പാലക്കാട് : അട്ടപ്പാടി മധു കൊലക്കേസില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കി. കേസിലെ സക്ഷികളെ പ്രതികള്‍ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും ഇത് ജാമ്യ വ്യവസ്ഥാ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യം റദ്ദാക്കിയത്. മണ്ണാര്‍ക്കാട് എസ്ഇ, എസ്ടി കോടതിയുടേതാണ് ഈ വിധി.
കേസിലെ 12 പ്രതികളുടെ ജാമ്യവ്യവസ്ഥയാണ് റദ്ദാക്കിയത്. ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ ലംഘിച്ച് പ്രതികള്‍ സാക്ഷികളെ സ്വാധീനിച്ചു. പ്രതികള്‍ നേരിട്ടും ഇടനിലക്കാര്‍ മുഖേനെയും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നുമുള്ള പ്രോസിക്യൂഷന് വാദം അംഗീകരിച്ചാണ് കോടതിയുടെ ഈ നടപടി.
പ്രതികളായ മരയ്ക്കാര്‍, ഷംസുദ്ദീന്, നജീബ്, സജീവ് എന്നിവരാണ് കൂടുതല്‍ തവണ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചത്. സാക്ഷികളെ പ്രതികള്‍ 63 തവണ ഫോണില്‍ ബന്ധപ്പെട്ടതിന്റെ രേഖകളും പ്രോസിക്യൂഷന് കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇനി വിസ്തരിക്കാന്‍ പോകുന്ന ചില സാക്ഷികളേയും പ്രതികള്‍ നിരന്തരം വിളിച്ചതിന് തെളിവുണ്ടെന്നായിരുന്നു പ്രോസിക്യൂഷന് വാദം.
കേസില്‍ കൂറ് മാറിയതില്‍ മധുവിന്റെ ബന്ധുവും ഉള്‍പ്പെടും. എന്നാല്‍ കേസില്‍ നാല് പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി പ്രോസിക്യൂഷന്റെ പക്കല്‍ തെളുവുണ്ടായില്ല. ഇതുവരെ വിസ്തരിച്ച സാക്ഷികളില്‍ 13 പേര് കൂറുമാറി. രണ്ടുപേര്‍ മാത്രമാണ് പ്രോസിക്യൂഷന് അനുകൂല മൊഴി നല്‍കിയത്. ഇതില്‍ ഏഴുപേര്‍ കോടതിയില്‍ തിരുത്തിയത് മുമ്പ് നല്കിയ രഹസ്യമൊഴിയാണ്. കഴിഞ്ഞ പതിനാറാം തീയതി ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: