ഡോ. പ്രമീളാ ദേവീ
‘പൊന്നിന്‍ചിങ്ങ’മെന്നു കേള്‍ക്കുകയേ വേണ്ടൂ, ലോകത്തെവിടെയുമുള്ള മലയാളി മനസ്സുകളില്‍ തിരയിളക്കമുണ്ടാകാന്‍. ഒരുകാലത്ത് ഇടവപ്പാതിയുടെ പേമഴപ്പാച്ചിലില്‍ ദുരിതമനുഭവിച്ചു വലഞ്ഞിരുന്ന കേരളീയ ജീവിതത്തിന് മോചനമായിരുന്നു, ചിങ്ങപ്പുലരിയിലെ പുതുവര്‍ഷാഗമനം. കര്‍ക്കടക കണ്ണീരില്‍ നനഞ്ഞുകുതിര്‍ന്ന സന്ധ്യകളില്‍ രാമനാമജപത്തിന്റെ കൈവരിയില്‍ പിടിച്ചുനിന്നാണ് കൈരളി ചിങ്ങത്തിലെത്തിയിരുന്നത്. പട്ടിണിയും പെടാപ്പാടും വീര്‍പ്പുമുട്ടിച്ച ദിനങ്ങള്‍ അതിജിവിക്കാന്‍ കരുത്തായിത്തീര്‍ന്നിരുന്നു, വരാന്‍ പോകുന്ന പൊന്നിന്‍ചിങ്ങത്തെക്കുറിച്ചുള്ള സുവര്‍ണപ്രതീക്ഷകളും, ഒപ്പം രാമായണകഥ പാടിയ ശരികപൈതലിന്റെ ചിറകടിയും.
പിന്നെ, കാലം മാറി; കാലാവസ്ഥയും. കര്‍ക്കടകം തോരാമഴക്കാലമല്ലാതെയായി. ഇടവപ്പാതി പലപ്പോഴും ഇടഞ്ഞുനിന്നു. പട്ടിണിയും വല്ലായ്മയുമൊക്കെ മിക്കയിടത്തും നാടുനീങ്ങി; എവിടെയെങ്കിലുമൊക്കെ അതു തുടര്‍ന്നും ക്ലേശിപ്പിക്കുന്നുണ്ടെങ്കില്‍, പഞ്ഞകര്‍ക്കടകത്തില്‍ മാത്രമല്ല, ആണ്ടുമുഴുവനും അങ്ങനെയൊക്കെത്തന്നെയെന്നതായി അവസ്ഥ. എങ്കിലും ചിങ്ങമാസത്തിന്റെ വരവ് ഇന്നും ഏതൊരു മലയാളിയുടെയുള്ളിലും പൊന്നോണ വെയിലൊളിയായിത്തന്നെ തിളങ്ങുന്നുണ്ട്.
ഇപ്രാവശ്യം ഭാരതസ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ തിളക്കത്തില്‍ നാടാകെ മുഴുകി നില്‍ക്കുന്ന സന്ദര്‍ഭത്തിലാണ് ചിങ്ങപ്പുലരി പിറക്കുന്നത്. ദേശത്തെമ്പാടും ത്രിവര്‍ണപതാകകള്‍ പാറിക്കളിച്ചു. ദേശീയ ബോധത്തിന്റെ അലയൊലികള്‍, ഒരുപക്ഷേ സ്വാതന്ത്ര്യസമരകാലത്തെന്നോണം എല്ലായിടത്തുമെത്തി. കുടിലിലും കൊട്ടാരത്തിലും ത്രിവര്‍ണ പതാകയുയര്‍ന്നു. വീട്ടമ്മമാരും കൃഷിക്കാരും കച്ചവടക്കാരും ഉദ്യോഗസ്ഥരും കുട്ടികളും മുതിര്‍ന്നപൗരന്മാരും യുവാക്കളുമെല്ലാം ഒരേ മനസ്സോടെ ദേശസ്‌നേഹത്തിന്റെ സുദിനങ്ങള്‍ കൊണ്ടാടി. നാട്ടിന്‍പുറങ്ങളും നഗരങ്ങളും ഒരേപോലെ അമൃതമഹോത്സവത്തിലാറാടിയ സുവര്‍ണദിനങ്ങളില്‍തന്നെയാണ് പുതുവര്‍ഷം പിറക്കുന്നതും. ഇനി നാം നാളെണ്ണുന്നത് തിരുവോണപ്പുലരിയെ വരവേല്‍ക്കാനാണ്.
ലോകത്തിന്റെ ഏതു കോണില്‍ ജീവിക്കുമ്പോഴും മലയാളിയുടെ ഹൃദയം മിടിക്കുന്നത് ഓണസ്മൃതികളിലും കൂടിയാണ്. ഇത്ര മനോഹരമായൊരു സങ്കല്പം, അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നും പറയേണ്ടിവരും. ‘മാനുഷരെല്ലാരുമൊന്നുപോലെ’ പുലരുന്ന നാളുകള്‍. ‘കള്ളവുമില്ല, ചതിയുമില്ല, എള്ളോളമില്ല പൊളിവചനം’ എന്ന വിസ്മയത്തിന്റെ നാട്. ആധികള്‍ വ്യാധികള്‍ ഒന്നുമില്ലാത്ത കാലം. ‘നല്ലവരല്ലാതെയില്ല പാരില്‍’ എന്ന ആമോദത്തിന്റെ തിരത്തള്ളല്‍. എന്നെങ്കിലും ഏതെങ്കിലുമൊരു നാട്ടില്‍ ഇത്തരമൊരു അവസ്ഥയുണ്ടായിരിക്കുമോ? സ്വര്‍ഗതുല്യമായ അങ്ങനെയൊരു പ്രദേശം സ്വപ്‌നത്തിനപ്പുറം സാധ്യമാണോ? ഇല്ലെന്നുമല്ലെന്നും നമുക്കറിയാം. മനുഷ്യര്‍ ജന്മനാ തന്നെ അസമന്മാരാണ്. രൂപവും ഭാവവും പ്രകൃതവും സാഹചര്യങ്ങളും കഴിവുകളും ആഗ്രഹങ്ങളും താല്പര്യങ്ങളുമെല്ലാം കൈവെള്ളയിലെ രേഖകള്‍ പോലെ തികച്ചും വ്യത്യസ്തം. ഒരേ ഗര്‍ഭാശയത്തില്‍ ഒരുമിച്ചുവളരുന്ന കുട്ടികള്‍ പോലും സാദൃശ്യങ്ങളേക്കാള്‍ വിഭിന്നതകള്‍ കൊണ്ടാണ് ശ്രദ്ധേയരാകുന്നത്. രോഗവും ഭീതിയുമില്ലാത്ത, നുണയും ചതിയുമില്ലാത്ത, പരസ്പരം മുറിവേല്‍പ്പിക്കുന്ന തേറ്റകള്‍ നീളാത്ത ഒരു മാനവലോകം അസംഭവ്യം തന്നെയാണ്. എങ്കിലും നമുക്കുവേണം അങ്ങിനെയൊരു സങ്കല്പം, സമത്വമനോജ്ഞമായ ഒരു സുവര്‍ണയുഗമുണ്ടായിരുന്നുവെന്നത് കെട്ടുകഥയാണെങ്കില്‍ക്കൂടി, നമുക്കാ കഥ ആത്മവിശ്വാസമേകുന്നു. ഏതെങ്കിലുമൊരു നാളെകളില്‍ ഇനിയുമുണ്ടാകും. ആ മാവേലിനാടെന്ന ചിന്ത നമ്മെ പ്രത്യാശാനിര്‍ഭരരാക്കുന്നു. അതു തന്നെയാണ് മലയാളക്കരയുടെ പുതുവര്‍ഷവും പൊന്നിന്‍ചിങ്ങമാസവും ചെയ്യുന്നത്. എല്ലാ ഇല്ലവല്ലായ്മകളുടെ ഇരുളും മായ്ച്ചുകളയാന്‍ പോന്ന ആത്മധൈര്യത്തിന്റെയും പ്രത്യാശയുടേയും നിറദീപമാലികയാണ് അതു നമുക്കുമുന്‍പില്‍ കൊളുത്തിവയ്‌ക്കുന്നത്. ഏതു കെട്ടകാലത്തേയും അതിജീവിക്കാന്‍ ഇങ്ങനെ ചില മോഹനസ്വപ്‌നങ്ങളുള്ളതുകൊണ്ടല്ലേ മാനവരാശി മുന്‍പോട്ടുതന്നെ നടക്കുന്നത്?
എങ്കിലും പഴയ ഓണമല്ല പുതുകാലത്തെ ഓണം. കര്‍ക്കടകം മുപ്പത്തിയൊന്നിനും വൈകുന്നേരം മുറ്റവും പറമ്പും അടിച്ചുവാരി പഴയകൊട്ടയിലാക്കി, ചില്ലറ പച്ചിലകൂട്ടുകളും ചേര്‍ത്തുപുകച്ച്, ‘മൂതേവി പുറത്ത്, ശീപോതി അകത്ത്’ എന്നുകൊണ്ടാടിയിരുന്ന പുതുവത്സരപ്പിറവിയാഘോഷവുമിന്ന് അപൂര്‍വമായിത്തീര്‍ന്നിരിക്കുന്നു. വയല്‍വരമ്പത്തും വഴിയോരത്തും പൂക്കുടയുമായി അലയുന്ന കുട്ടികളും ആരും വെള്ളമൊഴിച്ചുവളര്‍ത്താത്ത നാട്ടുപൂക്കളുടെ കൂമ്പാരങ്ങളും മറവിയിലാണ്ടുപോകുന്നു. വിലയ്‌ക്കുവാങ്ങുന്ന പൂക്കളും ചിലപ്പോഴൊക്കെ കൃത്രിമവര്‍ണവസ്തുക്കളുമാണ് പൂക്കളങ്ങളായി പിറവിയെടുക്കുന്നത്. കുടുംബങ്ങളില്‍ എല്ലാവരും ഒത്തുകൂടി, അടുക്കളയില്‍ തിരക്കിട്ടു പണിയെടുത്ത്, കേരളത്തിന്റെ മണ്ണില്‍ വിളയുന്ന നാടന്‍ വിഭവങ്ങള്‍ ചേര്‍ത്തൊരുക്കുന്ന വീട്ടുസദ്യകളും പുതുക്കെ നാടുനീങ്ങുന്നു. പകരം, ഓര്‍ഡര്‍ ചെയ്താല്‍ പാഴ്‌സലുകളായി ഓണസദ്യ ഊണുമേശയിലെത്തുന്ന അവസ്ഥയായിട്ടുണ്ട്. കച്ചവട സ്ഥാപനങ്ങളിലാണ് ഇന്ന് ഓണാഘോഷമെന്ന് പറയാം. പക്ഷേ, എന്തൊക്കെ മാറ്റങ്ങളുണ്ടായാലും, മാറാത്തതു ചിലതുണ്ടല്ലോ; അങ്ങനെ മാറ്റത്തെ മറികടക്കുന്ന അത്തരം ‘ചിലതു’കളാണ്. മഹാകവി വൈലോപ്പിള്ളി സൂചിപ്പിച്ച ‘മുന്തിയ സന്ദര്‍ഭങ്ങള്‍, അല്ല മാത്രകള്‍’. നിസംശയം പറയാം, മലയാളികയുടെ പൊന്നിന്‍ചിങ്ങമാസവും പൊന്നോണവുമെല്ലാം, ഇത്തരത്തിലുള്ള ‘മുന്തിയ മാത്രക’ളാണ് നമുക്ക് നല്‍കുന്നത്.
പുതുവര്‍ഷപ്പിറവിയും പിറന്നാളും പ്രധാനപ്പെട്ട മറ്റെല്ലാ ദിവസങ്ങളും തിരിഞ്ഞുനോട്ടത്തിന്റെയും വിലയിരുത്തലുകളുടെയും കൂടി അവസരങ്ങളാണ്. കഴിഞ്ഞ ഒരു വര്‍ഷക്കാലം നാട്ടിലും നമ്മുടെ ജീവിതത്തിലും പുരണ്ട മാലിന്യങ്ങള്‍ കഴുകിക്കളയാന്‍, അസ്വസ്ഥതയുടെ കനലുകളണച്ച്, ഓണമുറ്റമെന്നോണം അടിച്ചുതളിച്ചു വൃത്തിയാക്കി, ചാണകം മെഴുകി പൂക്കളമൊരുക്കാന്‍ നമുക്ക് തീരുമാനിക്കാം. പഞ്ഞമാസ പരാധീനതകളില്‍ നിന്ന്, പരസ്പര ദ്വേഷത്തിന്റെ പേമാരിയില്‍ നിന്ന് നമ്മെയും നാടിനെയും മോചിപ്പിക്കാനെത്തുന്ന ചിങ്ങപ്പുലരിയില്‍ ‘ശീപോതി അകത്ത്’ എന്ന് നമുക്ക് പാടാം. നമ്മുടെ രാജ്യം സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവത്തിളക്കത്തില്‍ ശോഭിക്കുന്ന ഈ സന്ദര്‍ഭത്തിലെ പ്രാര്‍ഥന, മാവേലിനാടിന്റെ വീണ്ടെടുപ്പിന് വേദിയാവട്ടെ എന്ന് തീരുമാനിക്കാം. എന്നെന്നുമുണ്ടാവട്ടെ പൊന്നിന്‍ചിങ്ങമെന്ന സ്വപ്‌നത്തിന്റെ കാവലാളാകാം നമുക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: