ഭാരതം പ്രകടിപ്പിച്ച ആശങ്കകള്‍ അംഗീകരിച്ചുകൊണ്ടുതന്നെ ചൈനയുടെ ചാരക്കപ്പലിന് ഹംബന്തോട്ട തുറമുഖത്ത് നങ്കൂരമിടാന്‍ ശ്രീലങ്ക അനുമതി നല്‍യിരിക്കുകയാണല്ലോ. ഭാരതത്തിന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് ആറുദിവസം വൈകിയാണ് ചൈനീസ് കപ്പലായ യുവാന്‍ വാങ്-5 ലങ്കന്‍ തീരത്ത് എത്തിയിരിക്കുന്നത്. ഭാരതത്തിന്റെ പരാതി പരിഗണിച്ച് കപ്പലിന്റെ വരവ് നീട്ടിവയ്ക്കണമെന്ന് ചൈനയോട് ലങ്കന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ബന്ധപ്പെട്ട എല്ലാവരുടെയും താല്‍പ്പര്യങ്ങള്‍ കണക്കിലെടുത്ത് പരസ്പരധാരണയോടെയാണ് കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കിയിരിക്കുന്നതെന്നും, ഇന്ധനം നിറയ്ക്കാനും മറ്റുമാണ് അനുവാദം നല്‍കിയിരിക്കുന്നതെന്നും ലങ്കന്‍ സര്‍ക്കാരിന്റെ വിദേശ കാര്യമന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ചൈനയ്ക്ക് നിരുപാധികം കീഴടങ്ങില്ലെന്ന സൂചനയാണിത്. ഇതുകൊണ്ടാവാം, സുരക്ഷാ പ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞ് ചില രാജ്യങ്ങള്‍ ശ്രീലങ്കയ്ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് നീതീകരിക്കാനാവില്ലെന്ന് ചൈനീസ് വിദേശ കാര്യമന്ത്രാലയം കുറ്റപ്പെടുത്തിയത്. ചൈനയുടെ സമുദ്ര ഗവേഷണങ്ങളെ ശരിയായ രീതിയില്‍ കാണണമെന്നും, ശ്രീലങ്കയുമായുള്ള തങ്ങളുടെ സഹകരണം തടസ്സപ്പെടുത്തരുതെന്നും ചൈന പറയുകയുണ്ടായി. ഈ അവകാശവാദങ്ങളൊന്നും ഭാരതം മുഖവിലയ്ക്കെടുക്കുന്നില്ല. ഇരട്ട നാക്കുകൊണ്ട് സംസാരിച്ച് ലോകത്തെ കബളിപ്പിക്കുകയെന്നത് അവരുടെ വിദേശനയത്തിന്റെ ഭാഗമാണ്. ഇത് അറിയാവുന്നതുകൊണ്ടാണ് രാജ്യത്തിന്റെ സുരക്ഷാപരവും സാമ്പത്തികവുമായ താല്‍പ്പര്യങ്ങളെ ബാധിക്കുന്ന സംഭവങ്ങളെയെല്ലാം ശ്രദ്ധാപൂര്‍വം നിരീക്ഷിക്കുമെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കിയത്.
ചൈനീസ് ചാരക്കപ്പലിന്റെ വരവ് ഉയര്‍ത്തുന്ന ഏതു വെല്ലുവിളിയെയും ഫലപ്രദമായി നേരിടാന്‍ ഭാരതം ശക്തമാണെന്ന് കേന്ദ്ര തുറമുഖ മന്ത്രി സര്‍ബാനന്ദ സോനോവാള്‍ വ്യക്തമാക്കിയത് സ്ഥിതിഗതികളുടെ ഗുരുതരാവസ്ഥ കണക്കിലെടുത്താണ്. യുവാന്‍ വാങ്-5 ഗവേഷണക്കപ്പലാണെന്ന് ചൈന പറയുന്നത് ഒരു തന്ത്രമാണ്. യഥാര്‍ത്ഥത്തില്‍ ഈ കപ്പല്‍ രണ്ടുവിധത്തില്‍ ഉപയോഗിക്കാം. ഗവേഷണത്തിനു പുറമെ ചാരപ്പണി നടത്താനുള്ള സജ്ജീകരണങ്ങളും ഇതിലുണ്ട്. ബഹിരാകാശ-ഉപഗ്രഹ നിരീക്ഷണത്തിനും, ഭൂഖണ്ഡാനന്തര മിസൈല്‍ വിക്ഷേപണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാനും ഇതിനു കഴിയും. 750 കിലോ മീറ്റര്‍ ചുറ്റളവില്‍ നിരീക്ഷിക്കാന്‍ കഴിവുള്ളതുകൊണ്ട് കിഴക്കന്‍ തീരത്തെ ഭാരതത്തിന്റെ തന്ത്രപ്രധാന നീക്കങ്ങള്‍ റഡാറില്‍ പതിയും. യുവാന്‍ വാങ് പരമ്പരയില്‍പ്പെടുന്ന മൂന്നാം തലമുറ കപ്പലാണ് യുവാന്‍ വാങ്-5. ഗവേഷണത്തിന്റെ മറവില്‍ ചാരപ്രവര്‍ത്തനത്തിനാണ് ചൈന ഇത് ഉപയോഗിക്കുന്നതെന്ന് ആധികാരികമായ വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ലങ്കന്‍ തീരത്തേക്കുള്ള വരവ് ലക്ഷ്യം വയ്ക്കുന്നത് ഭാരതത്തെയാണെന്ന് പ്രത്യേകം പറയേണ്ടതില്ല. ലങ്കയുടെ ഹംബന്തോട്ട തുറമുഖം തൊണ്ണൂറ്റിയൊന്‍പത് വര്‍ഷത്തേക്ക് ചൈന പാട്ടത്തിനെടുത്തിട്ടുള്ളതാണ്. ഇതിനെതിരെ അന്നുതന്നെ ഭാരതം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇപ്പോള്‍ ഈ തുറമുഖം ചൈന സ്വന്തമാക്കിയതുപോലെയാണ്. വായ്പ തിരിച്ചടയ്ക്കാനാവാതെ ലങ്കയെ കടക്കെണിയില്‍പ്പെടുത്തിയിരിക്കുകയാണ് ചൈന. ഇതുകൊണ്ടാണ് ചാരക്കപ്പലിന് അനുമതി നല്കാന് ലങ്ക നിര്‍ബന്ധിതമായത്. ലങ്ക അടുത്തിടെ സാമ്പത്തിക കുഴപ്പങ്ങളില്‍ അമര്ന്നപ്പോള് ചൈന സഹായത്തിനെത്തിയില്ല. എന്നാല്‍ ഭാരതം കയ്യയച്ച് സഹായിക്കുകയും ചെയ്തു.
ചൈനീസ് ചാരക്കപ്പലിന്റെ വരവ് മുന്നില്‍ കണ്ട് തന്ത്രപരമായ ചില നീക്കങ്ങള്‍ ഭാരതം നടത്തിയിരുന്നു. സമുദ്ര നിരീക്ഷണത്തിനുള്ള ഡോര്‍ണിയര്‍ 228 വിമാനം ശ്രീലങ്കയ്ക്ക് നല്‍കിയതാണ് ഇതിലൊന്ന്. ചൈനീസ് ചാരക്കപ്പലിന് പ്രവേശനാനുമതി നല്കിയതിനുശേഷം ലങ്കന്‍ വ്യോമസേന ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ചാരക്കപ്പല്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ സാധ്യതയുള്ള 750 കിലോമീറ്റര്‍ ചുറ്റളവില്‍ സിഗ്നല്‍ മതില് തീര്‍ത്ത് ഭാരതത്തിന്റെ നിരീക്ഷണ കപ്പല്‍ നിലയുറപ്പിച്ചിട്ടുള്ളത്. അത്യന്താധുനിക ഉപകരണങ്ങള്‍ ഘടിപ്പിച്ച ഈ കപ്പലിന് ഭാരതത്തിന്റെ തന്ത്രപ്രധാന വിവരങ്ങള്‍ ചോര്‍ത്തുന്നതിനെ തടയാനാവും. സമാധാനപരമായ സഹവര്‍ത്തിത്വത്തില്‍ വിശ്വസിക്കാത്ത ചൈന മേഖലയില്‍ ആധിപത്യം സ്ഥാപിക്കാനാണ് ശ്രമിക്കുന്നത്. അതിര്‍ത്തിയില്‍ പ്രശ്നങ്ങള്‍ കുത്തിപ്പൊക്കുന്നതിനു പുറമെ ശ്രീലങ്കയെയും നേപ്പാളിനെയും പോലുള്ള ചെറുരാജ്യങ്ങളെ ഭാരതത്തിനെതിരാക്കുകയെന്നതാണ് ചൈനയുടെ തന്ത്രം. പാകിസ്ഥാന് പണ്ടുമുതലേ ചൈനയുടെ താളത്തിനു തുള്ളി ഭാരതത്തിനെതിരെ നുഴഞ്ഞുകയറ്റവും ഭീകരപ്രവര്‍ത്തനങ്ങളും നടത്തിക്കൊണ്ടിരിക്കുന്നു. ഇത്തരം അതിക്രമങ്ങളെയും കടന്നാക്രമണങ്ങളെയും അനുവദിക്കില്ലെന്ന നിലപാടാണ് ഭാരതം കൈക്കൊള്ളുന്നത്. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ചൈനയുടെ നീക്കങ്ങള്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്കിക്കൊണ്ടിരിക്കുകയാണ്. ആധുനിക സംവിധാനങ്ങള്‍ സ്വീകരിക്കുമ്പോഴും അപരിഷ്കൃത മനസ്സാണ് ചൈനയിലെ ഭരണനേതൃത്വത്തെ നയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: