പാലക്കാട്: കുന്നംകാട് സിപിഎം പ്രവര്‍ത്തകനായിരുന്ന ഷാജഹാന്റെ കൊലപാതകത്തില്‍ ബന്ധപ്പെട്ട് രണ്ട് പ്രതികള്‍ പിടിയില്‍. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ആളും, പ്രതികളെ സഹായിച്ച മറ്റൊരാളുമാണ് പിടിയിലായത്. രണ്ടിടങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്നു ഇവര്‍. കേസില്‍ ആകെ എട്ട് പ്രതികളാണുള്ളത്.
സംഭവത്തില്‍ ശബരി എന്ന ആളാണ് ഷാജഹാനെ ആദ്യം വെട്ടിയത് എന്നും അനീഷ് എന്നയാള്‍ രണ്ടാമതാണ് വെട്ടിയതെന്നും ദൃക്സാക്ഷി വെളിപ്പെടുത്തി. വെട്ടിയ രണ്ടുപേരും പാര്‍ട്ടി മെമ്പര്‍മാരാണ്.ഷാജഹാനെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ തന്നെയും ആക്രമിക്കാന്‍ ശ്രമിച്ചുവെന്നും ആയിരുന്നു വെളിപ്പെടുത്തല്‍. എന്നാല്‍ ഷാജഹാന്റെത് രാഷ്ട്രീയകൊലപാതകമാണെന്നായിരുന്നു സിപിഎം വാദം. കഴിഞ്ഞ ദിവസമാണ് മലമ്പുഴ കുന്നംങ്കാട് വച്ച് ഷാജഹാന് കൊല്ലപ്പെട്ടത്. സ്വാതന്ത്ര്യ ദിനത്തിന്റെ അലങ്കാര പണികള്‍ നടക്കുന്നതിനിടെ ആയിരുന്നു ആക്രമണം. ബൈക്കിലെത്തിയ രണ്ടംഗ സംഘാമാണ് ഇയാളെ വെട്ടിയത്. ഷാജഹാന്റെ കാലിലും, ശരീരത്തിലും മാരകമായി വെട്ടേറ്റിരുന്നു.
പാലക്കാട് ഡിവൈഎസ്പി വി കെ രാജുവിന്റെ നേതൃത്വത്തില്‍ നാല് സിഐമാര്‍ അടങ്ങിയ 19 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രതികളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലം വ്യക്തമാകാന്‍ കൂടുതല്‍ പേരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: