കല്‍പ്പറ്റ: രാഹുല്‍ ഗാന്ധി എംപിയുടെ വയനാട്ടിലെ ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്ത കേസില്‍ രാഹുല്‍ ഗാന്ധിയുടെ പി.എ രതീഷ് അടക്കമുള്ള നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. രാഹുൽ, മുജീബ്, നൗഫൽ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ. ചോദ്യം ചെയ്യലിനായി പോലീസ് നോട്ടീസ് നൽകിയതിനെതുടർന്ന് ഇവർ ഒളിവിൽ പോവുകയായിരുന്നു.
കേസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പ്രതിക്കൂട്ടിലാക്കി എസ്പി റിപ്പോര്‍ട്ട് നൽകിയിരുന്നു. മഹാത്മാഗാന്ധിയുടെ ചിത്രം തകര്‍ത്തത് എസ്എഫ്ഐ പ്രവര്‍ത്തകരല്ലെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. പോലീസ് ഫോട്ടോഗ്രാഫറുടെ മൊഴിയും ഫോട്ടോകളും അടിസ്ഥാനമാക്കിയാണ് എസ്പി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ബഫർസോൺ വിഷയത്തിൽ എസ്എഫ്ഐ പ്രവര്‍ത്തകര്‍ രാഹുൽഗാന്ധിയുടെ ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടെയാണ് ഗാന്ധിചിത്രം തകർത്തത്.
ഗാന്ധി ചിത്രം എസ്എഫ്ഐ പ്രവര്‍ത്തകര്‍ നശിപ്പിച്ചെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം. എന്നാല്‍ എസ്എഫ്ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കുമ്പോള്‍ അകത്തുണ്ടായിരുന്ന പോലീസ് ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ചിത്രങ്ങളില്‍ ഗാന്ധി ചിത്രം ചുമരിലുണ്ടായിരുന്നു. പിന്നീട് ഫോട്ടോഗ്രാഫര്‍ തിരികെയെത്തിയപ്പോഴാണ് ഗാന്ധി ചിത്രം താഴെ കിടക്കുന്ന ചിത്രം പകര്‍ത്തിയത്. ഈ സമയം കോണ്‍ഗ്രസ്, യുഡിഎഫ് പ്രവര്‍ത്തകര്‍ മാത്രമായിരുന്നു ഓഫീസിനുള്ളില്‍ ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: