കോഴിക്കോട്: ലൈംഗിക പീഡനശ്രമ കേസില്‍ കോഴിക്കോട് സെഷന്‍സ് കോടതിയുടെ വിചിത്ര ഉത്തരവ്. യുവതി പ്രകോപനപരമായ വസ്ത്രം ധരിച്ചിരുന്നതിനാല്‍ ലൈംഗിക അതിക്രമ പരാതി നിലനില്‍ക്കുകയില്ലെന്നാണ് കോടതിയുടെ നിരീക്ഷണം.
ലൈംഗികപരമായി പ്രകോപനം ഉണ്ടാക്കുന്ന തരത്തിലുള്ള വസ്ത്രങ്ങളാണ് പരാതിക്കാരി ധരിച്ചിരുന്നതെന്നും, സെക്ഷന്‍ 354 പ്രകാരം പ്രഥമദൃഷ്ട്യാ കേസ് എടുക്കാനാകില്ലെന്നും കോടതി പറഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു കേസില്‍ സിവിക് ചന്ദ്രന് മുന്‍കൂര്‍ജാമ്യം അനുവദിച്ചുകൊണ്ട് കോടതി വിധിയുണ്ടായത്. എന്നാല്‍ വിധി പകര്‍പ്പ് പുറത്തുവന്നതോടെ കോടതിയുടെ നീരീക്ഷണം ചര്‍ച്ചയായി. പ്രതിഭാഗം ജാമ്യാപേക്ഷയോടൊപ്പം കോടതിയില്‍ സമര്‍പ്പിച്ച ഫോട്ടോ പ്രകാരം പരാതിക്കാരിയായ യുവതി ധരിച്ച വസ്ത്രം ശരീരഭാഗങ്ങള്‍ തുറന്നുകാണിക്കുന്നതാണെന്ന് കോടതി പറഞ്ഞു.കോഴിക്കോട് സെഷന്‍സ് കോടതി ജഡ്ജി എസ്. കൃഷ്ണകുമാറിന്റേതാണ് ഈ ഉത്തരവ്.
ശാരീരിക അവശതകളുള്ള, എഴുപത്തിനാലു വയസുകാരനായ പ്രതി പരാതിക്കാരിയെ ബലം പ്രയോഗിച്ച് മടിയില്‍ കിടത്തി, സ്വകാര്യ ഭാഗത്ത് സ്പര്‍ശിക്കാന്‍ ശ്രമിച്ചെന്നു പറയുന്നത് വിശ്വസിക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. സെക്ഷന്‍ 354 പ്രകാരം കേസ് എടുക്കണമെങ്കില്‍ ഒരു സ്ത്രീയുടെ മാന്യതക്കും അന്തസിനും ഭംഗം വരുത്തിയതിന് മതിയായ തെളിവുകള്‍ ഉണ്ടായിരിക്കണം എന്നും കോടതി വ്യക്തമാക്കി.
72 വയസുള്ളയാളാണെന്നും നടക്കാന്‍ ഊന്നുവടി സഹായം ഉള്‍പ്പെടെ ആവശ്യമാണെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്ന് ഉപാധികളോട് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. എന്നാല്‍ വിധി പകര്‍പ്പില്‍ ഇരയായ സ്ത്രീയുടെ വസ്ത്രധാരണമാണ് പ്രതിയുടെ ചെയ്തിക്ക് കാരണമായതെന്ന് കോടതി നിരീക്ഷിച്ചതോടെ ഇക്കാര്യം വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴിവെക്കുന്നത്.
2020 ഫെബ്രുവരിയിലാണ് കേസിന് ആസ്പദമായ സംഭവം. നന്തി ബീച്ചില്‍ നടന്ന ക്യാംപില്‍ വെച്ച് യുവ എഴുത്തുകാരിയായ യുവതിയോട് പ്രതി ലൈംഗികോദ്ദേശ്യത്തോടെ പെരുമാറിയെന്നായിരുന്നു പരാതി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354 എ (2), 341, 354 വകുപ്പുകള്‍ പ്രകാരം കേസ് എടുക്കണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് കള്ളക്കേസാണെന്നും പ്രതിക്കെതിരെ പ്രതികാരം ചെയ്യാന്‍ ശത്രുക്കളില്‍ ചിലര്‍ കെട്ടിച്ചമച്ച കഥയാണിതെന്നും അഭിഭാഷകരായ പി വി ഹരിയും എം സുഷമയും വാദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: