ന്യൂദല്‍ഹി: അഴിമതി വിരുദ്ധ പോരാട്ടത്തിലൂടെ അധികാരത്തിലെത്തിയ ആംആദ്മി പാര്‍ട്ടി നേതൃത്വത്തിനെതിരെ ശതകോടികളുടെ അഴിമതി പരാതികള്‍ ഉയരുമ്പോള്‍ മറുപടിയില്ലാതെ ആപ്പ് നേതൃത്വം. വിവാദ മദ്യനയവുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഒന്നാം പ്രതിയായിട്ടും സിസോദിയയുടെ രാജി ആവശ്യപ്പെടാന്‍ ആപ്പ് നേതാക്കള്‍ തയ്യാറല്ല. ചോദ്യം ചെയ്യലിന് ഹാജരാവാന്‍ കേസിലെ ചില പ്രതികള്‍ക്ക് സിബിഐ നോട്ടീസ് നല്‍കിയിട്ടുണ്ട്. സിസോദിയ അടക്കമുള്ളവരെ അടുത്തയാഴ്ച ചോദ്യം ചെയ്യാനാണ് സാധ്യത. താന്‍ മൂന്നുനാലു ദിവസങ്ങള്‍ക്കകം അറസ്റ്റിലായേക്കാമെന്ന് സിസോദിയ പ്രതികരിച്ചു.
മദ്യമേഖല സ്വകാര്യ മേഖലയ്ക്ക് കൈമാറിയതു വഴി ലഭിച്ച 8,100 കോടി രൂപ എവിടെപ്പോയെന്നാണ് ബിജെപിയുടെ ചോദ്യം. സ്വകാര്യ മദ്യക്കമ്പനികള്‍ക്കായി മദ്യനയം മാറ്റിമറിക്കാന്‍ കോടിക്കണക്കിന് രൂപ ആപ്പ് നേതൃത്വവും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ചേര്‍ന്ന് വാങ്ങിയതിന്റെ വിവരങ്ങള്‍ പുറത്തുവന്നിരുന്നു.
ആര്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നാലും ഉടന്‍ അവര്‍ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെടുന്ന ആപ്പ് നേതൃത്വം സിസോദിയയെ സംരക്ഷിക്കുകയാണെന്ന് ബിജെപി നേതാവ് സുധാംശു ത്രിവേദി പറഞ്ഞു. മനീഷ് സിസോദിയയെ മണീ’ഷ് സിസോദിയയെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ പരിഹസിച്ചു. മദ്യനയം മികച്ചതായിരുന്നെങ്കില്‍ എന്തിനാണ് ആപ്പ് സര്‍ക്കാര്‍ അതു പിന്‍വലിച്ചതെന്ന് ഠാക്കൂര്‍ ചോദിച്ചു. മദ്യബിസിനസുകാരോട് ആപ്പ് സര്‍ക്കാരിന് എന്താണ് ഇത്ര മൃദുഭാവമെന്നും താക്കൂര്‍ ആരാഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: