ഹൈദരാബാദ്: തെലങ്കാനയില്‍ ടിആര്‍എസ് സര്‍ക്കാരിന്റെ കൗണ്ട്ഡൗണ്‍ തുടങ്ങിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മുനുഗോഡെയില്‍ ബിജെപി സംഘടിപ്പിച്ച തെരഞ്ഞെടുപ്പു പ്രചരണ റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അമിത് ഷാ. സിറ്റിങ് എംഎല്‍എ കോമതിറെഡ്ഡി രാജഗോപാല്‍ റെഡ്ഡി കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നതിനെത്തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പു നടക്കുന്നത്. ചന്ദ്രശേഖര്‍ റാവു സര്‍ക്കാരിന്റെ കാലം അവസാനിക്കുകയാണ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തിലെത്തും. ജനങ്ങള്‍ കെസിആര്‍ സര്‍ക്കാരിനെ പിഴുതെറിയും. ബിജെപിയുടെ മിഷന്‍ തെലങ്കാന 2023 ജനങ്ങള്‍ ഏറ്റെടുത്തുകഴിഞ്ഞു. അമിത് ഷാ പറഞ്ഞു.
ഹൈദരാബാദില്‍ അമിത് ഷാ ബിജെപിയുടെ റോഡ് ഷോ നയിച്ചു. അതേസമയം, അമിത് ഷായൂമായി പ്രശസ്ത ചലച്ചിത്ര നടന്‍ ജൂനിയര്‍ എന്‍ടിആര്‍ കൂടിക്കാഴ്ച നടത്തി. അവിഭക്ത ആന്ധ്രാപ്രദേശിന്റെ മുഖ്യമന്ത്രിയും സൂപ്പര്‍ സ്റ്റാറുമായിരുന്ന എന്‍ടിആറിന്റെ പേരമകനാണ് ജൂനിയര്‍ എന്‍ടിആര്‍. എന്‍ടിആര്‍ സ്ഥാപിച്ച തെലുങ്ക് ദേശം പാര്‍ട്ടിക്ക് വേണ്ടി 2009ലെ പൊതുതെരഞ്ഞെടുപ്പില്‍ ജൂനിയര്‍ എന്‍ടിആര്‍ പ്രചാരണം നടത്തിയിരുന്നു. അതിനു ശേഷം ഇത്ര വര്‍ഷമായി രാഷ്‌ട്രീയത്തില്‍ നിന്നും അകലം പാലിച്ചാണ് ജൂനിയര്‍ എന്‍ടിആര്‍ നിന്നിട്ടുള്ളത്. അദ്ദേഹത്തിന്റെ പിതാവ് നന്ദാമുറി ഹരികൃഷ്ണ ടിഡിപിയുടെ രാജ്യസഭാ അംഗമായിരുന്നു. പിതൃസഹോദരനും തെലുങ്ക് സൂപ്പര്‍സ്റ്റാറുമായ നന്ദാമുറി ബാലകൃഷ്ണ നിലവില്‍ ഹിന്ദ്പുര്‍ മണ്ഡലത്തില്‍ നിന്നുള്ള ടിഡിപി എംഎല്‍എയാണ്. ജൂനിയര്‍ എന്‍ടിആര്‍- അമിത് ഷാ കൂടിക്കാഴ്ച ഇതിനകം രാഷ്‌ട്രീയ കേന്ദ്രങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. അമിത് ഷാ രാമോജി റാവുവിനേയും വസതിയിലെത്തി സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: