തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളുടെ ഉപരോധത്തെത്തുടര്‍ന്ന് വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തിവച്ചു. പുറത്തുനിന്നുള്ളവരാണ് തുറമുഖ നിര്‍മാണത്തില്‍ പ്രശ്നമുണ്ടാക്കുന്നതെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തത്ക്കാലത്തേക്കു നിര്‍ത്തിവയ്ക്കുന്നുവെന്ന് അദാനി പോര്‍ട്സ്.
ലത്തീന്‍സഭയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികള്‍ തുറമുഖകവാടം ഉപരോധിച്ചതോടെ നിര്‍മാണ സാധനങ്ങള്‍ തുറമുഖത്തിനകത്തേക്കു കൊണ്ടുവരാന്‍ കഴിയാത്ത സാഹചര്യമുണ്ടായി. ലത്തീന്‍ അതിരൂപതയിലെ വൈദികരടക്കമുള്ളവര്‍ നിര്‍മാണം നടക്കുന്ന സ്ഥലത്തെത്തി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തി. തുറമുഖ കവാടത്തില്‍ പോലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേഡുകള്‍ പ്രതിഷേധക്കാര്‍ എടുത്തുമാറ്റിയതു സംഘര്‍ഷത്തിനിടയാക്കി.
തീരശോഷണത്തിന് കാരണമായ അന്താരാഷ്ട്ര തുറമുഖ നിര്‍മാണം നിര്‍ത്തിവച്ച് ശാസ്ത്രീയപഠനം നടത്തുക വീടും വസ്തുക്കളും നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരം അടിയന്തരമായി നല്‍കുക എന്നിങ്ങനെ ഏഴിനം ആവശ്യങ്ങള്‍ ഉന്നയിച്ചാണ് തിരുവനന്തപുരം ലത്തീന്‍ രൂപതയിലെ ആയിരത്തിലധികം മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ സമരത്തിനെത്തിയത്. അതിരൂപതയിലെ 115 ഓളം പള്ളികളില്‍ പ്രതിഷേധ സൂചകമായി രാവിലെ കരിങ്കൊടി ഉയര്‍ത്തി. പരുത്തിയൂര്‍ പള്ളി വികാരി ജേക്കബ് സ്റ്റെല്ലസിന്റെയും കൊല്ലംകോട് ഇടവക വികാരി ആന്റോ ജ്യോതിസ്, സഹവികാരി നിതേഷ് എന്നിവരുടെ നേതൃത്വത്തിലാണ് സമരക്കാരെത്തിയത്. പ്രതിഷേധക്കാരെ മുല്ലൂര്‍ കലുങ്ക് നടയില്‍ ബാരിക്കേഡുകള്‍ തീര്‍ത്ത് പോലീസ് തടഞ്ഞു.
തത്ക്കാലത്തേയ്ക്ക് നിര്‍മാണം നിര്‍ത്തുകയാണെന്നും ഇപ്പോഴത്തെ പ്രശ്നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദാനി പോര്‍ട്സ് അധികൃതര്‍ അറിയിച്ചു. ഇടവകകളുടെ നേതൃത്വത്തിലാണ് സമരം. പൊഴിയൂര്‍ ഭാഗത്തുനിന്നുള്ളവരാണ് ഇന്നലെ സമരത്തില്‍ പങ്കെടുത്തത്. ഇന്ന് മറ്റുള്ള ഇടവകകളില്‍നിന്നു സമരക്കാരെത്തും. തുറമുഖ നിര്‍മാണം കാരണം വീടുകള്‍ നഷ്ടപ്പെടുന്നവരുടെ പുനരധിവാസത്തിന് 17 ഏക്കര്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നു ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. തുറമുഖ നിര്‍മാണത്തിനു ദേശീയ ഹരിത െ്രെടബ്യൂണലിന്റെയും സുപ്രീംകോടതിയുടെയും അനുമതിയുള്ളതിനാലും കേന്ദ്രവും കേസില്‍ കക്ഷിയായതിനാലും സംസ്ഥാനത്തിനുമാത്രമായി തീരുമാനമെടുക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു.
അവിടെയുള്ള ആളുകള്‍ക്ക് സമരത്തില്‍ പങ്കില്ലെന്നും പുറത്തുനിന്നുള്ളവരാണ് സമരം നടത്തുന്നതെന്നും തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. തദ്ദേശീയരോട് സര്‍ക്കാര്‍ നേരത്തെ ചര്‍ച്ച ചെയ്തിരുന്നതാണെന്നും ഇപ്പോള്‍ പുറത്തുനിന്നുള്ളവരാണ് പ്രശ്നമുണ്ടാക്കുന്നതെന്നുമാണ് മന്ത്രി പറയുന്നത്. ആരുമായും ചര്‍ച്ചയ്ക്ക് തയാറാണെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ മന്ത്രിക്കു ബോധക്ഷയം സംഭവിച്ചിരിക്കുകയാണെന്നു സമരസമിതി ജനറല്‍ കണ്‍വീനര്‍ മോണ്‍. യൂജിന്‍ എച്ച്. പെരേര കളിയാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: