കൊച്ചി : കൊച്ചിയില്‍ യുവാവിനെ കുത്തിക്കൊന്ന സംഭവത്തില്‍ മൂന്ന് പ്രതികള്‍ പിടിയില്‍. നെട്ടൂര്‍ സ്വദേശികളായ തോമസ്, ഹര്‍ഷാദ്, സുധീര്‍ എന്നിവരാണ് കൊച്ചി സെന്‍ട്രല്‍ പോലീസിന്റെ കസ്റ്റഡിയിലുള്ളത്. രാവിലെ കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങളില്‍ പ്രതികളെത്തിയ വാഗണ്‍ ആര് കാറിന്റെ നമ്പര്‍ ഉള്‍പ്പെടെ ലഭിച്ചതാണ് പ്രതികളെ പിടികൂടാന്‍ സഹായകമായത്.
ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. സൗത്ത് പാലത്തിന് സമീപം കളത്തിപ്പറമ്പ് റോഡില്‍ ഷോപ്പിങ് കോംപ്ലക്സിന് സമീപം ഒരു ട്രാന്‍സ്ജെന്‍ഡര്‍ ഉണ്ടായിരുന്നു. ഇവരുടെ അടുത്തേക്ക് മൂന്ന് സംഘങ്ങള്‍ എത്തി. ഇതില്‍ രണ്ട് സംഘങ്ങള്‍ ഇരുചക്രവാഹനത്തിലായിരുന്നു. മൂന്നാമത്തെ സംഘമാണ് കാറിലെത്തിയത്. ഇവിടെവെച്ച് ശ്യാം പാട്ട് പാടുകയും ഇതേത്തുടര്‍ന്ന് വാക്കേറ്റവും തര്ക്കവുമുണ്ടായതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. തര്‍ക്കത്തിനിടെ കാറിലുണ്ടായിരുന്ന മൂന്നംഗ സംഘത്തിലെ ഒരാള്‍ കത്തി ഉപയോഗിച്ച് ശ്യാമിനേയും ഒപ്പമുണ്ടായിരുന്ന അരുണിനേയും കുത്തുകയായിരുന്നു.
പരിക്കേറ്റ ശ്യാം ഓടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കുഴഞ്ഞ് വീഴുകയും ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ മരിക്കുകയുമായിരുന്നു. സംഭവസ്ഥലത്ത് ഒരു ട്രാന്‍സ്ജെന്‍ഡര്‍ ഉള്‍പ്പെടെ എട്ട് പേര് ഉണ്ടായിരുന്നുവെന്നാണ് പോലീസ് നല്കുന്ന വിവരം. ഇവര്‍ക്കായി അന്വേഷണം നടത്തി വരികയാണ്. സംഭസ്ഥലത്ത് നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഒരു പ്രതിക്കും പരിക്കേറ്റു. ഈ സമയം പ്രദേശത്ത് ഒരു ഓട്ടോ ഡ്രൈവര്‍ എത്തിയിരുന്നുവെന്നാണ് പ്രാഥമിക വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: