Categories: Parivar

ആ സംശയം ഒരസുഖമാണ്

ആര്‍ എസ് എസിന്റെ സ്ഥാപകന്‍ ഡോ. കേശവ ബലിറാം ഹെഡ്‌ഗേവാര്‍ ഒരു സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു. അനുശീലന്‍ സമിതി പോലുള്ള വിപ്ലവപ്രസ്ഥാനങ്ങള്‍ക്കൊപ്പം അദ്ദേഹം നടന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ മഹാരാഷ്ട്രയിലെ നേതാവായി .....

സ്വാതന്ത്ര്യ സമരത്തില്‍ ആര്‍എസ്എസ് പങ്കെടുത്തിട്ടുണ്ടോ എന്നാണ് ചോദ്യം. പങ്കെടുത്തിട്ടില്ല എന്നാണുത്തരം .  സ്വാതന്ത്ര്യ സമരത്തിലെന്നല്ല ഒരു സമരത്തിലും ആര്‍ എസ് എസ് പങ്കെടുത്തിട്ടില്ല. ധാര്‍മ്മിക സമരമുന്നേറ്റങ്ങളില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ അണികളായും നേതാക്കളായും അണിനിരന്നിട്ടുണ്ട്. അത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നയിച്ച സ്വാതന്ത്ര്യ പ്രസ്ഥാനമായാലും ലോക് സംഘര്‍ഷസമിതി നയിച്ച അടിയന്തരാവിരുദ്ധ പ്രക്ഷോഭമായാലും. രാമജന്മഭൂമി മുക്തിയജ്ഞ സമിതി നയിച്ച ശ്രീരാമക്ഷേത്രത്തിനായുള്ള മുന്നേറ്റം മുതല്‍ ഇങ്ങ് ആറന്മുളയിലെ പൈതൃക ഗ്രാമ സംരക്ഷണ സമിതി വരെ എല്ലാ പോരാട്ടങ്ങളിലും ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ അണിനിരന്നു. ഒരു സമരവും ആര്‍എസ്എസ് നടത്തിയിട്ടില്ല. ഒരു സമരത്തിന്റെയും അവകാശികളാകാന്‍ ആര്‍എസ്എസിന് താല്‍പര്യവുമില്ല.

ചോദ്യമുന്നയിക്കുന്നവര്‍ ധരിച്ചു വച്ചിട്ടുള്ളതു പോലൊരു സംഘടനയല്ല ആര്‍ എസ് എസ്. അതൊരു സമര സംഘടനയല്ലേയല്ല… ഒരു സാധനാപദ്ധതിയുടെ പേരാണത്. ആര്‍ എസ് എസിന്റെ സ്ഥാപകന്‍ ഡോ. കേശവ ബലിറാം ഹെഡ്‌ഗേവാര്‍ ഒരു സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു. അനുശീലന്‍ സമിതി പോലുള്ള വിപ്ലവപ്രസ്ഥാനങ്ങള്‍ക്കൊപ്പം അദ്ദേഹം നടന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ മഹാരാഷ്‌ട്രയിലെ നേതാവായി ….. ചുറ്റും ബ്രിട്ടീഷുകാര്‍ പോകണം എന്ന മുദ്രാവാക്യവുമായി നിരവധി പ്രസ്ഥാനങ്ങള്‍ അണിനിരന്നു…. എന്നാല്‍ ഡോക്ടര്‍ജി യുടെ അന്വേഷണം എങ്ങനെ ഈ നാട് അടിമകളായി എന്നായിരുന്നു. ശകന്മാര്‍, യവനര്‍, ഹൂണന്മാര്‍, മുഗളര്‍ , ഡച്ചുകാര്‍ , പറങ്കികള്‍, ഫ്രഞ്ചുകാര്‍….. എങ്ങനെയാണ് പിന്നെയും പിന്നെയും നമ്മള്‍ അടിമകളായത് ? സ്വാതന്ത്ര്യം ലഭിച്ചാല്‍ അത് കാത്തുസൂക്ഷിക്കാനുള്ള കരുത്ത് ഈ നാടിനുണ്ടോ എന്ന സ്വാമി വിവേകാനന്ദന്റെ ചോദ്യം അന്തരീക്ഷത്തില്‍ അലയടിച്ചിരുന്നു.  ഡോക്ടര്‍ജി നടത്തിയ ആ അന്വേഷണത്തിന്റെ ഉത്തരം ദേശീയതയിലൂന്നി സമാജം സംഘടിതമാവാതെ സുസ്ഥിരമായ സ്വാതന്ത്ര്യം സാധ്യമല്ല എന്നതായിരുന്നു. അത്തരമൊരു സംഘടിത സമാജത്തെ സൃഷ്ടിക്കാന്‍ കരുത്തുള്ള വ്യക്തികള്‍ ഉയര്‍ന്നു വരേണ്ടത് അനിവാര്യമാണെന്ന ഉറച്ച ബോധ്യത്തിലാണ് ആര്‍ എസ് എസ് പിറന്നത്. ആദ്യം പിറന്നത് ശാഖയാണ് …. ശാഖ ഒരുമിച്ച് ചേരലാണ് …. പിന്നെയാണ് ആര്‍ എസ് എസ് എന്ന് പേരു പോലുമുണ്ടായത്. ആര്‍ എസ് എസിലെ ആര്‍ രാഷ്‌ട്രീയ എന്നതിന്റെ ചുരുക്കെഴുത്താണ്. ആ രാഷ്‌ട്രീയ രാഷ്‌ട്ര സംബന്ധിയാണ് …. ഫലത്തില്‍ ആര്‍ എസ് എസ് കേവലസ്വാതന്ത്ര്യത്തെക്കുറിച്ചല്ല ചിന്തിച്ചത് സ്വത്വത്തിലൂന്നിയ ചിരന്തന സ്വാതന്ത്ര്യത്തെക്കുറിച്ചാണ് ….

ഒരു തരത്തിലുള്ള കോളിളക്കങ്ങളിലുമുലയാതെ , നിര്‍മമതയോടെ നിരന്തരം ആ വ്യക്തിനിര്‍മ്മാണമെന്ന സാധന ശാഖാ പദ്ധതിയിലൂടെ നടക്കണം എന്നതായിരുന്നു ഡോക്ടര്‍ജിയുടെ സങ്കല്പം. അതുകൊണ്ട് അടിമത്തമടക്കം രാഷ്‌ട്ര ജനത നേരിടുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം ഈ പദ്ധതിയിലൂടെ സാധ്യമാകും എന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു. സ്വാതന്ത്ര്യ സമരത്തില്‍ എല്ലാ സ്വയംസേവകരും പങ്കെടുക്കുമ്പോഴും ആര്‍ എസ് എസ് പങ്കെടുത്തില്ല എന്ന് പറയുന്നതിന്റെ സാരമതാണ്.  

സ്വാതന്ത്ര്യസമരത്തിലെ ആര്‍ എസ് എസ് പ്രവര്‍ത്തകന്റെ പങ്കാളിത്തം ഞാനും സമര സേനാനിയാണെന്ന് പിന്നെപ്പോഴെങ്കിലും ഊറ്റം കൊള്ളുന്നതിന് വേണ്ടിയല്ല, അത് അവന്റെ ധര്‍മ്മമായിരുന്നു കടമയായിരുന്നു. മഹാത്മജിയുടെയും നേതാജിയുടെയും വീര വിപ്ലവകാരികളുടെയുമൊക്കെ സമരധാരകള്‍ ഒരേ ലക്ഷ്യത്തിലേക്ക് ഒഴുകിയപ്പോള്‍ സ്വയംസേവകരും അതില്‍ അണിനിരന്നു. 1930 ല്‍ മഹാത്മജി നിയമലംഘന പ്രസ്ഥാനം ആരംഭിച്ചപ്പോഴാണ് വന നിയമം ലംഘിച്ച് ഡോക്ടര്‍ജി യുടെ നേതൃത്വത്തില്‍ യവത് മലില്‍ പ്രക്ഷോഭം നടന്നത്. ആര്‍ എസ് എസ് സര്‍ സംഘചാലക് എന്ന നിലയിലല്ല ഭാരതീയന്‍ എന്ന നിലയില്‍ അദ്ദേഹം മഹാത്മജി നയിച്ച പ്രക്ഷോഭത്തിന് യവത്മലില്‍ നേതൃത്വം നല്‍കി.  ഒമ്പത് മാസം അദ്ദേഹം ജയില്‍ വാസം അനുഷ്ഠിച്ചു.

സ്വാതന്ത്ര്യ പ്രക്ഷോഭത്തില്‍ ആര്‍ എസ് എസ് സ്വീകരിച്ച നിലപാട് വ്യക്തമാക്കാന്‍ സംഘം സ്ഥാപിക്കപ്പെട്ടതിന് ശേഷം നടന്ന ഒരു സമര സംഭവം ചൂണ്ടിക്കാട്ടി എന്ന് മാത്രം.

1962 ല്‍ ഹിന്ദുസ്ഥാനി സഞ്ചികയ്‌ക്ക് അരുണ അസഫലി നല്‍കിയ അഭിമുഖത്തില്‍ 1942 ല്‍ ക്വിറ്റിന്ത്യാ സമര സേനാനികള്‍ക്കൊപ്പം നിന്ന ആര്‍ എസ് എസ് പ്രവര്‍ത്തകരെക്കുറിച്ച് പറയുന്നുണ്ട്. ആര്‍ എസ് എസ് ദല്‍ഹി സംഘചാലക് ലാലാ ഹന്‍സ് രാജ് ഗുപ്തയുടെ വസതിയില്‍ തനിക്ക് അഭയം തന്നതിനെക്കുറിച്ചും അരുണ അസഫലി ചൂണ്ടിക്കാട്ടുന്നുണ്ട്.  

ക്വിറ്റിന്ത്യാ പ്രസ്ഥാനത്തിന്റെ ഭാഗമായി 1942 ആഗസ്ത് 16 ന് മഹാരാഷ്‌ട്രയിലെ ചിമൂറില്‍ നടന്ന പ്രക്ഷോഭത്തിന് നേരെ ബ്രിട്ടീഷുകാരന്‍ വെടിയുതിര്‍ത്തപ്പോള്‍ കൊല്ലപ്പെട്ട രാംദാസ് രാംപുരെ സ്വയംസേവകനാണ്. ചിമൂറില്‍ പ്രക്ഷോഭം നയിച്ചതിന് വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട ദാദാ നായിക്ക് സ്വയംസേവകനാണ്. 1200 ലധികം ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് നയിച്ച ആ പ്രക്ഷോഭത്തില്‍ അണിനിരന്നുവെന്ന് സമരചരിത്ര രേഖകള്‍ സാക്ഷ്യം പറയുന്നുണ്ട്.

ക്വിറ്റിന്ത്യാ പ്രസ്ഥാനത്തിന്റെ ഉദാഹരണങ്ങള്‍ മാത്രം സൂചിപ്പിക്കുന്നത് ആര്‍ എസ് എസ് പങ്കാളിത്തത്തെക്കുറിച്ച് വല്ലാതെ ആകുലപ്പെടുന്നവരെ പ്രകോപിപ്പിക്കാനല്ല. അത് ചോദിക്കാന്‍ അവരാളായിട്ടില്ല എന്ന് ഓര്‍മ്മിപ്പിക്കാന്‍ മാത്രമാണ്.

ജന്മനാ ദേശഭക്തനായ ഡോക്ടര്‍ജിയുടെ ജീവിതം പാഠപുസ്തകമാണ്. സംഘ സ്ഥാപനത്തിന് മുന്‍പും ശേഷവും …. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ മുതല്‍ ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തില്‍ അദ്ദേഹം എങ്ങനെ പങ്കാളിയായി എന്ന് അത് പറഞ്ഞു തരും . സീതാ ബര്‍ഡിയിലെ യൂണിയന്‍ ജാക്ക് വലിച്ച് താഴ്‌ത്താന്‍ തുരങ്കമുണ്ടാക്കിയ ബാല്യം, നീല്‍ സിറ്റി സ്‌കൂളിലെ വന്ദേ മാതര വിപ്‌ളവം, അനുശീലന്‍ സമിതിയിലെ സംഘം ചേരല്‍, വിപ്ലവകാരികളുമൊത്തുള്ള സഹവാസം, കോണ്‍ഗ്രസിലെ നേതൃത്വം, ലോകമാന്യതിലകന്റെ വിയോഗത്തില്‍ ശൂന്യമായിപ്പോയ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലേക്ക് മഹര്‍ഷി അരവിന്ദനെ എത്തിക്കാന്‍ നടത്തിയ നീക്കം, സംഘസ്ഥാപനം യവത് മലിലെ വന സത്യഗ്രഹം , ഒടുവില്‍ രോഗശയ്യയില്‍ ഡോക്ടര്‍ജിയെ കാണാന്‍ നേതാജി സുഭാഷ് ബോസ് എത്തിയത് വരെ …. ആജീവനാന്തം ഭാരതത്തിന്റെ സനാതന ദേശീയതയിലൂന്നിയ സ്വാതന്ത്ര്യത്തിനായി സമര്‍പ്പിച്ച ജീവിതമാണത്. സംഘ ജീവിതത്തിന്റെ അലകും പിടിയും രൂപം കൊണ്ടത് ആ മൂശയിലാണ്. എതിര്‍ക്കാനാണെങ്കില്‍ കൂടി അത് വായിച്ചിരിക്കുന്നത് അവര്‍ക്കും നല്ലതാണ്. ഗാന്ധിജി, സുഭാഷ്ചന്ദ്രബോസ് അടങ്ങിയ ദേശീയ സമര നായകര്‍ക്ക് ഡോക്ടര്‍ ജിയുമായുള്ള അടുപ്പവും അവരുടെ സംഭാഷണങ്ങളും വെറുതെ മറിച്ചു നോക്കി വായിച്ചാല്‍ തീരുന്ന പ്രശ്‌നമേയുള്ളൂ എന്ന് സാരം… സംശയങ്ങള്‍ അധികകാലം വയ്‌ക്കുന്നത് നന്നല്ല താനും. പിന്നെ സംശയിച്ചേ അടങ്ങൂ എന്നുണ്ടെങ്കില്‍ ഒന്നും പറയാനില്ല. പിന്നെ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനമടക്കം സ്വാതന്ത്ര്യസമരത്തില്‍ കമ്മ്യൂണിസ്റ്റുകളുടെ പങ്ക് നാട്ടില്‍ പാട്ടായതിനാല്‍ സംശയമുന്നയിക്കുന്ന പ്രശ്‌നമേ ഉദിക്കുന്നില്ല.

ഇത് അമൃതോത്സവ കാലമാണ് …. എല്ലാ വീടുകളിലും, അല്ല ഹൃദയങ്ങളിലും തിരംഗ പാറുന്ന കാലം… രാജ്യത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദിയായതു കൊണ്ടാണ് ചിലര്‍ക്ക് അനവസരത്തില്‍ സംശയങ്ങളുദിക്കുന്നത്.  അദ്ദേഹത്തെ പ്രധാനമന്ത്രിയായി കാണും തോറും ഉള്ളില്‍ ചൊര മാന്തുന്ന ആ അസ്വസ്ഥത ആര്‍ക്കും എളുപ്പത്തില്‍ മനസ്സിലാകും. ഹര്‍ ഘര്‍ തിരംഗ എന്ന ആഹ്വാനം ഉയര്‍ന്നപ്പോള്‍ ആര്‍ എസ് എസും തിരംഗയും തമ്മിലെന്ത് എന്നായിരുന്നു സംശയം. പ്രൊഫൈല്‍ ചിത്രങ്ങള്‍ ദേശീയ പതാക ആക്കണമെന്ന് നിര്‍ദേശം ഉയര്‍ന്നപ്പോഴും രാപ്പകല്‍ ആര്‍ എസ് എസ് പ്രൊഫൈലുകളില്‍ തിക്കിത്തിരക്കുകയായിരുന്നു. ആര്‍ക്കും സഹതപിക്കാന്‍ തോന്നുന്ന ചില അസുഖങ്ങളാണ് ഇത്തരം അസ്വസ്ഥതകള്‍ക്ക് പിന്നില്‍.

അല്ലെങ്കില്‍ പിന്നെ ഇവര്‍ക്ക് മാത്രമെന്താണ് രാജ്യത്തിന്റെ വികാരത്തോട് ചേര്‍ന്നു നില്‍ക്കാന്‍ വിഷമം …. ഇവരുടെ നേതാക്കള്‍ മാത്രമെന്താണ് വിഷം വമിക്കുന്ന വിഘടന വാദം വിളമ്പുന്നത് ?….  

ഇന്‍വര്‍ട്ടര്‍ കോമയിട്ട് പാകിസ്ഥാന് വേണ്ടി വാദിക്കുന്നത് ?

1925 ല്‍ സംഘം എന്താണോ വിഭാവനം ചെയ്തത് , ആ തനിമയില്‍ ഊന്നി രാഷ്‌ട്രം ഉയരുകയാണ് …. ഉണരുകയാണ് …

അതാകട്ടെ സ്വാഭാവികമാണ്. സമാജത്തിന്റെയാകെ ഉണര്‍വില്‍ സംഭവിക്കുന്നതാണ്….

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക

Recent Posts