ന്യൂദല്‍ഹി: ദേശീയതയുടെ മൂന്നു വര്‍ണങ്ങളില്‍ രാഷ്ട്രം ആവേശോജ്ജ്വലമായി. അമൃതോത്സവത്തിന്റെ കൊടിയേറ്റായി ഹര് ഘര്‍ തിരംഗ ആഘോഷിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം രാജ്യം ഏറ്റെടുത്തപ്പോള്‍ ഓരോ വീട്ടിലും ദേശീയ പതാക ഉയര്‍ന്നു. സ്വാതന്ത്ര്യത്തിനായി ജീവത്യാഗം ചെയ്തവരെക്കുറിച്ചും സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കാന്‍ വീരമൃത്യു വരിച്ചവരെക്കുറിച്ചുമുള്ള സ്മരണകള്‍ ഉണര്‍ത്തുപാട്ടായി. ഹര് ഘര്‍ തിരംഗയുടെ ഭാഗമായി ഭാരതത്തിലെ കോടിക്കണക്കിന് വീടുകളിലും സ്ഥാപനങ്ങളിലും ദേശീയ പതാക ഉയര്‍ന്നപ്പോള്‍, സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവത്തിനുള്ള കൊടിയേറ്റമായി.
ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി രാജ്യത്തെ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ദേശീയ പതാക ഉയര്‍ത്തണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന് ലഭിച്ച ആവേശകരമായ പിന്തുണയ്ക്കാണ് ഇന്നലെ കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ സാക്ഷ്യം വഹിച്ചത്. കുടില്‍ തൊട്ട് കൊട്ടാരം വരെ, കടലോരം തൊട്ട് മലയോരം വരെ, ഗ്രാമമെന്നോ നഗരമെന്നോ വ്യത്യാസമില്ലാതെ രാജ്യത്തിന്റെ മുക്കിലും മൂലയിലും ദേശീയ പതാകകള്‍ ഉയര്‍ന്നു. തീവ്രവാദ ഭീഷണിക്കിടയിലും കശ്മീരിന്റെ മണ്ണിലെങ്ങും ദേശീയ പതാകകള്‍ പാറിക്കളിച്ചു.
ഹര് ഘര്‍ തിരംഗ ക്യാമ്പയിനോടുള്ള അദ്ഭുതകരമായ പ്രതികരണത്തില്‍ അതിയായ സന്തോഷവും അഭിമാനവും തോന്നുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. ജീവിതത്തിന്റെ വിവിധ തുറകളിലുള്ളവരുടെ റിക്കാര്‍ഡ് പങ്കാളിത്തമാണുള്ളത്. ആസാദി കാ അമൃത് മഹോത്സവം ആഘോഷിക്കുന്നതിനുള്ള മികച്ച മാര്‍ഗമാണിതെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ഹര് ഘര്‍ തിരംഗ ക്യാമ്പയിനെ പിന്തുണച്ച ഈ യുവാക്കളെ ഞാന്‍ അഭിനന്ദിക്കുന്നു എന്ന തലക്കെട്ടോടെ ലേയിലും ലഡാക്കിലും ആസാദി കാ അമൃത് മഹോത്സവ് ആഘോഷിക്കുന്ന കുട്ടികളുടെ വീഡിയോയും പ്രധാനമന്ത്രി പങ്കുവച്ചു.
ഭാരതത്തിന്റെ ദേശീയ പതാകയുടെ ശക്തി എന്താണെന്ന് ഉക്രൈനില്‍ കണ്ടതാണെന്ന് കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡല്‍ ജേതാക്കളുമായി ദല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍ സംവദിക്കുന്നതിനിടെ പ്രധാനമന്ത്രി പറഞ്ഞു. ത്രിവര്‍ണ പതാക ഇന്ത്യക്കാര്‍ക്ക് മാത്രമല്ല, മറ്റ് രാജ്യങ്ങളിലെ ആളുകള്‍ക്കും യുദ്ധക്കളത്തില്‍ നിന്ന് പുറത്തുവരുന്നതിന് ഒരു സംരക്ഷണ കവചമായി മാറിയതായി പ്രധാനമന്ത്രി വ്യക്തമാക്കി.
കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ ഹര് ഘര്‍ തിരംഗ വെബ്സൈറ്റില്‍ ഇന്നലെ രാത്രി ഏഴു വരെ 4,30,96,183 പേര് ദേശീയ പതാക ഉയര്‍ത്തിയ സ്ഥലം അടയാളപ്പെടുത്തി. 2,20,15,538 പേര് ദേശീയ പതാകയ്ക്കൊപ്പം സെല്‍ഫിയെടുത്ത് പോസ്റ്റ് ചെയ്തു. അമിത് ഷാ ഉള്‍പ്പെടെയുള്ള കേന്ദ്ര മന്ത്രിമാര്‍, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, ജനപ്രതിനിധികള്‍, സാമൂഹിക, സാംസ്കാരിക, സാഹിത്യ വിദ്യാഭ്യാസ, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖര്‍, ചലച്ചിത്രതാരങ്ങള്‍, കായിക താരങ്ങള്‍ തുടങ്ങിയവരെല്ലാം ഇന്നലെ രാവിലെ തന്നെ ഹര് ഘര്‍ തിരംഗയുടെ ഭാഗമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: