ചണ്ഡിഗഡ്: കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചകളുടെ ഭാഗമായി ചണ്ഡിഗഡ് അന്താരാഷ്ട്ര വിമാനത്താവളത്തിന് ഭഗത് സിംഗിന്റെ പേര് നല്കുന്നതില് സമ്മതം അറിയിച്ച് പഞ്ചാബ് ഹരിയാന സര്‍ക്കാരുകള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചാബ് സന്ദര്‍ശനത്തിന് മുന്നോടിയായി ആണ് തീരുമാനം.
പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന് തന്റെ ട്വീറ്റിലൂടെയാണ് ചണ്ഡിഗഡ് അന്താരാഷ്ട്ര വിമാനത്താവളത്തിന് ഷഹീദ്-ഇ-അസം ഭഗത് സിംഗ് എന്ന പേര് നല്‍ക്കുമെന്ന് അറിയിച്ചത്. ഭഗവന്ത് മനും ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാലയും തമ്മില്‍ നടത്തിയ സംയുക്ത യോഗത്തിന് ശേഷമാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്.
ഒരു ദശാബ്ദത്തോളമായി വിമാനത്താവളത്തിന് ഭഗത് സിംഗ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, മൊഹാലി എന്ന് പേരിടാന്‍ പഞ്ചാബ് ആഗ്രഹിച്ചിരുന്നു. ഇതിന്റെ ഭാഗമായി പഞ്ചാബ് വിധാന്‍ സഭയും വിമാനത്താവളത്തിന് ഷഹീദ്-ഇ-അസം സര്‍ദാര്‍ ഭഗത് സിംഗ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, മൊഹാലി എന്ന് പേരിടാനുള്ള പ്രമേയം പാസാക്കിയിരുന്നു.
എന്നാല്‍ ഹരിയാന മൊഹാലി എന്ന വാക്കില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഹരിയാന വിധാന്‍ സഭ വിമാനത്താവളത്തിന്റെ പേര് മാറ്റാന്‍ പ്രമേയം പാസാക്കിയെങ്കിലും ചണ്ഡീഗഡ് എന്ന സ്ഥലപേരാണ് ഉപയോഗിച്ചത്. ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ സംസ്ഥാനത്ത് അധികാരത്തിലെത്തിയതിന് ശേഷം പ്രധാനമന്ത്രി നടത്തുന്ന ആദ്യ യാത്ര കൂടിയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: