നാം സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷിച്ചതിനിടയ്ക്ക് ആത്മാഭിമാനത്തിന്റെയും ദേശസ്നേഹത്തിന്റെയും പ്രത്യാശയുടെയും ആത്മവിശ്വാസത്തിന്റെയും ഉദ്ഘോഷങ്ങളും ആര്‍പ്പുവിളികളും കേട്ടു പുളകംകൊണ്ടിരിക്കുന്ന ഈയവസരത്തില്‍ അസൂയയുടെയും അസഹിഷണുതയുടെയും ഓരിയിടലുകളും ധാരാളം കേട്ടു, ഇപ്പോഴും കേട്ടുകൊണ്ടിരിക്കുന്നു. സ്വാതന്ത്ര്യലബ്ധി മുതല്‍ ദശാബ്ദങ്ങളോളം അധികാരം കൈയടക്കി വാണ കുടുംബത്തിന്റെ അവശേഷിപ്പുകാര്‍, തങ്ങളുടെ വാഴ്ചക്കാലത്തെ ചെയ്തികളുടെ അനിവാര്യഫലങ്ങളായ കോടതിയും ജാമ്യവുമായി, കുറ്റാന്വേഷണ ഏജന്‍സികളുടെ ചോദ്യം ചെയ്യലിനുത്തരം മുട്ടിയും കഴിയുന്നതിന്റെ ഗതികേടിലാണ്. അവരുടെ ചെല്ലപ്പെട്ടിയെടുപ്പുകാരായ നേതൃമ്മന്യന്മാര്‍ തങ്ങള്‍ക്കാവും വിധം രക്ഷപ്പെടുത്താന്‍ നോക്കുന്നുണ്ടെങ്കിലും ഫലമുണ്ടാകുമെന്നു തോന്നുന്നില്ല. അതിനാല്‍ അവര്‍ അരിശം തീര്‍ക്കുന്നത് ഭരണകക്ഷിയായ ഭാരതീയ ജനതാ പാര്‍ട്ടിയെയും രാഷ്ട്രീയ സ്വയംസേവക സംഘത്തെയുംപുലഭ്യം പറഞ്ഞുകൊണ്ടാണ്. തങ്ങളുടെ ചെയ്തികളുടെ യാഥാര്‍ത്ഥ്യം ഭാരതത്തിലെ ജനങ്ങള്‍ക്കു ബോധ്യപ്പെട്ടതിനാലാണ് തുടര്‍ച്ചയായ രണ്ടു തെരഞ്ഞെടുപ്പുകളിലും ഔപചാരിക പ്രതിപക്ഷമാകാന്‍ ആവശ്യമായത്ര സീറ്റുകളില്‍ പോലും ജയിക്കാന്‍ കഴിയാത്ത ഗതികേടിലായത് എന്നുപോലും അവര്‍ കരുതുന്നില്ല. പണ്ടാരോ ചെയ്ത സേവനങ്ങളുടെയുംനേട്ടങ്ങളുടെയും തഴമ്പ് ഇപ്പോഴും തങ്ങള്‍ക്കുണ്ട് എന്നാണവരുടെ നാട്യം.
ആര്‍എസ്എസും ഹിന്ദു മഹാസഭയുമൊന്നും സ്വാതന്ത്ര്യസമരത്തില്‍ പങ്കുവഹിച്ചിട്ടില്ലെന്നും, ബ്രിട്ടീഷ് ഭരണവുമായി ഒത്തുതീര്പ്പുണ്ടാക്കുകയായിരുന്നുവെന്നും, സ്വാതന്ത്ര്യസമരത്തെ ഒറ്റിക്കൊടുത്തുവെന്നുമൊക്കെയാണ് അക്കൂട്ടര്‍ തട്ടിവിടുന്നത്. ഗാന്ധിജി വധത്തിന് ഉത്തരവാദിത്തം സംഘത്തിനാണെന്ന് ആരോപണമുന്നയിച്ച രാഹുല്‍ഗാന്ധി മഹാരാഷ്ട്രയിലെ ഒരു കോടതിയില്‍ ഹാജരായി മാപ്പു പറഞ്ഞ് തടികഴിച്ചിലാക്കിയത് അടുത്തകാലത്താണല്ലോ. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ മുഖപപത്രമായ ദേശാഭിമാനിയും വര്‍ഷങ്ങള്‍ക്ക് മുന്‍പ് അതേ ആരോപണമുന്നയിച്ച് കേസിലായപ്പോള്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പപേക്ഷിച്ചു. അന്നത്തെ പത്രാധിപര്‍ വി.ടി.ഇന്ദുചൂഡന് 1978 ല്‍ സംഘത്തിന്റെ സര്‍സംഘചാലക് ബാളാ സാഹിബ് ദേവറസിന്റെ ആലുവാ സന്ദര്‍ശനവേളയില്‍ ശിവരാത്രി മണപ്പുറത്തു നടന്ന സ്വീകരണത്തിന്റെ അധ്യക്ഷനാകുകയും ചെയ്തു.
സംഘം സ്ഥാപിച്ച ഡോ. കേശവ ബലിറാം ഹെഡ്ഗേവാര്‍ വിദ്യാര്‍ത്ഥിയായിരുന്ന 20-ാം നൂറ്റാണ്ടിന്റെ പ്രഥമ ദശകം മുതല്‍ ബ്രിട്ടീഷ് വിരുദ്ധസമരത്തിന്റെ കനല്‍വഴികള്‍ താണ്ടി വളര്‍ന്നയാളായിരുന്നു. കല്‍ക്കത്തയില്‍ സ്വാതന്ത്ര്യപ്രേമികള്ക്കായി നടത്തപ്പെട്ട നാഷണല്‍ മെഡിക്കല്‍ കോളജിലെ പഠനം അദ്ദേഹത്തെ വിപ്ലവകാരികളുടെ മുന്‍നിരക്കാരനായി. 1921 ലെ നിസ്സഹകരണ പ്രസ്ഥാനത്തിന്റെ മുന്‍പന്തിയില്‍ നിന്ന് ഗാന്ധിജിയുടെ ആഹ്വാനത്തെ കൈക്കൊണ്ട് അദ്ദേഹം നടത്തിയ പ്രസംഗങ്ങള്‍ക്ക് ജയില്‍വാസം അനുഭവിക്കേണ്ടിവന്നു. പുറത്തുവന്നപ്പോള്‍ അദ്ദേഹത്തെയും സഹതടവുകാരെയും സ്വീകരിച്ചാനയിച്ച ഘോഷയാത്രയിലും തുടര്‍ന്നു നടന്ന യോഗത്തില്‍ പ്രസംഗിക്കാനും,
കോണ്‍ഗ്രസ്സിന്റെ സമുന്നത നേതാക്കളായ പണ്ഡിത് മോത്തിലാല്‍ നെഹ്റു, വിഠല്‍ഭായി പട്ടേല്‍, ഹക്കിം അജ്മല്‍ ഖാന്, ഡോ. അന്‍സാരി, സി.രാജഗോപാലാചാരി, കസ്തൂരിരംഗ അയ്യങ്കാര്‍ (ഹിന്ദു പത്രത്തിന്റെ സ്ഥാപകന്‍) എന്നിവര്‍ ഉണ്ടായിരുന്നു. വി.ഡി. സതീശനെപ്പോലെ ഓരോ വാക്കിലും സംഘത്തെ അധിക്ഷേപിക്കുന്നവര്‍ ഇവരാരായിരുന്നുവെന്നന്വേഷിച്ചറിയുന്നതു നന്നായിരിക്കും.
1930 ലെ ലാഹോര്‍ കോണ്‍ഗ്രസ്സില്‍ പൂര്‍ണ സ്വാതന്ത്ര്യ പ്രമേയം അംഗീകരിക്കപ്പെട്ടപ്പോള്‍. ഡോ. ഹെഡ്ഗേവാര്‍ അതിന്റെ പ്രാധാന്യത്തെ സംഘ സ്വയംസേവകരെ ബോധ്യപ്പെടുത്തുകയും, ഓരോ ശാഖയും അതില്‍ ആഹ്ലാദം പ്രകടിപ്പിക്കുന്ന പ്രമേയം നേതൃത്വത്തിനയക്കണമെന്നു നിര്‍ദേശിക്കുകയും ചെയ്തു. അതേ വര്‍ഷത്തില്‍ ഗാന്ധിജി ഉപ്പുസത്യഗ്രഹം നടത്തിയപ്പോള്‍ രാജ്യമെങ്ങും അതിന്റെ പ്രതിഫലനമുണ്ടായി. നാഗ്പൂരില്‍ കടലില്ല, പക്ഷേ അവിടെയടുത്ത് വനങ്ങളുണ്ട്. വനത്തിലെ വിഭവങ്ങള്‍ ശേഖരിക്കുന്നതില്‍ ഭരണകൂടം ഏര്‍പ്പെടുത്തിയ നിരോധനത്തിനെതിരെ ഡോക്ടര്‍ജിയുടെ നേതൃത്വത്തില്‍ ജംഗല്‍ സത്യഗ്രഹം നടത്തി ഒട്ടേറെപ്പേര്‍ ജയിലിലായി.
സംഘം ത്രിവര്‍ണ പതാകയെ അവഹേളിച്ചവരാണ് എന്നും കോണ്ഗ്രസ്സുകാര് ആക്ഷേപിക്കുന്നുണ്ട്. സംഘം ഉപയോഗിക്കുന്നത് ഭഗവധ്വജമാണ്. അതനാദികാലം മുതല്‍ ഭാരതത്തിന്റെ പവിത്ര പ്രതീകമാണത്. അതിന് വേണ്ടതായ ആദരവോടും ഭക്തിയോടും കൂടിയാണുപയോഗിക്കുന്നത്. അതിന്നായി സംഘത്തില്‍ നിശ്ചിതമായ ചട്ടങ്ങളുമുണ്ട്. ദേശീയപതാകയുടെ മേല്‍ഭാഗത്തെ കുങ്കുമ വര്‍ണംതന്നെയാണ് ഭഗവധ്വജത്തിനും. ആ പതാക തുടക്കം മുതല്‍ തന്നെ അവസരോചിതായി നിയമാനുസൃതം ഉപയോഗിച്ചുവരുന്നു. തിമിരം ബാധിച്ചവരുടെ കണ്ണുകള്ക്കതു കാണാന്‍ കഴിയില്ല എന്നേയുള്ളൂ.
സ്വാതന്ത്ര്യദിനവും റിപ്പബ്ലിക് ദിനവും സംഘം ആചരിക്കുന്നില്ല എന്നും കോണ്‍ഗ്രസ് നേതൃമ്മന്യന്മാര്‍ ആക്ഷേപിച്ചുകണ്ടു. ആദ്യകാലങ്ങളില്‍ സ്വാതന്ത്ര്യദിനം വിഭജനവിരുദ്ധ ദിനമായും, റിപ്പബ്ലിക് ദിനം ഐക്യദാര്‍ഢ്യ ദിനമായും ആചരിച്ചിരുന്നു. സംഘകാര്യാലയങ്ങളില്‍ ആ ദിവസങ്ങളില്‍ ദേശീയ പതാകയുയര്‍ത്തുന്നതും പതിവാണ്.
കൊല്ലത്തും ആലുവയിലും നടത്തപ്പെട്ട സംസ്ഥാനതല സംഘശിബിരിങ്ങള് ജനുവരി 26 ഇടയ്ക്കു വരുന്ന ദിവസങ്ങളിലായിരുന്നു. പ്രഭാതത്തില്‍ പൂര്‍ണ ഗണവേഷത്തില്‍ ശിബിരാംഗങ്ങള്‍ പതാകയുയര്‍ത്തല്‍ ചടങ്ങില്‍ പങ്കെടുക്കുകയും, സര്‍സംഘചാലക് സുദര്ശന് ജി സംസാരിക്കുകയുമുണ്ടായി. അഞ്ചുവര്‍ഷങ്ങള്‍ക്ക് മുന്‍പ് പാലക്കാട്ടെ കര്ണികയമ്മന് ഹൈസ്കൂളില്‍ റിപ്പബ്ലിക് ദിനത്തില്‍ പങ്കെടുത്ത് പതാകയുയര്‍ത്തിയതിന് കേരള സര്‍ക്കാര്‍ സര്‍സംഘചാലക് മോഹന്‍ഭാഗവതിനും സ്കൂള്‍ അധികൃതര്‍ക്കുമെതിരെ കേസെടുത്തത് വാര്‍ത്തയായിരുന്നു. പാലക്കാട്ടെ കല്ലേക്കാട്ടു വ്യാസ വിദ്യാപീഠത്തില്‍ നടത്തപ്പെട്ട സംസ്ഥാന സംഘകാര്യകര്തൃ ശിബിരത്തില്‍ ജനുവരി 26 ന്റെ പതാകയുയര്‍ത്തിയത് മോഹന്‍ജി ഭാഗവത് തന്നെയായിരുന്നു. അന്നവിടെ പുരാവസ്തു ഗവേഷണ വിദഗ്ദ്ധന് കെ.കെ. മുഹമ്മദും സംസാരിച്ചിരുന്നു. അന്നതു പത്രങ്ങള്‍ക്കും ചാനലുകള്‍ക്കും ചൂടുള്ള വാര്‍ത്തയായി. മുന്‍പത്തേതുപോലെ വ്യാസവിദ്യാപീഠത്തിനെതിരെയും നടപടിയുണ്ടാകുമോ എന്ന് മാധ്യമങ്ങള്‍ അഭ്യൂഹിച്ചു. സംഘത്തെ ആക്ഷേപിക്കാന്‍ കാരണങ്ങള്‍ ചികഞ്ഞു നടന്നവര്‍ക്ക് അതു നിരാശയാണ് നല്‍കിയത്.
സംഘം സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തില്ല എന്നാക്ഷേപിക്കുന്നവര്‍ ഒരു കാര്യം മറക്കുന്നു. സംഘസ്ഥാപകന് തന്നെ വിപ്ലവകാരിയായിരുന്നെന്നും, അതില്‍ പങ്കെടുത്ത് തടവില്‍ രണ്ടുതവണ കഴിഞ്ഞിട്ടുണ്ട് എന്നുമാണത്. സംഘത്തിലെ അംഗങ്ങള്‍ക്കു സ്വന്തം നിലയ്ക്കു സമരത്തില്‍ പങ്കെടുക്കാന്‍ അദ്ദേഹം പ്രേരണയും നല്കി. ഡോക്ടര്‍ജിക്കു വിപ്ലവകാരികളോട് വലിയ സ്നേഹവും ബഹുമാനവുമായിരുന്നു. ലാഹോര്‍ ഗൂഢാലോചന കേസില്‍ ഭഗത് സിങ്ങിനോടൊപ്പം പങ്കെടുത്ത രാജ്ഗുരുവിനെ,ഡോക്ടര്‍ജിയുടെ അടുത്തേക്ക് പഞ്ചാബ് വിപ്ലവകാരികള്‍ അയച്ചു. ഡോക്ടര്‍ജി രാജ്ഗുരുവിനെ മുതിര്‍ന്ന സഹപ്രവര്ത്തകന് ഭയ്യാജി ദാണിയെ ഏല്‍പ്പിച്ചു. അവിടെ സുരക്ഷിതനായി കഴിയവേ രാജ്ഗുരു കൂട്ടുകാരെ കാണാനുഴറി സ്വയം പുറപ്പെട്ട് പിടിയിലായി. ക്വിറ്റിന്ത്യാ പ്രക്ഷോഭകാലത്ത് ജയപ്രകാശ് അടക്കമുള്ള നേതാക്കള്‍ക്ക് വേണ്ട ഒത്താശകള്‍ ചെയ്തു. അരുണാ ആസഫ് അലിക്ക് സ്വന്തം വീട്ടില്‍ താമസ സൗകര്യം നല്കിയതും ദല്‍ഹി സംഘചാലകന് ലാലാഹന്‍സ് രാജഗുപ്തയായിരുന്നു.
അമൃത മഹോത്സവം സ്വന്തം മഹോത്സവമാക്കിത്തീര്ക്കാന് കഴിയാത്തവരുടെ കാമം കരഞ്ഞുതീര്ക്കുന്നതാണ് നാമിവിടെ കാണുന്നത്. ഒന്നാം ലോക മഹായുദ്ധകാലത്ത് ബ്രിട്ടീഷു സാമ്രാജ്യത്തിനുവേണ്ടി യുദ്ധം ചെയ്ത് ജീവന് വെടിഞ്ഞവരുടെ ഓര്‍മയ്ക്ക് അവര്‍ പണിത ഇന്ത്യാ ഗേറ്റും, അവരുടെ പാര്‍ലമെന്റു മന്ദിരവും മറ്റും തലയിലേറ്റി നില്‍ക്കുകയായിരുന്നല്ലൊ ഇതുവരെ നാം. സ്വതന്ത്രഭാരതത്തിനു വേണ്ടി പൊരുതി മരിച്ച ഭടന്മാര്ക്ക് സ്മാരകം നിര്‍മിച്ചില്ലായിരുന്നു. സ്മാരകങ്ങളുയര്ന്നത് ആര്‍ക്കൊക്കെയാണെന്നു പറയാത്തതാണു നല്ലത്. നരേന്ദ്ര മോദി അധികാരത്തില്‍ വന്നപ്പോഴാണ് ഇതിനൊക്കെ മാറ്റം വന്നു തുടങ്ങിയത്. അമൃത മഹോത്സവം പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മാണം മുഴുമിച്ചശേഷമാവും എന്നുറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: