തിരുവനന്തപുരം : സംസ്ഥാനത്തെ സര്‍വകലാശാലകളിലെ ചട്ടവിരുദ്ധ നിയമനങ്ങളെ കുറിച്ച് അന്വേഷിക്കാനുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി കെപിസിസി പ്രസിഡന്റ് കെ. സുധാകരന്. സിപിഎം നടത്തിയ ബന്ധുനിയമനങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കാനുള്ള ഗവര്‍ണറുടെ തീരുമാനം സംസ്ഥാനത്തെ ഗവര്‍ണര്‍ പദവിയുടെ അന്തസ് ഉയര്‍ത്തിപിടിക്കുന്ന നടപടിയാണെന്നും സുധാകരന് പറഞ്ഞു.
സര്‍വകലാശാലകളുടെ വിശ്വാസ്യത തകര്‍ത്ത ക്ഷുദ്രശക്തികള്‍ക്കെതിരായ പോരാട്ടത്തില്‍ ഗവര്‍ണര്‍ ഒറ്റയ്ക്കാവില്ല. കേരളീയ സമൂഹത്തിന്റെ എല്ലാ പിന്തുണയും അദ്ദേഹത്തിനുണ്ട്. ധീരമായ നിലപാട് സ്വീകരിച്ച ഗവര്‍ണറെ ഹൃദയത്തിന്റെ ഭാഷയില്‍ അഭിനന്ദിക്കുന്നു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന്റെ നിയമനവും കണ്ണൂര്‍ സര്‍വകലാശാലയിലെ നിയമ വിരുദ്ധ നിയമനങ്ങള്‍ അന്വേഷിക്കുമെന്ന് ഗവര്‍ണര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ദല്‍ഹിയില്‍ നിന്നും ഗവര്‍ണര്‍ തിരിച്ചെത്തിയശേഷം ആയിരിക്കും നടപടി.
എല്‍ഡിഎഫ് കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ഭരണത്തില്‍ നടത്തിയ ബന്ധുനിയമനങ്ങള്‍ അന്വേഷിക്കാനാണ് തീരുമാനമെങ്കിലും കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ നടന്നിട്ടുള്ള എല്ലാ ചട്ടവിരുദ്ധ നിയമനങ്ങളെ കുറിച്ചും വിശദമായ അന്വേഷണത്തിന് ഗവര്‍ണര്‍ തയ്യാറാകണം. കണ്ണൂര്‍, കേരള, കാലിക്കറ്റ്, സംസ്കൃത സര്‍വകലാശാലകളില്‍ ഇക്കാലയളവില്‍ അര്‍ഹതയും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികളെ മറികടന്ന് സിപിഎമ്മിന് വേണ്ടി നിരവധി ക്രമക്കേടുകളാണ് നടത്തിയത്. സിപിഎം നടത്തിയ സ്വജനപക്ഷപാത നിയമനങ്ങള്‍ക്കെല്ലാം വിസിമാരുടെ പിന്തുണയും ഉണ്ടായിരുന്നു.
എല്ലാ ഭരണസംവിധാനങ്ങളേയും നോക്കുകുത്തിയാക്കി വിസിമാര്‍ക്ക് പുനര്‍നിയമനം നല്കി. കണ്ണൂര്‍ വിസിയെ ഗവര്‍ണറെ പോലും ചോദ്യം ചെയ്തുകൊണ്ടാണ് സര്‍ക്കാര്‍ നിയമിച്ചത്. സര്‍വകലാശാലകളില്‍ രാഷ്ട്രീയ അതിപ്രസരം ഇനിയും വര്‍ധിപ്പിച്ച് ഭരണവും നിയമനങ്ങളും കൈപിടിയിലൊതുക്കാനുള്ള വളഞ്ഞ വഴിയാണ് സര്‍ക്കാര്‍ നോക്കുന്നതെന്നും സുധാകരന് കുറ്റപ്പെടുത്തി. വൈസ് ചാന്‍സിലറെ ഇറക്കി ഗവര്‍ണറിനെതിരെ നിഴല്‍ യുദ്ധം നടത്തുന്നതും സര്‍ക്കാരാണ്. ഇത്രയും നാള്‍ചെയ്ത അഴിമതിയും ക്രമക്കേടും പിടിക്കപ്പെടുമോയെന്ന ഭയം കൊണ്ടാണ് ഗവര്‍ണര്‍ക്കെതിരെ ശക്തമായ ആക്രമണം സിപിഎം നേതാക്കള്‍ നടത്തുന്നത്.
കണ്ണൂര്‍ വിസിക്കും കേരള കലാമണ്ഡലം വിസിക്കും ഗവര്‍ണര്‍ക്കെതിരെ നിയമനടപടിയെ കുറിച്ച് ആലോചിക്കാന്‍ പോലും ധൈര്യം നല്‍കിയത് പിന്നില്‍ സര്‍ക്കാരും മുഖ്യമന്ത്രിയുമാണ്. അവരുടെ പിന്‍ബലത്തിലാണ് ഗവര്‍ണര്‍ക്കെതിരെയുള്ള ഈ നടപടി. സര്‍വകലാശാലകളുടെ വിശ്വാസ്യതയും സ്വയംഭരണവും നിലനിര്‍ത്തുന്നതിന് ഗവര്‍ണര്‍ സ്വീകരിക്കുന്ന എല്ലാ സുതാര്യവും ധീരവുമായ നടപടികള്‍ക്ക് കോണ്‍ഗ്രസിന്റെ പിന്തുണ ഉണ്ടാകുമെന്നും സുധാകരന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: