കൊല്ലം: ദേശീയപാത നിര്‍മാണത്തിന്റെ മറവില്‍ പകല്‍കൊള്ള നടക്കുമ്പോള്‍ അധികൃതര്‍ നിസംഗതയിലെന്ന് ആക്ഷേപം.
ദേശീയപാത നിര്‍മാണത്തിന് ആയിരക്കണക്കിന് ലോഡ് മണ്ണ് ആവശ്യമെന്നിരിക്കെ കരാര്‍ എടുത്തിരിക്കുന്ന കമ്പനിയുടെയും ഉദ്യോഗസ്ഥരുടെയും ഒത്താശയോടെ ദിനംപ്രതി നൂറുകണക്കിന് ലോഡ് മണ്ണ് ദേശീയപാതയോരത്ത് നിന്നും കടത്തുകയാണ്. ദേശീയപാതയോരത്ത് നിന്നുള്ള മണ്ണ് കൊണ്ട് താഴ്ന്ന പ്രദേശങ്ങള്‍ നികത്താമെന്നിരിക്കെ അതെല്ലാം അട്ടിമറിച്ച് കരമണ്ണ് മാഫിയയുമായി കരാറില്‍ ഏര്‍പ്പെട്ടു കൊണ്ട് അഴിമതി നടത്തുകയാണ് നിര്‍മ്മാണത്തിന്റെ മേല്‍നോട്ടമുള്ള ഉദ്യോഗസ്ഥരും കരാര്‍ ഏറ്റെടുത്തിരിക്കുന്ന കമ്പനിയുടെ ഒരു വിഭാഗം ജീവനക്കാരും. നിര്‍മാണ കമ്പനിയുടെ ഉദ്യോഗസ്ഥരുടെ കൂടി ഒത്താശയോടെ മണ്ണ് കടത്തുകയാണ് സംഘങ്ങള്‍.
സ്പിന്നിംഗ് മില്ലിനോട് ചേര്‍ന്നുള്ള സര്‍ക്കാര്‍ഭൂമിയില്‍ നിന്നും നിര്‍മാണ കമ്പനി അധികൃതരുടെ ഒത്താശയോടെ ലോഡുകണക്കിന് പാറയാണ് മതില് പൊളിച്ചു കടത്തിയത്. ഇനി ഇവിടെ മതില് കെട്ടണമെങ്കില്‍ ലോഡ് കണക്കിന് പാറ പുതിയതായി ഇറക്കണം. സര്‍ക്കാര്‍ഭൂമിയില്‍ നിന്നും മണ്ണും കടലുമായി പട്ടാപകല്‍ മോഷണം നടന്നിട്ടും ആരും നടപടിയെടുത്തില്ല. പോലീസില്‍ നാട്ടുകാര്‍ നിരവധി തവണ പറഞ്ഞിട്ടും തിരിഞ്ഞു നോക്കിയില്ലെന്നും ആരോപണമുണ്ട്.
കല്ലുവാതുക്കലില്‍ ഇഎസ്ഐ കോര്പ്പറേഷന്ഭൂമിയില് നിന്നും രാത്രിയുടെ മറവില്‍ നൂറുകണക്കിന് ലോഡ് മണ്ണാണ് കടത്തിയത്. പകല്‍സമയത്ത് മണ്ണെടുക്കാന്‍ വന്നത് നാട്ടുകാര്‍ തടഞ്ഞതോടെയാണ് രാത്രിയില്‍ മണ്ണെടുത്തത്. ഇതിനെതിരെയും നാട്ടുകാര്‍ പോലീസിലും വകുപ്പ് അധികൃതര്‍ക്കും പരാതി നല്‍കിയിട്ടും നടപടികള്‍ ഉണ്ടായില്ല. ദിവസവും ആയിരക്കണക്കിന് ലോഡ് മണ്ണ് കടത്തിയിട്ടും അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ് അധികൃതര്‍. കരാര്‍ എടുത്തിരിക്കുന്ന കമ്പനിയുമായി ബന്ധപ്പെട്ട് നടപടിയെടുക്കാന്‍ പോലീസും തയ്യാറാകുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: