ബെംഗളൂരു: സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് വീര്‍ സവര്‍ക്കറുടെ കൂറ്റന്‍ പോസ്റ്റര്‍ ഷിമോഗയില്‍ ഉയര്‍ത്താന്‍ ശ്രമിച്ച സംഘത്തിനെതിരെ ആക്രമണം. കുത്തേറ്റ പ്രേംസിങ് ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റു ചെയ്തു. സംഭവത്തിന് പിന്നിലെ യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്താന്‍ അന്വേഷണം നടക്കുകയാണെന്നും ഇക്കാര്യത്തില്‍ നിഷ്പക്ഷമായ നിലപാടെടുക്കുമെന്നും കര്‍ണ്ണാടക മുഖ്യമന്ത്രി ബസവ രാജ് ബൊമ്മൈ പറഞ്ഞു.
ഹിന്ദു സംഘടനയില്‍പ്പെട്ട ഒരു സംഘം ചെറുപ്പക്കാരാണ് അമീര്‍ അഹമ്മദ് സര്‍ക്കിളില്‍ വീര്‍ സവര്‍ക്കറുടെ കൂറ്റന്‍ ഫ്ളെക്സ് അവിടുത്തെ ഹൈമാസ്റ്റ് ലൈറ്റ് പോസ്റ്റില്‍ ഉയര്‍ത്താന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. ഉടനെ ന്യൂനപക്ഷവിഭാഗത്തില്‍ പെട്ട സംഘടനയിലെ ചിലര്‍ എത്തി ഇതിനെ എതിര്‍ത്തു. പകരം അവര്‍ ടിപ്പുസുല്‍ത്താന്റെ വലിയ പോസ്റ്റര്‍ അതേ കവലയില്‍ ഉയര്‍ത്താന്‍ ശ്രമം നടത്തിയതോടെ വാക്കേറ്റമായി. ഇതിനിടെ ഒരാള്‍ക്ക് കത്തിക്കുത്തേറ്റു.
രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് വര്‍ഗ്ഗീയ സംഘര്‍ഷത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്ന് മനസ്സിലായതോടെ പൊലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി. ആള്‍ക്കൂട്ടം പിരിഞ്ഞുപോയെങ്കിലും സംഘര്‍ഷ സാധ്യത നിലനില്‍ക്കുകയാണ്. തല്‍ക്കാലം പൊലീസ് സമാധാനം നിലനിര്‍ത്താന്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര എഡിജിപി അലോക് കുമാറുമായി സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ്. നാല് പേരെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: