ന്യൂദല്‍ഹി: ഹര് ഘര്‍ തിരംഗ വന്‍ വിജയമായി. ബഹുജനങ്ങളുടെ വന്‍ പങ്കാളിത്തത്തോടെയാണ് ഇക്കുറി ദേശീയ സ്വാതന്ത്ര്യദിനം ആഘോഷിക്കപ്പെട്ടത്. ഏകദേശം 30 കോടിയുടെ പതാകകള്‍ ജനങ്ങള്‍ വാങ്ങി ഉപയോഗിച്ചു. പക്ഷെ ഇപ്പോള്‍ ഇടത് ലിബറലുകള്‍ ഈ സ്വാതന്ത്ര്യദിനാഘോഷം ഭ്രാന്തമായ രാജ്യസ്നേഹമാണെന്ന കണ്ടെത്തല്‍ നടത്തിയിരിക്കുകയാണ്. ബുദ്ധിജീവികള്‍ക്കും ലിബറലുകള്‍ക്കും ശക്തരായ ഭരണാധികാരികള്‍ ഇന്ത്യ ഭരിയ്ക്കുന്നത് ഇഷ്ടമല്ല. പകരം ദുര്‍ബ്ബലരായ പ്രധാനമന്ത്രിമാരെയും ദുര്‍ബ്ബലമായ സര്ക്കാരുകളെയുമാണ് ഇഷ്ടം.
ബിബിസിയില്‍ ബിസിനസ് റിപ്പോര്‍ട്ടറായി ജോലി ചെയ്യുന്ന യോഗിത ലിമായേ പറയുന്നത് കേള്‍ക്കുക:
“50 സ്വാതന്ത്ര്യദിനം ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. സ്കൂളില്‍ ഞങ്ങള്‍ പതാക ഉയര്‍ത്തി. ദേശീയ ഗാനം പാടി. റഹ്മാന്റെ പാട്ട് വീണ്ടും വീണ്ടും വെച്ച് കേട്ടു. ഞങ്ങള്‍ക്ക് അഭിമാനവും രാജ്യസ്നേഹവും തോന്നി. ആരും ഞങ്ങളോട് ഒന്നും കല്പിച്ചില്ല. അത് ലളിതമായ ദിവസങ്ങളായിരുന്നു”. യോഗിത ലിമായെയുടെ ഈ അഭിപ്രായത്തെ ഒട്ടേറെപ്പേര്‍ ട്വിറ്ററില്‍ പിന്താങ്ങിയിട്ടുണ്ട്. അസ്മിത നന്ദി, രവീന്ദര്‍ കൗര്‍….ഇവരെല്ലാം സ്വതന്ത്ര ലിബറലുകളാണ്.
ഇക്കുറി പ്രധാനമന്ത്രി സമൂഹമാധ്യമപേജുകളിലെ പ്രൊഫൈല്‍ ചിത്രങ്ങള്‍ സ്വാതന്ത്ര്യപ്പാതകയാക്കി മാറ്റാന്‍ ആഹ്വാനം ചെയ്തിരുന്നു. വീട്ടില്‍ പതാക ഉയര്‍ത്താനും പൊതുജനങ്ങളോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഇതിനെയാണ് ലിബറലുകള്‍ ഇപ്പോള്‍ വിമര്‍ശിക്കുന്നത്. വാസ്തവത്തില്‍ ഇന്ത്യയുടെ കുഗ്രാമങ്ങളില്‍ പോലും ആവേശത്തോടെ ജനങ്ങള്‍ സ്വന്തം വീട്ടില്‍ സ്വാതന്ത്ര്യപ്പതാക ഉയര്‍ത്തുകയായിരുന്നു. തിരുവനന്തപുരത്ത് മത്സ്യത്തൊഴിലാളികള്‍ കടലില്‍ ബദ്ധപ്പെട്ട് കാല് നാട്ടി അതിന്മേലാണ് സ്വാതന്ത്ര്യപ്പതാക ഉയര്‍ത്തിയത്.
വാസ്തവത്തില്‍ 50ാം സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യ ഭരിയ്ക്കുന്ന സര്‍ക്കാരിന്റെ അവസ്ഥ എന്തായിരുന്നു? 50ാം സ്വാതന്ത്ര്യദിനത്തിന് അല്പം മുന്‍പ് ദേവഗൗഡ സര്‍ക്കാര്‍ താഴെ വീണു. പകരം ഐകെ ഗുജ്റാളായിരുന്നു പ്രധാനമന്ത്രിയായത്. അന്നാണ് ബീഹാറില്‍ ലാലുപ്രസാദ് യാദവിന്റെ കാലിത്തീറ്റ കുംഭകോണം പുറത്തായത്. ഇതേത്തുടര്‍ന്ന് ഒറ്റപ്പെട്ട ലാലു യാദവ് ആര്‍ജെഡി എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ചു. 50ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിന് ഒരു മാസം മുന്‍പായിരുന്നു ഈ സംഭവം. സീതാറാം കേസരിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസാണ് തൊട്ട് മുന്‍പ് പ്രധാനമന്ത്രിയായിരുന്ന ദേവഗൗഡയെ വലിച്ച് താഴെയിട്ടത്. ഇതോടെ പുതിയ പ്രധാനമന്ത്രിയെക്കുറിച്ചുള്ള ചര്‍ച്ച ചൂടുപിടിച്ചു.
ഇനി 50 സ്വാതന്ത്ര്യദിനത്തിലെ ഇന്ത്യയിലെ സര്‍ക്കാരിനെയും പ്രധാനമന്ത്രിയെയും കുറിച്ച് അല്പം ചരിത്രം പരിശോധിക്കാം. താന്‍ തന്നെ പ്രധാനമന്ത്രിയായിക്കോളാമെന്ന് സീതാറാം കേസരി അഭിപ്രായപ്പെട്ട്, ഘടകകക്ഷി നേതാക്കളെ വിളിച്ചുകൂട്ടിയെങ്കിലും ആരും ഇതിനെ അനുകൂലിച്ചില്ല. കേസരി ദളിതനായിരുന്നതിനാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കേസരിയെ പ്രധാനമന്ത്രിയാക്കുന്നതിനോട് യോജിപ്പില്ലായിരുന്നു. ഗാന്ധി കുടുംബം രാഷ്ട്രീയത്തില്‍ സജീവമായി ഇടപെടല്‍ നടത്താന്‍ തുടങ്ങിയതും 1997ലാണ്.
1997 ഡിസംബറില്‍ പ്രധാനമന്ത്രിയായി നാമനിര്‍ദേശപത്രിക കൊടുക്കാതിരിക്കാന്‍ സീതാറാം കേസരിയുടെ ഗാന്ധി കുടുംബത്തിന്റെ നിര്‍ദേശപ്രകാരം ബാത്ത് റൂമില്‍ പൂട്ടിയിട്ട നാടകം അരങ്ങേറിയതും ഈ നാളുകളില്‍. അഴിമതി നടത്തി വീരനായ ലാലു യാദവ് വരെ പ്രധാനമന്ത്രിയാകാന്‍ ശ്രമം നടത്തി. മുലായം യാദവും ശ്രമിച്ചു. ഇതൊക്കെ പരാജയപ്പെട്ടു. ലാലുവിനെ മുലായം എതിര്‍ത്തു. മൂലായത്തെ ലാലുവും. അങ്ങിനെയാണ് ഐ.കെ. ഗുജ്റാളിന്റെ പേര് ഉയര്‍ന്ന് വന്നത് ഇതിനെ അധികം ആരും എതിര്‍ത്തില്ല. തെലുഗുദേശം പാര്‍ട്ടിയുടെ ഒരു നേതാവാണ് വീട്ടില്‍ ചെന്ന് ഉറങ്ങുകയായിരുന്ന ഗുജ്റാളിനെ വിളിച്ചെഴുന്നേല്‍പ്പിച്ച് ഇക്കാര്യം അറിയിച്ചത്. രാജ്യത്തിന്റെ 50ാം സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രിയാകുന്നത് ഗുജറാളാണെന്ന കാര്യം. ഇത്രയും ദുര്‍ബലമായ ഒരു സ്വാതന്ത്ര്യദിനത്തെക്കുറിച്ചാണ് യോഗിത ലിമായേ വാഴ്ത്തിപ്പറയുന്നത്.
50ാം സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യ ഭരിച്ചിരുന്നത് ഏത് നിമിഷവും നിലംപൊത്താവുന്ന ഒരു സര്‍ക്കാരായിരുന്നു. നിരവധി ഈര്‍ക്കില്‍ പാര്‍ട്ടികളുടെ പിന്തുണയോടെ ഭരിച്ച ഗുജ്റാള്‍ എന്ന ആകസ്മിക പ്രധാനമന്ത്രി. ഇത്തരമൊരു സര്‍ക്കാരിന് ദേശസ്നേഹത്തെക്കുറിച്ച് തീവ്രമായി പറയാന്‍ കഴിയുമോ? അത്തരം സര്‍ക്കാരുകള്‍ക്ക് ഇതുപോലെ ലളിതവും ദുര്‍ബ്ബലവുമായ സ്വാതന്ത്ര്യ ദിനം തന്നെയാണ് ആഘോഷിക്കാന്‍ കഴിയുക. പക്ഷെ ഇടത് ലിബറലുകള്‍ക്ക് ഇത്തരം ദുര്‍ബ്ബലമായ സര്‍ക്കാരിനെയും ദുര്‍ബ്ബലമായ സ്വാതന്ത്ര്യദിനാഘോഷങ്ങളെയുമാണ് ദൗര്‍ഭാഗ്യവശാല്‍ ഇഷ്ടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: