ഇന്ന് സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം പൂര്‍ത്തിയാവുകയാണ്. അമൃതമഹോത്സവത്തിന് നേരത്തേതന്നെ തുടക്കം കുറിച്ചുകഴിഞ്ഞു, അത് വര്‍ഷം മുഴുവനും തുടരുകയും ചെയ്യും. ഇപ്പോള്‍ നമുക്കുമുന്നില്‍ പ്രശ്നങ്ങളൊന്നും ബാക്കിയില്ല എന്നല്ല, പഴയ വിഷയങ്ങളില്‍ച്ചിലതൊക്കെ പരിഹരിക്കപ്പെട്ടിട്ടുണ്ട്, മറ്റുപലത് ഇനിയും ബാക്കിയാണ്; പുതിയ ചില പ്രശ്നങ്ങള്‍ വന്നുചേര്‍ന്നിട്ടുമുണ്ട്. ഇവയൊക്കെയിങ്ങനെ തുടര്‍ന്നുകൊണ്ടേയിരിക്കും. ഇങ്ങനെയൊക്കെയാണെങ്കിലും സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം കൊണ്ടാടുന്നതിന്റെ സന്തോഷം തികച്ചും സ്വാഭാവികമാണ്. നൂറുകണക്കിന് വര്‍ഷങ്ങള്‍ക്കിപ്പുറം 1947 ആഗസ്ത് 15നാണ് നമ്മുടെ രാജ്യത്തിന്റെ വിശാലഭൂവിഭാഗത്തില്‍ സ്വന്തം താല്പര്യങ്ങള്ക്കനുസരിച്ച് ഭരണം നടത്താനും
നിയമങ്ങള്‍ സ്ഥാപിക്കാനുമുള്ള അധികാരം നമുക്ക് ലഭിച്ചത്. അടിമത്തത്തിന്റെയും അധിനിവേശത്തിന്റെയും നാളുകള്‍ എത്ര ദൈര്ഘ്യമേറിയതായിരുന്നുവോ അത്രയും കഠിനവും ദീര്‍ഘവുമായിരുന്നു സ്വാത്രന്ത്ര്യലബ്ധിക്കായി ഭാരതീയര്‍ നടത്തിയ പ്രക്ഷോഭങ്ങള്‍.
വൈദേശിക ഭരണത്തിനെതിരെ നടന്ന ഈ സമരങ്ങള്‍ ഭൂമിശാസ്ത്രപരമായി നോക്കുമ്പോള്‍ ഭാരതത്തിന്റെ സമസ്തമേഖലകളിലും വ്യാപിച്ചിരുന്നു. ശക്തിക്കും കഴിവിനുമനുസരിച്ച് എല്ലാവരും പോരാടി. എല്ലാ വിഭാഗം ജനങ്ങളും ഈ പ്രക്ഷോഭത്തില്‍ തങ്ങളുടേതായ സംഭാവനകള്‍ നല്കി.. സ്വാതന്ത്ര്യലബ്ധിയുടെ പാതയില്‍ തടസ്സങ്ങളുയര്‍ത്തിയ പ്രശ്നങ്ങള്‍ക്കെതിരെ സമൂഹത്തില്‍ ജാഗ്രതയുണ്ടായി. സായുധരായും നിരായുധരായും നടന്ന പ്രതികരണങ്ങള്ക്കൊപ്പംതന്നെ സമൂഹജാഗ്രതയുണര്ത്തുന്ന പ്രവര്‍ത്തനങ്ങളും സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി പ്രബലമായിരുന്നു.
നിരന്തരമായ ഈ പരിശ്രമങ്ങള്‍ക്കെല്ലാം ഒടുവില്‍ നമ്മുടെ മനസ്സിനും ഇച്ഛയ്ക്കുമനുസരിച്ച്, നമ്മുടെ ജനത തന്നെ ഭാരതം ഭരിക്കുന്ന സ്ഥിതിയിലേക്കെത്തിച്ചേര്ന്നു. ബ്രിട്ടീഷ് ഭരണാധികാരികള്‍ക്ക് വിടചൊല്ലി, ഭരണസംവിധാനത്തിന്റെ കടിഞ്ഞാണ്‍ നമ്മള് കൈകളിലേന്തി. അതുകൊണ്ടുതന്നെ എഴുപത്തഞ്ചാണ്ട് തികയുന്ന ഈ വേളയില്‍ രാജ്യമൊട്ടാകെ ഉയരുന്ന ഉത്സാഹവും ഉത്സവാന്തരീക്ഷവും തികച്ചും സ്വാഭാവികവും ഉചിതവുമാണ്. സുദീര്‍ഘമായ പോരാട്ടങ്ങളിലണിനിരന്നവരുടെ, ത്യാഗപൂര്‍ണ്ണമായ പരിശ്രമങ്ങളിലൂടെ നമ്മെ നയിച്ചവരുടെ, സമര്പ്പിതചേതസ്സുകളായ മഹാധീരരുടെ ജീവിതം, അവരുടെ ത്യാഗത്തിന്റെയും ബലിദാനത്തിന്റെയും വീരഗാഥകള്‍ തെരഞ്ഞുകണ്ടെത്തി സമൂഹത്തിന് മുന്നില്‍ കൊണ്ടുവരേണ്ടതുണ്ട്. പരാക്രമം പ്രദര്‍ശിപ്പിച്ച അത്തരം അനേകം വീരന്മാര് ഈ വിശാല രാജ്യത്തിന്റെ ഓരോ കോണിലുമുണ്ട്. മാതൃഭൂമിയോടും ദേശീയജനതയോടും അവരെത്രമാത്രം ആത്മീയഭാവമുള്ളവാരായിരുന്നുവെന്ന്, ദേശഹിതത്തിനായി സര്‍വ്വസ്വവും ത്യജിക്കാന്‍ അവര്‍ക്കുണ്ടായിരുന്ന പ്രേരണയെക്കുറിച്ച്, അവരുടെ ത്യാഗപൂര്‍ണ്ണമായ പ്രോജ്ജ്വചരിത്രത്തെക്കുറിച്ച്, ആ മഹത്തായ ആദര്‍ശം ഉള്‍ക്കൊണ്ടുകൊണ്ട് നമുക്ക് സ്മരിക്കാം, ആ ജീവിതപ്രേരണകളെ വരിക്കാം…..
അതോടൊപ്പം നമ്മുടെ ലക്ഷ്യം, സങ്കല്പം, കര്‍ത്തവ്യം എന്നിവ സ്മരിച്ചുകൊണ്ട് അവ പൂര്‍ത്തീകരിക്കുന്നതിനായി ഒരിക്കല്‍ക്കൂടി ബദ്ധശ്രദ്ധരും സക്രിയരുമായി മാറേണ്ടതുണ്ട്. രാഷ്ട്രത്തിന് സ്വയംഭരണം എന്തിനാണ്? സ്വരാജ്യം ലഭിച്ചതു കൊണ്ടുമാത്രം എല്ലാമായോ? ആത്മപ്രഭാവം ഓരോ വ്യക്തിയുടെയും സമാജത്തിന്റെയും സ്വാഭാവികമായ താല്പര്യവും സ്വാതന്ത്ര്യത്തിന്റെ പ്രേരണയുമാണ്. മനുഷ്യന് സ്വാതന്ത്ര്യത്തില്‍ മാത്രമേ സ്വരാജ്യാനുഭവമുണ്ടാകയുള്ളൂ. ഓരോ രാഷ്ട്രത്തിന്റെ ഉദയവും വിശ്വജീവിതത്തില് സംഭാവനകള്‍ നല്കാനായിട്ടാണെന്ന് സ്വാമി വിവേകാനന്ദന് അഭിപ്രായപ്പെട്ടിട്ടുണ്ട്. വിശ്വജീവിതത്തിന് തങ്ങളുടെ സംഭാവനകള്‍ നല്‍കുന്നതിനായി ഏതൊരു രാജ്യത്തിനും സ്വതന്ത്രയായിരിക്കേണ്ടതുണ്ട്. ലോകത്തില്‍, സ്വന്തം ജീവിതത്തില്‍, സ്വപ്രകാശത്തിലൂടെ ആ രാജ്യം വിശ്വത്തിനാകെ സംഭാവന നല്‍കുന്നതിനായി പ്രവര്‍ത്തിക്കുന്നു. അതിനാല്‍ ആ രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യം സംഭാവനയുടെ ആദ്യ ഉപാധിയാണ്.
ജനങ്ങളെ ജാഗരൂകരാക്കി, സായുധമോ, നിരായുധമോ ആയ മാര്‍ഗ്ഗങ്ങളിലൂടെ സ്വാതന്ത്ര്യസമരത്തില്‍ സക്രിയരാക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത മഹാപുരുഷന്മാരെല്ലാംതന്നെ സ്വാതന്ത്യത്തിന്റെ സാഫല്യമെന്തെന്ന് വ്യക്തമാക്കിയിട്ടുണ്ട്. രവീന്ദ്രനാഥ ടാഗോര്‍, അദ്ദേഹത്തിന്റെ പ്രസിദ്ധമായ, ‘ചിത്ത് ജേഥാ ഭയശൂന്യ ഉന്നത ജതോ ശിര’ യെന്ന കവിതയില്‍ സ്വാതന്ത്ര്യാന്തരീക്ഷത്തിന്റെ ആവശ്യകതയെക്കുറിച്ച് വര്‍ണ്ണിച്ചിട്ടുണ്ട്. സ്വാതന്ത്ര്യവീര സവര്‍ക്കര്‍ പ്രസിദ്ധമായ ‘സ്വതന്ത്രതാദേവി കി ആരതിയി’ല്‍, സ്വാതന്ത്ര്യം വന്നണയുമ്പോള്‍ ഭാരതം ഉത്തമവും ഉദാത്തവും ഉന്നതവുമായ അവസ്ഥയില്‍ സ്വയം പ്രകാശമാനമാവും എന്ന് വ്യക്തമാക്കിയിട്ടുണ്ട്. മഹാത്മാ ഗാന്ധിജി ഹിന്ദ് സ്വരാജില്‍ അദ്ദേഹത്തിന്റെ സങ്കല്പത്തിലെ സ്വതന്ത്ര ഭാരതത്തിന്റെ ചിത്രം നല്‍കിയിട്ടുണ്ട്. ഡോ. ബാബാ സാഹബ് അംബേദ്കറും രാജ്യത്തിന്റെ പാര്‍ലമെന്റില്‍ ഭരണഘടന സമര്‍പ്പിക്കുന്ന അവസരത്തില്‍ നടത്തിയ രണ്ട് പ്രഭാഷണങ്ങളിലൂടെ സ്വാതന്ത്ര്യത്തിന്റെ ആവശ്യകതയെക്കുറിച്ചും സാഫല്യത്തിനായി നാം അനുഷ്ഠിക്കേണ്ട കര്‍ത്തവ്യങ്ങളെക്കുറിച്ചും അസന്ദിഗ്ധമാം വിധം വ്യക്തമാക്കിയിട്ടുണ്ട്.
അമൃതമഹോത്സവത്തിന്റെ ഉത്സാഹവും ആനന്ദവും നിറഞ്ഞ ഈ പവിത്രമുഹൂര്‍ത്തത്തില്‍ നാം ആത്മവിചിന്തനം ചെയ്യേണ്ടത്, സ്വാതന്ത്ര്യത്തിന്റെ പ്രയോജനം ഭാരതജീവിതത്തില്‍ ‘സ്വ’ പ്രകാശനത്തിലൂടെയാകുമെങ്കില് എന്താണ് ഭാരതത്തിന്റെ ആ സ്വത്വം? വിശ്വജീവനത്തില് ഈ രാഷ്ട്രത്തിന് നല്‍കാനുള്ളത് പ്രാവര്‍ത്തികമാക്കുന്നതിന് ഭാരതത്തെ ഏത് തരത്തിലാണ് ശക്തിശാലിയാക്കേണ്ടത്? ഈ പ്രവര്‍ത്തനങ്ങളെ സഫലീകരിക്കുന്നതിനായി നമ്മുടെ കര്‍ത്തവ്യമെന്താണ്? അത് നിര്‍വ്വഹിക്കുന്നതിന് സമാജത്തെ എങ്ങനെ തയ്യാറാക്കണം? 1947ല്‍ നമ്മള് സ്വയം പ്രാണപ്രിയ ഭാരതത്തിന്റെ യുഗാദര്ശത്തെയും അതനുസരിച്ചുള്ള യുഗസ്വരൂപത്തെയും നിലനിര്‍ത്തുന്നതിന് ഏറെ പരിശ്രമം ചെയ്തു; അത് പൂര്‍ത്തിയാക്കുന്നതിനാവശ്യമായ ചിന്തയും വഴിയും വ്യക്തമാകേണ്ടതുണ്ട്.
ഭാരതവര്‍ഷത്തിന്റെ സനാതനമായ കാഴ്ചപ്പാട്, ചിന്ത, സംസ്കൃതി എന്നിവയുടെയും തനത് ആചരണങ്ങളിലൂടെ നല്കുന്ന സന്ദേശത്തിന്റെയും വൈശിഷ്ട്യം, അവ പ്രത്യക്ഷാനുഭൂതവും വിജ്ഞാനസിദ്ധവും സത്യകേന്ദ്രീകൃതവും സമഗ്രവും ഏകാത്മവും സ്വാഭാവികവുമായി എല്ലായിടത്തും അന്തര്‍ഭവിക്കുന്നതാണ് എന്നതത്രെ. വിവിധതയെ വ്യത്യസ്തത എന്നല്ല, മറിച്ച് ഏകാത്മകതയുടെ സ്പഷ്ടീകരണമെന്നാണ് കണക്കാക്കേണ്ടത്. അവിടെ ഒന്നാകുന്നതിനായി ഒരേപോലെയാകേണ്ടതില്ല. എല്ലാത്തിനും ഒരേ നിറം നല്‍കുന്നതും അവയെ സ്വന്തം വേരില്‍ നിന്നും പറിച്ചുമാറ്റുന്നതും കലഹവും വിഭാഗീയതയും സൃഷ്ടിക്കും. സ്വയം സ്വന്തം വൈശിഷ്ട്യത്തില്‍ ഉറച്ചുനിന്നുകൊണ്ട്, മറ്റുള്ളവരുടെ വൈശിഷ്ട്യത്തെ ആദരിച്ച് എല്ലാവരെയും ഒരേ നൂലില്‍ കൂട്ടിച്ചേര്‍ത്ത് സംഘടിതമായ ഒരു സമൂഹമെന്ന രീതിയില്‍ ഉയര്‍ത്തണം. ഭാരതമാതാവിനോടുള്ള ഭക്തിയാണ് പുത്രന്മാരായ നമ്മളെയെല്ലാം ഒന്നിപ്പിക്കുന്നത്. നമ്മുടെ സനാതനസംസ്കൃതി, സംസ്കാരപൂര്ണ്ണമായ സദ്ഭാവനയുടെയും ആത്മാര്‍പ്പണത്തോടെയുള്ള ആചരണങ്ങളുടെയും ബോധം നല്കുന്നു. മനസ്സിന്റെ പവിത്രത തൊട്ട് പരിസ്ഥിതിയുടെ വിശുദ്ധി വരെ വളര്‍ത്തുന്നതിന്നുള്ള അറിവും ലഭിക്കുന്നു. പ്രാചീനകാലം തൊട്ട് നമ്മുടെ സ്മൃതിവീഥിയിലൂടെ സഞ്ചരിക്കുന്ന, പരാക്രമശീലരായ നമ്മുടെ പൂര്‍വ്വികരുടെ ആദര്‍ശബോധം എക്കാലവും മാര്‍ഗ്ഗനിര്‍ദ്ദേശം നല്കിക്കൊണ്ടേയിരിക്കുന്നു.
സമാനതയുടേതായ ഈ സമ്പത്ത് അതിന്റെ എല്ലാ വൈശിഷ്ട്യത്തോടെയും സ്വന്തമാക്കി, സ്വാര്‍ത്ഥതയും ഭേദഭാവങ്ങളും പൂര്‍ണ്ണമായും ത്യജിച്ച്, ദേശഹിതത്തെ നമ്മുടെ കര്‍മ്മമണ്ഡലത്തിന്റെ ആധാരമാക്കാം. സമ്പൂര്‍ണ്ണ സമൂഹത്തെയും ഇത്തരത്തില്‍ നിലനിര്‍ത്തേണ്ടത് കാലത്തിന്റെ അനിവാര്യതയാണ്.
കാലാകാലങ്ങളായി സമൂഹത്തില്‍ കടന്ന് അതിനെ കാര്‍ന്നു തിന്നുന്ന ഒരുപാട് അപാകതകളുണ്ട്. ജാതി, ഭാഷ, ദേശം, കാഴ്ചപ്പാട് തുടങ്ങിയവയുടെ പേരിലുള്ള വിഭാഗീയത, ധനമോഹവും ലൗകികതയും ഉണ്ടാക്കുന്ന ക്ഷുദ്രമായ സ്വാര്‍ത്ഥത തുടങ്ങിയ തിന്മകളെ മനോവാക്കര്‍മ്മങ്ങളില്‍ നിന്ന് സമ്പൂര്‍ണ്ണമായും ഉച്ചാടനം ചെയ്യാന്‍, പ്രബോധനത്തോടൊപ്പം തന്നെ സ്വയം പ്രവര്‍ത്തിച്ച് മാതൃകയാകേണ്ടിയും വരും. സമത്വവും ചൂഷണരഹിതവുമായ സമൂഹത്തിനുമാത്രമേ സ്വാതന്ത്ര്യസംരക്ഷണം സാധ്യമാകൂ.
സമൂഹത്തെ ഭ്രമിപ്പിച്ചോ പ്രകോപിപ്പിച്ചോ കലഹിപ്പിച്ചോ സ്വന്തം കാര്യം നേടാന്‍ ആഗ്രഹിക്കുന്നവരും, സ്വന്തം ദ്വേഷാഗ്നിയെ തണുപ്പിക്കാനാഗ്രഹിക്കുന്ന ഗൂഢാലോചനക്കാരും രാഷ്ട്രത്തിനകത്തും പുറത്തും സജീവമാണ്. അവര്‍ക്ക് ഒരവസരവും നല്‍കാത്ത ജാഗ്രത്തും സുസംഘടിതവും സമര്‍ത്ഥവുമായ സമൂഹമാണ് സ്വസ്ഥ സമൂഹം. സദ്ഭാവനയോടൊപ്പം സമ്പര്‍ക്കവും സംവാദവും പുനഃസ്ഥാപിക്കപ്പെടണം.
സ്വതന്ത്ര ജനാധിപത്യ രാഷ്ട്രത്തില്‍ ജനങ്ങള്‍ക്ക് സ്വന്തം പ്രതിനിധികളെ തെരഞ്ഞെടുത്തയക്കേണ്ടതുണ്ട്. രാഷ്ട്രത്തിന്റെ പൂര്‍ണ്ണഹിതം, സ്ഥാനാര്‍ത്ഥികളുടെ യോഗ്യത, രാഷ്ട്രീയകക്ഷികളുടെ വിചാരധാരകളെ സമന്വയിപ്പിക്കാനുള്ള വകതിരിവ്, നിയമ-ഭരണഘടനാ-പൗരധര്‍മ്മങ്ങളുടെ അവശ്യജ്ഞാനം, അവ പ്രതിബദ്ധതയോടെ പാലിക്കുന്ന സ്വഭാവം എന്നിവ ജനാധിപത്യ വിജയത്തിന് അത്യന്താപേക്ഷിതമാണ്. രാഷ്ട്രീയപരിമിതികളോടെയുള്ള ജനാധിപത്യത്തില്‍ വരുന്ന തളര്‍ച്ചകള്‍ നമ്മുടെ മുന്നില്‍ കാണാനുണ്ട്. പരസ്പരവിവാദങ്ങളില് സ്വന്തം വീരത തെളിയിക്കാന്‍ ഉപയോഗിക്കുന്ന വാക്കുകളിലെ സംയമനമില്ലായ്മയും ഇതിനുകാരണമാണ്. നേതാക്കള്‍ക്കൊപ്പം ജനങ്ങളും ഇത്തരം രീതികളില്‍ നിന്നും അകന്നുനിന്നു പൗരധര്‍മ്മത്തെയും ഭരണഘടനയെയും നിയമത്തെയും അനുസരിക്കുകയും ബഹുമാനിക്കുന്ന അന്തരീക്ഷം സംജാതമാക്കണം.
വ്യക്തിയെയും സമൂഹത്തെയും ഇത്തരത്തില്‍ പാകമാക്കാതെ ഒരു തരത്തിലുള്ള പരിവര്‍ത്തനവും ലോകത്തെവിടെയും വന്നിട്ടില്ല. സ്വതന്ത്ര രാഷ്ട്രത്തിന്റെ കാലാനുസൃതമായ ഭരണ വ്യവസ്ഥയും നടപ്പുഭരണത്തിന്റെ നല്ല വശങ്ങളും ദേശാനുകൂലമാക്കി സ്വീകരിക്കേണ്ടിയിരിക്കുന്നു. അതിന് സമൂഹത്തില്‍ അസ്മിതയെക്കുറിച്ചുള്ള തിരിച്ചറിവും വിശുദ്ധമായ ദേശഭക്തിയും വ്യക്തിപരവും ദേശീയവുമായ അച്ചടക്കവും ഏകാത്മകതയുടെ കരുത്തും വേണം. അപ്പോഴാണ് ഭൗതിക ജ്ഞാനവും സാമര്‍ത്ഥ്യവും ഗുണവും ഭരണത്തിന്റെ ആനുകൂല്യവും യഥാര്‍ത്ഥത്തില്‍ സഹായകമാകുന്നത്.
നിരന്തരമായ കഠിനാധ്വാനത്തിലൂടെ നേടിയെടുത്ത സ്വാതന്ത്ര്യത്തിന്റെ ആഘോഷമാണ് അമൃത മഹോത്സവം. ത്യാഗത്തിലൂടെയും സമര്‍പ്പിത കര്‍മ്മത്തിലൂടെയും അതിനോടുള്ള പ്രതിബദ്ധത പ്രകടമാകണം. തനത് കാലാനുസൃത ഭരണ വ്യവസ്ഥകള്‍ നിര്‍മ്മിച്ച് ഭാരതത്തെ പരമവൈഭവത്തിന്റെ ധന്യതയില്‍ എത്തിക്കാനുണ്ട്. വരൂ, ആ തപോപഥത്തിലൂടെ, ഹര്‍ഷോല്ലാസത്തോടെ സംഘടിതവും സ്പഷ്ടവുമായ ദൃഢഭാവത്തോടെ നമുക്കു മുന്നേറാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: