ഡോ. പ്രകാശ് ജനാര്ദ്ദനന്
സ്ഥലം വിദര്ഭരാജ്യാധിപതി ഭീഷ്മകരാജാവിന്റെ കൊട്ടാരം. അലങ്കാരങ്ങളുടെ ധാരാളിത്തവുമായി ഒരു വിവാഹത്തിന് ഒരുങ്ങി നില്‍ക്കുകയാണ് രാജധാനി. അന്തഃപുരത്തിന്റെ അകത്തളത്തില്‍ തന്റെ കല്യാണ ഒരുക്കങ്ങളെക്കുറിച്ച് ഒന്നുമറിയാതെ ഇരിക്കുന്നു രുഗ്മിണി എന്ന രാജകന്യക. പുരോഹിതന് വിവാഹസംബന്ധമായ ചടങ്ങിനായി അന്തഃപുരത്തിലെത്തിയപ്പോഴാണ് ജ്യേഷ്ഠസഹോദരന് രുഗ്മിയുടെ സുഹൃത്തായ ശിശുപാല രാജാവുമായി അടുത്ത ദിവസം തന്റെ വിവാഹം നിശ്ചയിച്ചിരിക്കുന്ന വിവരം രാജകുമാരി അറിയുന്നത്. ആകെ തളര്‍ന്നുപോയി. ഏറെ നാളുകളായി കനവിലും നിനവിലും നിറഞ്ഞു നില്‍ക്കുന്നത് ശ്രീകൃഷ്ണ രൂപം മാത്രം. വിയര്‍പ്പിറ്റുന്ന മുഖം തളിരു പോലുള്ള കൈയ്യാല്‍ താങ്ങി വെണ്ണക്കല്‍ കസേരയില്‍ ആ ചാരുമുഖി ചാരിയിരുന്നു. ഒരു ശോക ചിത്രം പോലെ. പക്ഷെ തോല്ക്കാന് ആ കന്യക തയ്യാറല്ലായിരുന്നു. എന്തുവന്നാലും ശിശുപാലനെ വരിക്കില്ല എന്ന് ശപഥമെടുത്ത് ദ്വാരകയിലേക്ക് ദൂതനെ അയച്ചു. അടുത്ത പ്രഭാതം. രാജധാനി അതിഥികളാല്‍ നിറയുന്നു. ശിശുപാല രാജാവ് പരിവാര സമേതം നവവരന്റെ വേഷമണിഞ്ഞ് എത്തി. ശ്രീകൃഷ്ണനും ബലരാമനും സൈന്യവുമായി ക്ഷണമേതുമില്ലാതെ തന്നെ വിവാഹത്തിനെത്തി. ഭീഷ്മകരാജാവ് ഇരുവരേയും സഹര്‍ഷം സ്വാഗതം ചെയ്തു. വിവാഹ വസ്ത്രം ധരിച്ച് സര്‍വാഭരണ വിഭൂഷിതയായി അംഗരക്ഷകരുടേയും അനുചരവൃന്ദത്തിന്റേയും അകമ്പടിയില്‍ രുഗ്മിണി ക്ഷേത്ര ദര്‍ശനം നടത്തുന്നു. ജനക്കൂട്ടത്തില്‍ നിന്നും ആരവമുയര്‍ന്നു. ശിവപാര്‍വതിമാരെ തൊഴുതു നില്‍ക്കുമ്പോഴും മനസ്സില്‍ നിറഞ്ഞത് കൃഷ്ണ രൂപം മാത്രമായിരുന്നു. വിവാഹമണ്ഡപത്തിലേക്ക് പോകുവാനായി തേരില്‍ കയറാനൊരുങ്ങിയ രുഗ്മിണിയുടെ മിഴികള്‍ ആള്‍ക്കൂട്ടത്തില്‍ ആരെയോ ആകാംക്ഷയോടെ തിരഞ്ഞു. അതാ നില്ക്കുന്നു താന്‍ സ്വപ്നങ്ങളില്‍ താലോലിക്കുന്ന ആ രൂപം. പെട്ടെന്ന് ശ്രീകൃഷ്ണന് രുഗ്മിണിയുടെ കൈപിടിച്ച് തന്റെ രഥത്തിലേറ്റി പാഞ്ഞു പോയി. ബലരാമനും സൈന്യവും അവര്‍ക്ക് അകമ്പടിയേകി. സൈന്യവുമായി എത്തിയ രുഗ്മി കൃഷ്ണനുമായി ഏറ്റുമുട്ടി. പരാജിതനായ രുഗ്മിയെ, രുഗ്മിണിയുടെ അഭ്യര്‍ത്ഥന മാനിച്ച് വധിക്കാതെ തലമുണ്ഡനം ചെയ്ത് അപമാനിച്ചയച്ചു. കര്‍മ്മത്തിന്റെ അനിഷേധ്യതയേയും, കാലത്തിന്റെ ഗതിയേക്കുറിച്ചുമൊക്കെ പറഞ്ഞു കൊടുത്ത് ഭഗവാന് രുഗ്മിണിയുടെ കലുഷിതമനസ്സിന് ആശ്വാസം പകര്‍ന്നു.
തനിക്കായി സ്വയമര്‍പ്പിച്ച കന്യകയെ നേടാന്‍ യുദ്ധം ചെയ്യുകയും, അവരെ തട്ടിക്കൊണ്ടു പോരുകയും ചെയ്ത കൃഷ്ണലീലയില്‍ അവിടുത്തെ മനുഷ്യഭാവമാണ് ദര്‍ശിക്കാന്‍ കഴിയുക. ശ്രീകൃഷ്ണനുമായുള്ള രുഗ്മിണിയുടെ വിവാഹത്തിന് പിതാവായ ഭീഷ്മക മഹാരാജാവും സഭാംഗങ്ങളും അനുകൂലിച്ചപ്പോള്‍ ജ്യേഷ്ഠസഹോദരനായ രുഗ്മി അതിനെ ശക്തിയുക്തം എതിര്‍ത്തു. ക്ഷാത്രവൃത്തിക്ക് അധികാരമില്ലാത്ത ക്ഷത്രിയനെന്നും, കപടശാലിയെന്നും ജരാസന്ധനെ ഭയന്ന് സമുദ്രാന്തര്‍ഭാഗത്ത് ഒളിച്ച ഭീരുവെന്നുമൊക്കെയുള്ള വാദങ്ങള്‍ നിരത്തി രുഗ്മി ഈ വിവാഹത്തെ എതിര്‍ത്തു. ധര്‍മ്മത്തിനു നിരക്കുന്ന തന്ത്രമുപയോഗിച്ച് കൈയ്യൂക്ക് കാട്ടിത്തനെയാണ് ശ്രീകൃഷ്ണന് രുഗ്മിണിയെ വരിച്ചത്. ജനനത്തില്‍ തന്നെ നശിപ്പിക്കാന്‍ ശ്രമിച്ച്, വധോദ്യമവുമായി വിശ്വസ്ത കിങ്കരന്മാരെ അയച്ച സ്വന്തം മാതുലനേയും കിങ്കരന്മാരേയും നിഷ്ക്കരുണം കാലപുരിയിലേക്കയക്കാന്‍ കൃഷ്ണന് ഒട്ടും മടി കാട്ടിയില്ല. നേതാവായി, സംരക്ഷകനായി, രാജാവായി, ദൂതനായി യുദ്ധതന്ത്രജ്ഞനായി, പോരാളിയായി, തേരാളിയായി അങ്ങനെ വിവിധ വേഷങ്ങളില്‍ പകര്‍ന്നാടിയ മര്‍ത്ത്യഭാവം.
യുഗങ്ങളായി സംഭവിക്കുന്ന യുദ്ധങ്ങള്‍ പരിശോധിച്ചാല്‍ വ്യക്തമാകുന്ന ഒരു കാര്യം യുദ്ധവിജയം നിര്‍ണയിക്കുന്നത് പോരാളികളുടെ എണ്ണമോ ആയുധങ്ങളുടെ ധാരാളിത്തമോ അല്ല മറിച്ച് തന്ത്രവും ബുദ്ധിയുമാണ്. അനന്തമായ കാലത്തിലെ അനിഷേധ്യനായ യുദ്ധതന്ത്രജ്ഞനും, രാജ്യതന്ത്രജ്ഞനും, നയതന്ത്രജ്ഞനുമായിരുന്നു ശ്രീകൃഷ്ണനെന്ന് വിലയിരുത്താനാകും. ഇതിന് ഉപോല്‍ബലകമായ അനവധി തെളിവുകള്‍ ശ്രീകൃഷ്ണചരിതത്തില്‍ ഉടനീളമുണ്ട്. ഒരായുധവുമെടുക്കാതെ സ്വന്തം കൈയാല്‍ ഒരു തുള്ളി ചോര വീഴ്ത്താതെ വെറും തേരാളിയായി ഒരു മഹായുദ്ധം വിജയിപ്പിച്ച യുദ്ധതന്ത്രം. യുദ്ധ കാരണങ്ങളെല്ലാം എതിരാളിയുടെ മേല്‍ ചാര്‍ത്തി ഏവരുടേയും ശത്രുതയുടെ മുന അവര്‍ക്കു നേരേ തിരിച്ച നയതന്ത്രം. നരകാസുരനാല്‍ തടവിലാക്കപ്പെട്ട പതിനാറായിരം കന്യകമാരെ സ്വതന്ത്രരാക്കി അവരുടെ ഇച്ഛാനുസരണം സംരക്ഷണം ഏറ്റെടുത്ത രാജാവ്. അങ്ങനെ വിവിധ മനുഷ്യഭാവങ്ങളുടെ സംതുലിത സമ്മേളനം ശ്രീകൃഷ്ണ ഭഗവാന്റെ ജീവിതത്തില്‍ തെളിമയാര്‍ന്ന് കാണാം. അവിടുന്ന് ഭൗതികദേഹം ഉപേക്ഷിച്ച രീതിയില്‍ പോലും അതു ദൃശ്യമാണ്. ‘ജര’ എന്ന കാട്ടാളന് മാനിന്റെ കഴുത്താണ് എന്നു കരുതി എയ്ത അമ്പ് തൃപ്പാദത്തില്‍ തറഞ്ഞാണല്ലോ ഭഗവാന് തന്റെ ഭൗതിക ശരീരം വെടിഞ്ഞത്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: