കൊല്ലം: അവധിയുടെ ആവേശത്തില്‍ പാലരുവിയുടെ കുളിര് ഏല്ക്കാന് ജനപ്രവാഹം. ഇന്നലെ മാത്രം എത്തിയത് 5000 പേരെന്നാണ് ലഭ്യമായ വിവരം.
കൊവിഡിന്റെ നിയന്ത്രണങ്ങള്‍ കഴിഞ്ഞതോടെ അവധി ദിവസങ്ങള്‍ വിനോദസഞ്ചാരമേഖലയ്ക്ക് വലിയ ഉണര്‍വ് ഉണ്ടാക്കിയതിന്റെ തെളിവായാണ് ഇതിനെ കാണുന്നത്. നിലയ്ക്കാതെ പെയ്തിരുന്ന മഴയുടെ തടസ്സവും നീങ്ങിയതോടെ ജനം വിനോദയാത്രകള്‍ക്ക് താല്പര്യപ്പെടുന്നു. സഹായത്തിനായി കെഎസ്ആര്‍ടിസിയുടെ ഉല്ലാസയാത്രയും ഇപ്പോള്‍ സജീവമാണ്.
വിവിധ ഡിപ്പോകളില്‍ നിന്നും പാലരുവിയടക്കം വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കാണ് ഇപ്പോള്‍ കെഎസ്ആര്‍ടിസി പ്രത്യേക നിരക്കില്‍ ബസ്സ് സര്‍വ്വീസ് നടത്തിവരുന്നത്. പാലരുവിയില്‍ ഇപ്പോള്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ വെള്ളച്ചാട്ടം കാണാന്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയെങ്കിലും സഞ്ചാരികളുടെ വരവിന് കുറവില്ലെന്ന് അധികൃതര്‍ പറയുന്നു.
വെള്ളച്ചാട്ടത്തിന് സമീപം വരെ സ്വകാര്യവാഹനങ്ങള്‍ കടത്തിവിടാത്തതിനാല്‍ ചെക്ക്പോസ്റ്റില്‍ പാസ് എടുത്തതിന് വനംവകുപ്പിന്റെ പ്രത്യേകം വാഹനത്തിലാണ് ഇവിടേയ്ക്ക് പോകേണ്ടത്. അതിനായി കാത്തുനില്ക്കുന്നവരുടെ നിര പലപ്പോഴും വളരെ നീളത്തിലാണ് കാണാറുള്ളത്. തെന്മല എക്കോടൂറിസവും സമീപ വിനോദസഞ്ചാര മേഖലകളും ഇതോടൊപ്പം സജീവമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: