കോഴിക്കോട്: ഭാരതീയര്‍ അറിവിലും കരുത്തിലും സ്വതന്ത്രരാവുമ്പോള്‍ മാത്രമേ ഭാരതം സ്വതന്ത്രമാവൂ എന്ന ആനന്ദമഠം നോവലിലെ പരാമര്‍ശം ഇപ്പോഴാണ് യാഥാര്‍ത്ഥ്യമാവുന്നതെന്ന് പ്രശസ്ത നിരൂപകന് ഡോ. പി. ശിവപ്രസാദ്. അമൃത മഹോത്സവ സമിതിയുടെ നേതൃത്വത്തില്‍ നടന്ന ഫ്രീഡം ടോക്സ് പ്രഭാഷണ പരമ്പരയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യം രാഷ്ട്രമാകുന്ന പ്രക്രിയയില്‍ മുന്നോട്ടു പോകുകയാണ് ഭാരതം. വിദ്യാഭ്യാസരംഗത്ത് നാം ഇനിയും ഏറെ മുന്നോട്ടുപോകേണ്ടതുണ്ട്. അറിവില്‍ സ്വതന്ത്രമാകുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണ് 2020ലെ ദേശീയ വിദ്യാഭ്യാസ നയം. കരുത്തില്‍ സ്വതന്ത്രരാവാനുള്ള നമ്മുടെ കാല്‍വെപ്പാണ് അഗ്നിപഥ് പദ്ധതി. രാഷ്ട്രീയ സ്വാതന്ത്ര്യം നേടിയതുകൊണ്ടു മാത്രം സ്വാതന്ത്ര്യമാകില്ലെന്നും അതിന് രാഷ്ട്രം എന്ന ഭാരതത്തിന്റെ സങ്കല്പം യാഥാര്‍ത്ഥ്യമാകണമെന്നും 1888ല്‍ ബങ്കിംചന്ദ്ര ചാറ്റര്‍ജി രചിച്ച ആനന്ദമഠത്തില്‍ ഒരു ആചാര്യന് പറയുന്നത് ഭാവിഭാരതത്തെ മുന്നില്‍ കണ്ടുകൊണ്ടാണ്.
ഗുപ്ത ഭരണകാലഘട്ടം വരെ നിലനിന്നിരുന്ന ശക്തമായ നമ്മുടെ സൈനിക പാരമ്പര്യം നഷ്ടപ്പെടുത്തിയത് ബുദ്ധമതവും ജൈനമതവുമാണ്. ആ മതങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച അഹിംസാ സിദ്ധാന്തങ്ങളാണ് ഗന്ധിജിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യസമരത്തിന്റെ ആയുധമായതെങ്കിലും അഹിംസകൊണ്ട് മാത്രമല്ല ഭാരതം സ്വതന്ത്രമായതെന്നും നിരവധി രക്തസാക്ഷികള്‍ ഉണ്ടാവുകയും സായുധപോരാട്ടങ്ങളുണ്ടാവുകയും ചെയ്തിട്ടുണ്ടെന്നും ഡോ. ശിവപ്രസാദ് പറഞ്ഞു. ഐസിഎസ്എസ്ആര്‍ മെമ്പര്‍ പ്രൊഫ. പി. കനകസഭാപതിയും പ്രഭാഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: