സ്വതന്ത്ര ഭാരതം എഴുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയാക്കി എഴുപത്തിയാറാമത് ജന്മദിനം ആഘോഷിച്ചതിന്റെ ആവേശവും അലയൊലിയും അന്തരീക്ഷത്തില്‍ തങ്ങിനില്ക്കുകയാണ്. സ്വാതന്ത്ര്യലബ്ധിയുടെ ജന്മശതാബ്ദിയാഘോഷിക്കുന്നതുവരെ, അടുത്ത ഇരുപത്തിയഞ്ച് വര്‍ഷത്തേക്കുള്ള ഊര്‍ജം നിറയ്ക്കുന്ന പരിപാടികള്‍ക്കാണ് രാജ്യമെമ്പാടും കഴിഞ്ഞ ദിവസങ്ങളില്‍ സാക്ഷ്യം വഹിച്ചത്. ‘ഹര് ഘര്‍ തിരംഗ’ എന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് മുപ്പത് കോടിയാളുകളാണ് സ്വന്തം വീടുകളില്‍ ത്രിവര്ണത പതാക വാങ്ങി ഉയര്‍ത്തിയത്. ഇതിലൂടെ അഞ്ഞൂറ് കോടി രൂപയുടെ വില്‍പ്പനയാണ് നടന്നതെന്നറിയുമ്പോള്‍ അതിന്റെ വ്യാപ്തി വ്യക്തമാണല്ലോ.
രാഷ്ട്രപതി ദ്രൗപദി മുര്‍മു രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗവും, സ്വാതന്ത്ര്യപ്പുലരിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍നിന്നും നടത്തിയ പ്രസംഗവും, ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് നല്കിയ സ്വാതന്ത്ര്യദിന സന്ദേശവും ഭാവിഭാരതത്തിന്റെ രൂപരേഖ വരച്ചുകാട്ടുന്നതായിരുന്നു. സാമ്രാജ്യത്വ നുകം വലിച്ചെറിഞ്ഞ് സ്വാതന്ത്ര്യം നേടിയ ഭാരതം ജനാധിപത്യ ഭരണസംവിധാനം സ്വീകരിച്ചതിനെ ഓര്‍മ്മിപ്പിച്ച രാഷ്ട്രപതി, ലോകത്തെ പല രാജ്യങ്ങളിലെയും വനിതകള്‍ക്ക് വോട്ടവകാശത്തിനുവേണ്ടി നീണ്ട സമരങ്ങള്‍ ചെയ്യേണ്ടിവന്നപ്പോള്‍ തുടക്കംമുതല്‍തന്നെ എല്ലാ പൗരന്മാര്ക്കും പ്രായപൂര്‍ത്തി വോട്ടവകാശം അനുവദിച്ച രാജ്യമാണ് നമ്മുടെതെന്ന് എടുത്തുപറയുകയുണ്ടായി. ഭാരതത്തിന്റെ സായുധസേനകളെയും, വിദേശരാജ്യങ്ങളില്‍ അവ ഏറ്റെടുത്ത ദൗത്യങ്ങളെയും പ്രശംസിച്ച രാഷ്ട്രപതി, മാതൃരാജ്യത്തിന്റെ അഭിമാനമുയര്‍ത്തുന്ന പ്രവാസി ഭാരതീയരുടെ സംഭാവനകളെയും അനുസ്മരിച്ചു. പാരിസ്ഥിതിക വെല്ലുവിളികളെ നേരിട്ടുകൊണ്ട് ഭാരതത്തിന്റെ സൗന്ദര്യം സംരക്ഷിക്കാന്‍ നമുക്ക് കഴിയേണ്ടതുണ്ടെന്നും പറഞ്ഞു.
കൊറോണ മഹാമാരിയെ നേരിടാന്‍ സ്വന്തമായി വാക്സിന് നിര്‍മിക്കുകയും, മാനവരാശിയുടെ ചരിത്രത്തില്‍ ഏറ്റവും വലിയ പ്രതിരോധ കുത്തിവയ്പ്പ് നടത്തുകയും, 200 കോടി പ്രതിരോധ കുത്തിവയ്പുകള്‍ എടുത്തതിലൂടെ വികസിത രാജ്യങ്ങളെപ്പോലും ഭാരതം അത്ഭുതപ്പെടുത്തിയെന്ന രാഷ്ട്രപതിയുടെ വാക്കുകള്‍ ഓരോ പൗരനും ഏറെ അഭിമാനത്തോടെയാണ് കേട്ടത്. രാഷ്ട്രപതിയുടെ പ്രസംഗത്തിന്റെ തുടര്‍ച്ചയെന്നോണം അതേവികാരം പങ്കുവെച്ചുകൊണ്ട് വരാനിരിക്കുന്ന നാളുകളില്‍ ഭാരതത്തിന്റെ പ്രയാണദിശ ചൂണ്ടിക്കാട്ടുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈവര്‍ഷത്തെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ചെയ്തത്. സ്വാതന്ത്ര്യത്തിനുശേഷം ജനിച്ച് പ്രധാനമന്ത്രിപദവിയിലെത്തുകയും, ഒന്‍പതു പ്രാവശ്യം ചെങ്കോട്ടയില്‍നിന്ന് സ്വാതന്ത്ര്യദിന പ്രസംഗങ്ങള്‍ നടത്താന്‍ അവസരം ലഭിക്കുകയും ചെയ്ത ഏക വ്യക്തിയാണ് നരേന്ദ്ര മോദി. മുന്‍വര്‍ഷങ്ങളിലേതുപോലെ വളരെ ആവേശകരമായ പ്രസംഗമാണ് രാജ്യത്തിന്റെ എഴുപത്തിയാറാം സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി നടത്തിയത്. ജനതയുടെ ഐക്യവും ലിംഗസമത്വവും സ്വയംപര്യാപ്തതയും കൈവരിക്കന് അടുത്ത 25 വര്‍ഷം കഠിനമായി പ്രയത്നിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍. സ്വയംപര്യാപ്തത എന്നത് ഒരു സര്‍ക്കാര്‍ പരിപാടിയല്ലെന്നും അതൊരു ജനമുന്നേറ്റമാണെന്നും പ്രഖ്യാപിക്കുന്നതായിരുന്നു ഇത്. ജയ് ജവാന്, ജയ് കിസാന്‍, ജയ് വിജ്ഞാന് എന്നതിനൊപ്പം പുതിയ കണ്ടുപിടിത്തങ്ങളിലൂടെ ഭാരതത്തെ അതിന്റെ ഔന്നത്യത്തിലെത്തിക്കാന്‍ ‘ജയ് അനുസന്ധാന്‍’ എന്നുകൂടി പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
സ്വാതന്ത്ര്യലബ്ധിയുടെ എഴുപത്തിയഞ്ചു വര്‍ഷക്കാലം ദുഷ്ക്കരമായിരുന്നെങ്കിലും ഇന്നു നാം അമൃതകാലത്തെത്തിയിരിക്കുകയാണെന്നും, ഇനിയങ്ങോട്ടുള്ള 25 വര്‍ഷം എല്ലാവിധത്തിലും പരമപ്രധാനമാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഇനി വരുന്ന കാല്‍നൂറ്റാണ്ടിനിടെ രാജ്യത്തിന്റെ സമഗ്രപുരോഗതിക്കായി ‘പഞ്ചപ്രാണ്‍’ എന്ന് വിശേഷിപ്പിച്ച് അഞ്ച് കാര്യങ്ങള്‍- വികസിത ഭാരതം, അടിമത്വ മനോഭാവത്തില്‍നിന്നുള്ള മോചനം, പാരമ്പര്യത്തിലുള്ള അഭിമാനം, ജനതയുടെ ഐക്യം, പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരുമടക്കമുള്ള പൗരന്മാരുടെ കടമകള്‍- പ്രധാനമന്ത്രി മുന്നോട്ടുവച്ചു. അഴിമതിക്കെതിരായ യുദ്ധം തുടരുമെന്നും, ഇക്കാര്യത്തില്‍ ഒരു വമ്പനെയും ഒഴിവാക്കില്ലെന്നും മുന്നറിയിപ്പ് നല്കുകയുമുണ്ടായി. രാഷ്ട്രീയത്തില്‍ മാത്രമല്ല, മറ്റ് മേഖലകളിലും കുടുംബാധിപത്യം അവസാനിപ്പിക്കുമെന്നു പറഞ്ഞ പ്രധാനമന്ത്രി, ഇതിനായി ജനങ്ങളുടെ സഹായസഹകരണങ്ങള്‍ തേടുകയും ചെയ്തു. സ്വാതന്ത്ര്യസമരത്തിന്റെ സവിശേഷതകളിലേക്കും സ്വതന്ത്രഭാരതം കൈവരിച്ചിട്ടുള്ള നേട്ടങ്ങളിലേക്കും വിരല്‍ചൂണ്ടുന്നതായിരുന്നു സര്‍സംഘചാലകിന്റെ സ്വാതന്ത്ര്യദിന സന്ദേശം.
സ്വാതന്ത്ര്യത്തിലൂടെയും സ്വരാജിലൂടെയും ഭാരതത്തിനു നിര്‍വഹിക്കാനുള്ളത് ഒരു വിശ്വദൗത്യം തന്നെയാണെന്നും, അതിനായി ഓരോ പൗരനും ആത്മവിചിന്തനംചെയ്ത് കര്‍മനിരതരാവണമെന്നും സര്‍സംഘചാലക് ആഹ്വാനം ചെയ്തു. വൈവിധ്യങ്ങളെ ഏകാത്മതയുടെ സ്പഷ്ടീകരണമായാണ് കാണേണ്ടതെന്നും, ഭാരതം വൈവിധ്യങ്ങളെ കൈകാര്യം ചെയ്യുന്നത് ലോകത്തിന് മാതൃകയാണെന്നുമുള്ള സര്‍സംഘചാലകിന്റെ വാക്കുകള്‍ ഇക്കാര്യത്തില്‍ മറ്റുള്ളവരുടെ ഉപദേശ നിര്‍ദ്ദേശങ്ങള്‍ നമ്മുടെ രാജ്യത്തിന് ആവശ്യമില്ലെന്നതിന്റെ സൂചനയാണ്. സമത്വവും ചൂഷണരഹിതവുമായ സമൂഹത്തിനു മാത്രമേ സ്വാതന്ത്ര്യ സംരക്ഷണം സാധ്യമാകൂ എന്ന് സര്‍സംഘചാലക് പറയുന്നതില്‍ സ്വാതന്ത്ര്യത്തിന്റെ അമൃതകാലത്തെ വര്‍ത്തമാനകാലത്തിലേക്ക് സന്നിവേശിപ്പിക്കേണ്ടതിന്റെ ആവശ്യകതയ്ക്ക് അടിവരയിടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: