ആലപ്പുഴ: അറുപത്തിയെട്ടാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം പ്രകാശനം ചെയ്തു. കളക്ടേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ കാര്‍ഷികമന്ത്രി പി. പ്രസാദ് ജില്ലാ കളക്ടര്‍ വി.ആര്. കൃഷ്ണ തേജയ്ക്ക് നല്കി പ്രകാശന നിര്‍വഹിച്ചു.
ആലപ്പുഴ വി.പി. റോഡ് സക്കറിയ വാര്‍ഡ് തോട്ടുങ്കല്‍ പുരയിടം ബാബു ഹസന് ജലച്ചായത്തില്‍ വരച്ച വാഴപ്പിണ്ടിയില്‍ തുഴഞ്ഞു നീങ്ങുന്ന തത്തയാണ് ഇത്തവണത്തെ ഭാഗ്യചിഹ്നമായി തിരഞ്ഞെടുക്കപ്പെട്ടത്. നെഹ്റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റി സംസ്ഥാനതലത്തില്‍ നടത്തിയ മത്സരത്തില്‍ 160 എന്‍ട്രികള്‍ ലഭിച്ചു. ഇവയില്‍ നിന്ന് ചിത്രകലാ ആധ്യപകരായ സതീഷ് വാഴുവേലില്‍, എം.കെ. മോഹന്‍കുമാര്‍, സിറിള്‍ ഡോമിനിക് എന്നിവര്‍ ഉള്‍പ്പെട്ട സമിതിയാണ് ഭാഗ്യചിഹ്നം തിരഞ്ഞെടുത്തത്. ബാബു ഹസന്റെ രചന 2018ലും ഭാഗ്യചിഹ്നമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇദ്ദേഹത്തിന് സമ്മാനത്തുകയായി 5001 രൂപ ലഭിക്കും.
ഭാഗ്യചിഹ്നത്തിന് പേരിടാം; സ്വര്‍ണനാണയം സമ്മാനം
ആലപ്പുഴ: 68ാമത് നെഹ്റു ട്രോഫി ജലോത്സവത്തിന്റെ ഭാഗ്യചിഹ്നത്തിന് പേരിടാം. വാഴപ്പിണ്ടിയില്‍ തുഴഞ്ഞു നീങ്ങുന്ന തത്തയാണ് ഇക്കുറി ഭാഗ്യചിഹ്നമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. വാട്സപ്പിലൂടെയോ ഫേസ്ബുക്കിലൂടെയോ എന്‍ട്രികള്‍ സമര്‍പ്പിക്കാം.
വാട്സാപ്പില്‍ പേരുകള്‍ നിര്‍ദ്ദേശിക്കുന്നവര്‍ ഭാഗ്യചിഹ്നത്തിന് നിര്‍ദ്ദേശിക്കുന്ന പേര്, നിര്‍ദേശിക്കുന്നയാളുടെ പേര് വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ ഒറ്റ മെസേജ് ആയി 8943870931 എന്ന വാട്സാപ്പ് നമ്പരിലേക്ക് അയക്കണം. ഒരാള്‍ ഒരു എന്‍ട്രി മാത്രമേ സമര്‍പ്പിക്കാന്‍ പാടുള്ളൂ. ഫേസ്ബുക്ക്, വാട്സപ്പ് ഇവയില്‍ ഏതെങ്കിലും ഒന്നു മാത്രം ഉപയോഗിച്ചാല്‍ മതിയാകും.
ഓഗസ്റ്റ് 19ന് വൈകുന്നേരം അഞ്ചുവരെയാണ് പേര് നിര്‍ദ്ദേശിക്കാനുള്ള സമയം. വിജയികള്‍ക്ക് മുല്ലയ്ക്കല് നൂര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് നല്കുന്ന സ്വര്‍ണ്ണനാണയമാണ് സമ്മാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: