ലണ്ടന്‍: മൂന്നില്‍ മൂന്നും ജയിച്ചു… 2004നു ശേഷമുള്ള ഏറ്റവും മികച്ച തുടക്കത്തിലൂടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്സണല്‍ രംഗം കൊഴുപ്പിച്ചു. മൂന്നാം മത്സരത്തില്‍ എഎഫ്സി ബേണ്‍മൗത്തിനെ എതിരില്ലാത്ത മൂന്നു ഗോളിന് തകര്‍ത്ത് ആഴ്സണല്‍ ലീഗ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറി. 2004നു ശേഷം ആദ്യമായാണ് പീരങ്കിപ്പട ലീഗില്‍ ആദ്യ മൂന്നു കളികള്‍ ജയിക്കുന്നത്.
മധ്യനിരക്കാരന് മാര്ട്ടിന് ഒഡെഗാര്‍ഡിന്റെ ഇരട്ട ഗോളുകളാണ് മൈക് ആര്തേറ്റയുടെ സംഘത്തിന് മിന്നും ജയം നേടിക്കൊടുത്തത്. അഞ്ച്, പതിനൊന്ന് മിനിറ്റുകളില്‍ ഒഡെഗാര്‍ഡ് ലക്ഷ്യം കണ്ടു. 54-ാം മിനിറ്റില്‍ പ്രതിരോധനിരക്കാരന്‍ വില്യം സാലിബ പട്ടിക പൂര്‍ത്തിയാക്കി.
ഗബ്രിയേല്‍ ജെസ്യൂസിന്റെ മുന്നേറ്റമാണ് ആദ്യ ഗോളിന് വഴിതുറന്നത്. മധ്യനിരയില്‍ നിന്ന് മൂന്ന് പേരെ വെട്ടിച്ച് പോസ്റ്റിലേക്ക് ഉതിര്‍ത്ത ഷോട്ട് ബേണ്‍മൗത്ത് ഗോളി തട്ടിത്തെറിപ്പിച്ചപ്പോള്‍ കിട്ടിയ അവസരം ഒഡെഗാര്‍ഡ് മുതലാക്കി. 11-ാം മിനിറ്റില്‍ ജെസ്യൂസുമായി ചേര്‍ന്നുള്ള നീക്കത്തിലൂടെ രണ്ടാം ഗോളും ഒഡെഗാര്‍ഡ് വലയിലാക്കി. ഗ്രനിത് സാക്കയുമായി ചേര്‍ന്നുള്ള നീക്കമാണ് സാലിബയുടെ മൂന്നാം ഗോളിലേക്ക് നയിച്ചത്. മൂന്ന് കളികളില്‍ ഒമ്പത് പോയിന്റുമായി ഒന്നാമതാണ് ആഴ്സണല്‍.
അതേസമയം, ലീഗിലെ മറ്റൊരു കളിയില്‍ മുന്‍ ചാമ്പ്യന്മാര് ലെസ്റ്റര്‍ സിറ്റിക്ക് തോല്‍വി. സതാംപ്ടണിനോട് സ്വന്തം മൈതാനത്ത് ഒന്നിനെതിരെ രണ്ട് ഗോളിന് തോറ്റു. ഗോള്‍രഹിതമായ ആദ്യ പകുതിക്കു ശേഷം മാഡിസണിലൂടെ മുന്നിലെത്തിയ ആദംസിന്റെ ഇരട്ട ഗോളുകളാണ് (64, 84) തിരിച്ചടിയായത്. ഹാരികെയ്ന് റിക്കാര്‍ഡ് സ്വന്തമാക്കിയ കളിയില്‍ ടോട്ടനം ഹോട്സ്പര്‍ എതിരില്ലാത്ത ഒരു ഗോളിന് വോള്‍വര്‍ഹാംപ് ടണ്‍ വാന്‍ഡേഴ്സിനെ തോല്‍പ്പിച്ചു. 64-ാം മിനിറ്റില്‍ കെയ്ന്‍ സ്കോര്‍ ചെയ്തു.
മറ്റു മത്സരങ്ങളില്‍ ക്രിസ്റ്റല്‍ പാലസ് ആസ്റ്റണ്‍വില്ലയെയും (3-1), ഫുള്‍ഹാം ബ്രെന്റ്ഫോഡിനെയും (3-2) തോല്‍പ്പിച്ചു. എവര്ട്ടണ്-നോട്ടിങ്ഹാം ഫോറസ്റ്റ് മത്സരം സമനിലയില്‍ (1-1).
പ്രതികരിക്കാൻ ഇവിടെ എഴുതുക: