവാനായ തനിക്ക് പോലും ശിവലിഗം ഉയര്‍ത്താന്‍ കഴിയില്ല എന്ന് മനസ്സിലാക്കിയപ്പോള്‍ പരമശിവനെ അവിടെ വച്ചു പൂജിച്ചു രാവണന്. ഭഗവാനെ ‘മഹാബലേശ്വരന്’ എന്ന് നാമകരണം ചെയ്തുവെന്നുമാണ് ഒരു വിശ്വാസം.
മറ്റൊന്ന,് ആത്മലിംഗം പ്രതിഷ്ഠിച്ച ശേഷം ഗോക്കളുമൊത്ത് ഗണപതി മറയാന്‍ ശ്രമിച്ചു. ക്രുദ്ധനായ രാവണന് മറഞ്ഞു പൊയ്ക്കൊണ്ടിരുന്ന ഒരു പശുവിന്റെ ചെവിയില്‍ പിടിച്ചുവലിക്കുകയും അത് മുറിഞ്ഞുവീഴുകയും ചെയ്തു. അങ്ങനെയാണ് ഈ സ്ഥലത്തിന് പശുവിന്റെ ചെവി എന്നര്‍ത്ഥം വരുന്ന ഗോകര്‍ണം എന്ന പേര് വന്നത് എന്നാണ്. ഗോവിന്റെ ചെവിയിലൂടെ ശിവഭഗവാന് ഭൂജതാനായതിനാലാണ് ഗോകര്‍ണം എന്ന പേര് വന്നതെന്നും മറ്റൊരു ഐതിഹ്യമുണ്ട്. അങ്ങനെ നിരവധി ഐതിഹ്യങ്ങള്‍ നിറഞ്ഞതാണ് ഗോകര്‍ണം. എന്തായാലും ഉത്തരകര്‍ണാടകയിലെ ഗംഗാവലി, അഗ്നാശിനി നദികളുടെ നടുക്കായി സ്ഥിതിചെയ്യുന്ന ഗോകര്‍ണത്തിന് പശുവിന്റെ ചെവിയുടെ ആകൃതി ഉണ്ടെന്നാണ് വിശ്വാസം.
ഗോകര്‍ണത്തെ രാവണന്റെ ബലത്താല്‍ ഗോവിന്റെ ചെവിയുടെ രൂപത്തിലേക്ക് വലിഞ്ഞ് മുറുകിയ ശിവലിംഗ ഭാഗമാണ് ഇവിടെയുള്ളത്. രാവണന്റെ അടിയേറ്റ് സിദ്ധിവിനായകനായി മാറിയ മഹാഗണപതിക്കുമുണ്ട് പ്രത്യേകതകള്‍. ഇരുകരങ്ങള്‍ മാത്രമായി നില്കുന്ന ഗണപതി അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. അഞ്ചടി ഉയരത്തില്‍ ഗ്രാനൈറ്റിലാണ് വിഗ്രഹം ഉള്ളത്. ഗണപതി ക്ഷേത്രത്തിന് മുന്നില്‍ സദാ കൂട്ടമായി നില്കുന്ന ഗോക്കളെയും കാണാം.
ദക്ഷിണ ഭാരത്തിലെങ്ങും ശ്രീകോവിലിനുള്ളില്‍ ഭക്തര്‍ക്ക് പ്രവേശനമില്ല. എന്നാല്‍ മഹാബലേശ്വര ക്ഷേത്രത്തില്‍ ശ്രീകോവിലിനുള്ളില്‍ കയറി ആത്മലിംഗത്തിന്റെ ശേഷിപ്പില്‍ സ്പര്‍ശിക്കാനാകും. ശ്രീകോവിലിനുള്ളില്‍ നിലയ്ക്കാത്തൊരു നീരുറവയുണ്ട്. ആത്മസമര്‍പ്പണമാണ് ഇവിടുത്തെ പൂജകളെല്ലാം. ഗോകര്‍ണത്ത് പിതൃമോക്ഷകര്മ്മകളും ചെയ്യാം. ക്ഷേത്രത്തില്‍ നന്ദിയ്ക്ക് സമാനമായ, ജീവനുള്ള ഒരു കാളയുണ്ട്.
ഗണപതിക്കൊപ്പം ഗോക്കള്‍ മറഞ്ഞ ‘ഗോഗര്ഭവും’ ‘കോടിതീര്‍ത്ഥവും’ ‘രാമതീര്‍ഥ’യും ‘ഭരതക്ഷേത്ര’വും മഹാബലേശ്വര്‍ ക്ഷേത്രത്തിന് സമീപത്തായുണ്ട്. കടല്‍ തീരത്താണെങ്കിലും ശുദ്ധജലം നിറഞ്ഞ കോടിതീര്‍ത്ഥവും ഒരിക്കലും വറ്റാത്ത നീരുറവയുള്ള രാമതീര്ഥയും ഇന്നും അദ്ഭുദമായി നിലനില്കുന്നു. ശിവരാത്രി ഇവിടുത്തെ പ്രധാന ഉത്സവങ്ങളില്‍ ഒന്നാണ്. കുംഭമാസത്തില്‍ കറുത്തപക്ഷത്തിലെ ചതുര്ദശിദിവസമാണ് ശിവരാത്രി ആഘോഷിക്കുന്നത്. ആ ദിവസത്തെ രഥോത്സവം വളരെ പ്രസിദ്ധമാണ്. മഹാഗണപതിക്ഷേത്രത്തില്‍ നിന്നുമാണ് രഥോത്സവം ആരംഭിക്കുന്നത്. ശങ്കരാചാര്യരുടെ പാദസ്പര്‍ശമേറ്റ മണ്ണുകൂടിയാണിവിടം. മൂകാംബികയിലും മുരടേശ്വറിലേക്കും യാത്രപോകുന്നവര്‍ക്ക് വളരെ എളുപ്പത്തില്‍ എത്തിച്ചേരാനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: