ഡോ. ആര്‍. ഗോപിമണി
ഇവിടെ പരിചയപ്പെടുത്തുന്ന പുസ്തകത്തിന്റെ ഈ സംസ്‌കൃത നാമത്തിനര്‍ത്ഥം ‘ലോകം ഒരു പക്ഷിക്കൂട്’ എന്നാണ്. യജുര്‍വേദത്തിലെ ഒരു മന്ത്രമാണിത്. പലതുകൊണ്ടും ഈ നാമം പുസ്തകത്തിന്റെ ഉള്ളടക്കം തന്നെയെന്ന് പറയാം. നമ്മുടെ പൗരാണിക സംസ്കാരത്തിന്റെ ഭാഗമായിരുന്ന ഇത്തരം പല ഭാവനകളും സമൂഹമനസ്സിലേക്ക് തിരികെ കൊണ്ടുവരാനുള്ള പരിശ്രമങ്ങളുടെ ഭാഗമാണീ പുസ്തകമെന്ന് ചൂണ്ടിക്കാട്ടട്ടെ.
പതിമൂന്നാം നൂറ്റാണ്ടു മുതല്‍ ഏതാണ്ട് അഞ്ഞൂറ് വര്‍ഷം നീണ്ട മുഗള്‍-മുസ്ലിം ഭരണത്തിന് ഭാരതത്തിന്റെ തനത് സംസ്‌കാരത്തിനു മേല്‍ കാര്യമായ പോറലുകള്‍ ഒന്നും ഉണ്ടാക്കാന്‍ കഴിഞ്ഞില്ലായെന്നതാണ് സത്യം. ‘ഹൈന്ദവ-മുസ്ലിം-ക്രൈസ്തവ’ മതതത്വങ്ങള്‍ കൂട്ടിയിണക്കിയ ‘ദീന്‍-ഇലാഹി’ എന്ന ഒരു പുതിയ സമന്വയ മതം കൊണ്ടുവരാനാണ് അക്ബര്‍ ചക്രവര്‍ത്തി ശ്രമിച്ചത്! പക്ഷേ, തുടര്‍ന്ന് കച്ചവടത്തിനായി എത്തി, കുതന്ത്രങ്ങളിലൂടെ ഭാരതീയരെ പരമാവധി ഭിന്നിപ്പിച്ച് നിറുത്തുന്നതിലൂടെ നമ്മെ ഏതാണ്ട് രണ്ട് നൂറ്റാണ്ടോളം അടക്കി ഭരിച്ച ബ്രിട്ടീഷുകാരാണ് നമ്മുടെ പാരമ്പര്യ നന്മകളെ നാം അറിയാതെ ഇല്ലാതാക്കാന്‍ ശ്രമിച്ചത്. അതിന്റെ ഏറ്റവും വലിയ തെളിവാണ് മെക്കാളെ പ്രഭു കൊണ്ടുവന്ന ഇംഗ്ലീഷ് വിദ്യാഭ്യാസ സമ്പ്രദായം. ‘പാശ്ചാത്യമായതെന്തും മഹത്തരം’ എന്ന ഒരു മനോഭാവം നമ്മില്‍ വളര്‍ത്തുന്നതില്‍ അവര്‍ വിജയിച്ചത് അതിലൂടെയാണ്. ഒരുദാഹരണത്തിലൂടെ ഇത് സുവ്യക്തമാക്കാം.
സൈന്ധവ സംസ്‌കാരത്തിന്റെ കാലം ബൈബിളിലെ പഴയ നിയമങ്ങള്‍ക്കപ്പുറം പോകാതിരിക്കാന്‍ അവര്‍ ശ്രമിച്ചുവെന്നതിന്റെ തെളിവാണ് 1912 ല്‍ ജോണ്‍ മാര്‍ഷല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍. ഈയിടെ ഖരക്പൂര്‍ ഐഐടിയിലെ ഡോ. അനന്യാ സര്‍ക്കാരും സഹഗവേഷകരും കൂടി നടത്തിയ ‘ഓക്‌സിജന്‍ ഐസോടോപ്’ പഠനങ്ങളിലൂടെ, സൈന്ധവ സംസ്‌കാര അവശിഷ്ടങ്ങളുടെ പഴക്കം ഏറ്റവും കുറഞ്ഞത് 8000 വര്‍ഷങ്ങളും, കൂടിയത് 12,000 വര്‍ഷങ്ങളുമാണെന്ന് തെളിഞ്ഞു. ഇതു സംബന്ധിച്ച അവരുടെ റിപ്പോര്‍ട്ട് ലോകോത്തര ശാസ്ത്ര ജേര്‍ണലായ ‘നേച്ചര്‍’ പ്രസിദ്ധീകരിച്ചിട്ട് (ഖൗില 25വേ, 2016 ലക്കം) പോലും അതംഗീകരിക്കാന്‍ നമ്മുടെ ചില ചരിത്രപണ്ഡിതന്മാര്‍ വിസമ്മതിക്കുന്നത് എന്തുകൊണ്ടാകാം? സൈന്ധവ സംസ്‌കാരം തികച്ചും നാഗരികമായിരുന്നുവെന്നും, ലോകത്ത് കൃഷിക്കായി ആദ്യം അണക്കെട്ടുകള്‍ നിര്‍മിച്ചത് ഭാരതത്തിലെ സരസ്വതീ നദിയില്‍ ആയിരുന്നുവെന്നും, ആ നദി അപ്രത്യക്ഷമായത് ‘ടെക്‌ടോണിക് ഭൂകമ്പം’ കൊണ്ടായിരുന്നുവെന്നും, തുടര്‍ന്നുണ്ടായ 200 വര്‍ഷത്തെ തുടര്‍ച്ചയായ വരള്‍ച്ചകൊണ്ടാണ് അവിടം വിജനമായതെന്നും അടുത്തിടെ നടത്തിയ ഉപഗ്രഹ പഠനങ്ങളിലൂടെ (ഐഎസ്ആര്‍ഒ 1995 ല്‍ വിക്ഷേപിച്ച ‘ഐആര്‍എസ്-ഐഇ’- എന്ന ഉപഗ്രഹം) തെളിവുകള്‍ നിരത്തിയിട്ടും എന്തുകൊണ്ട് നമ്മുടെ ചില ചരിത്രകാരന്മാര്‍ക്ക് അത് ദഹിക്കുന്നില്ല? ഇതിനൊക്കെയുള്ള ഉത്തരം ഒന്നേയുള്ളൂ, നമ്മുടെ സര്‍വകലാശാലകളിലെ ചരിത്ര-സാഹിത്യ പഠനങ്ങളില്‍ നമ്മുടെ തനത് സംസ്‌കാരത്തിന്റെ ഈടുവയ്പുകളായ വേദങ്ങളേയും ഉപനിഷത്തുക്കളേയും പുരാണങ്ങളേയും അസ്പൃശ്യതയോടെ പുറത്തുനിര്‍ത്തി! എന്നാല്‍ ഈ ദുരവസ്ഥയ്‌ക്ക് അടുത്തകാലത്ത് ഒരു മാറ്റമുണ്ടായിട്ടുണ്ട്. ഭാരതത്തിന്റെ പ്രാചീന സംസ്‌ക്കാരവിശേഷങ്ങളുടെ സവിശേഷതകള്‍ ആധുനികകാലത്തെ പ്രശ്‌നങ്ങളുമായി ഏതേത് വിധങ്ങളില്‍ പൊരുത്തപ്പെടുകയോ അതിജീവിക്കുകയോ ചെയ്യുന്നുവെന്നതിനെപ്പറ്റി പഠിക്കാനും ഗവേഷണങ്ങള്‍ നടത്താനും പല കോണുകളില്‍നിന്നും പരിശ്രമങ്ങള്‍ ഉണ്ടായിതുടങ്ങിയിട്ടുണ്ട്. ആധുനികകാലത്തെ ജനജീവിതത്തെ ശാസ്ത്രത്തിന്റെ മുന്നേറ്റങ്ങള്‍ ഏതൊക്കെ വിധത്തിലാണ് പ്രതികൂലമായി ബാധിച്ചുകൊണ്ടിരിക്കുന്നതെന്ന് പഠിക്കാനുള്ള പരിശ്രമങ്ങള്‍ പുതിയ പുസ്തകങ്ങളിലൂടെ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. അതിലൊന്നാണ് ഇവിടെ പരാമര്‍ശിതമാകുന്ന പി. സതികുമാരന്‍ നായരുടെ ‘യത്ര വിശ്വം ഭവത്യേക നീഡം’- എന്ന ഗ്രന്ഥം.
തന്റെ ഔദ്യോഗിക ജീവിതകാലം മുഴുവന്‍ ലക്ഷദ്വീപിലെ കോളജില്‍ മലയാളം അധ്യാപകനായി ചെലവഴിച്ചു. മലയാളത്തിനൊപ്പം ഇംഗ്ലീഷിലും സംസ്‌കൃതത്തിലും എംഎ ബിരുദമുള്ള ഗ്രന്ഥകാരന്‍ ഒരു ബഹുഭാഷാ പണ്ഡിതന്‍ എന്ന നിലയില്‍ ഇന്ദിരാഗാന്ധിയുടെയും മൊറാര്‍ജി ദേശായി, രാജീവ്ഗാന്ധി എന്നീ പ്രധാനമന്ത്രിമാരുടെയും ഔദ്യോഗിക പരിഭാഷകനായും പ്രവര്‍ത്തിച്ചിരുന്നു. ലക്ഷദ്വീപിനെക്കുറിച്ച് ധാരാളം ലേഖനങ്ങളും പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവിടെ പരാമര്‍ശിതമായിട്ടുള്ള ഗ്രന്ഥത്തില്‍ വേദോപനിഷത്തുക്കളിലെ അമൂല്യങ്ങളായ ആദര്‍ശങ്ങളെ കഥയുടെ രൂപത്തിലും, കാര്യകാരണ ബന്ധ വിശകലനങ്ങളുടെ രൂപത്തിലുള്ള ലേഖനങ്ങളായും നമുക്ക് വായിക്കാന്‍ കഴിയും. പരിസ്ഥിതി നാശത്തെക്കുറിച്ചും പ്രധാനമന്ത്രിമാര്‍ക്കൊപ്പം താന്‍ നടത്തിയ യാത്രകളെക്കുറിച്ചും, ഗാന്ധിജിയുടെ ജീവിതത്തിലെ നാംഅധികം കേട്ടിട്ടില്ലാത്ത സംഭവങ്ങളെക്കുറിച്ചുമുള്ള ലേഖനങ്ങളും ഇതിലുണ്ട്. സംഗീതത്തിന്റെ ഉത്ഭവ പരിണാമങ്ങളെക്കുറിച്ചുള്ള വിജ്ഞാനപ്രദമായ ഒരു ലേഖനവും ഇതില്‍ നമുക്ക് വായിക്കാന്‍ കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: