ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍
സ്വതന്ത്രഭാരതത്തിന്റെ 75-ാം വാര്‍ഷികം ഏത് ഭാരതീയനെ സംബന്ധിച്ചും അഭിമാനപൂരിതമാണ്. ആഭ്യന്തരകലാപങ്ങളെയും ബാഹ്യാക്രമണങ്ങളെയും നേരിട്ട് ഇത്രകാലം സ്വാതന്ത്ര്യത്തിന്റെ മനോഹാരിത നിലനിര്‍ത്തുക എന്നത് ലോകചരിത്രത്തില്‍ തന്നെ അപൂര്‍വമാണ്. ഭാരതം രൂപംകൊണ്ടത് സാംസ്കാരിക പരണതിയുടെ ഫലമായിട്ടാണ്. ലോകത്തിലെ എല്ലാമതങ്ങളുടെയും പ്രഭവകേന്ദ്രമാണ് ഏഷ്യ. അതിന്റെ മുഴുവന്‍ പ്രത്യേകതകള്‍ ഉള്‍ക്കൊള്ളുന്ന വിശിഷ്ടഭൂമികയാണ് ഭാരതം. നമുക്കൊരു വലിയ പശ്ചാത്തലമുണ്ട്. നമ്മുടെ ജനതയെ യോജിപ്പിക്കുന്നത് മഹത്തും ശക്തവുമായ ദാര്‍ശനിക പ്രഭാവമാണ്. വൈവിധ്യങ്ങള്‍ക്കിടയിലും നമ്മെ ഒരുമിപ്പിക്കുന്ന ഏകത്വം ഇതാണ്. ഇതൊരു സാംസ്കാരിക ശക്തിയാണ്. ജാതീയമോ മതപരമോ ആയ പരിവേഷം ഇതിനു നല്‍കരുത്. വേദങ്ങളുടെയും ഉപനിഷത്തുകളുടെയും പശ്ചാത്തലമാണ് നമുക്കുള്ളത്.
ആദര്‍ശരാജാവിന്റെ വ്യക്തമായ രൂപമാണ് ശ്രീരാമചന്ദ്രനില്‍ നിന്ന് ലഭിക്കുന്നത്. അധികാരം ഉപേക്ഷിക്കാനിടയാക്കിയവരോട് യാതൊരു കാലുഷ്യവും അദ്ദേഹം കാണിച്ചില്ല. 14 വര്‍ഷം നിസ്സംഗതയോടെ വനവാസം നടത്തി. പരിത്യാഗം എന്നത് മഹത്തായ കാര്യമാണെന്നാണ് നമ്മെ പഠിപ്പിക്കുന്നത്. ത്യാഗമാണ് നമ്മുടെ ശക്തി. ത്യാഗമില്ലെങ്കില്‍ ജനതയ്ക്ക് പുരോഗതി കൈവരിക്കാന്‍ സാധിക്കില്ല. എല്ലാം വെട്ടിപ്പിടിക്കാനല്ല, പരിത്യാഗമാണ് ഭാരതം ലോകത്തെ പഠിപ്പിച്ചത്. അശോകനും ശ്രീബുദ്ധനുമെല്ലാം ഇതിന്റെ പ്രതിരൂപങ്ങളാണ്. വിജയത്തില്‍ അഹങ്കരിക്കാതെ പരിത്യാഗത്തിന് പ്രതിജ്ഞയെടുത്ത ആളാണ് അശോകന്. ഇത് ഭാരതത്തിലെ ഭരണാധികാരികള്‍ക്ക് മാത്രം സാധിക്കുന്ന കാര്യമാണ്. വിജയത്തെപ്പോലെ പരാജയവും സുഖത്തെപ്പോലെ ദുഃഖവും വരിക്കാന്‍ തയ്യാറായവരാണ് നമ്മുടെ പൂര്‍വികര്‍. സമര്‍പ്പണഭാവത്തോടെ മറ്റുള്ളവര്‍ക്കുവേണ്ടി എങ്ങനെ നന്മചെയ്യാം എന്നതാണ് പൂര്‍വികര്‍ നമ്മെ പഠിപ്പിച്ചത്.
എല്ലാവരെയും ചേര്‍ത്തുപിടിക്കുന്ന സാംസ്കാരിക ഭൂമികയാണ് ഭാരതം. ശ്രീബുദ്ധനെ സന്ദര്‍ശിച്ച രാഹുലന് അച്ഛനുനേരെ രണ്ടുകൈകളും നീട്ടിയപ്പോള്‍ മകനേ നിനക്ക് തരാന്‍ എന്റെ കൈയില്‍ ത്യാഗത്തിന്റെ ചിരയ്ക്കാത്തുണ്ടുമാത്രമേ ഉള്ളൂവെന്നും അതുതാങ്ങാന്‍ നിന്റെ കുഞ്ഞുകൈകള്‍ക്ക് ശക്തിയായിട്ടില്ലെന്നുമാണ് പറഞ്ഞത്. അതുകൊണ്ട് നീ മുത്തച്ഛന്റെ കിരീടം ഏറ്റുവാങ്ങൂ എന്നും ഉപദേശിച്ചു. എന്നാല്‍ രാഹുലന് ത്യാഗത്തിന്റെ ചിരയ്ക്കാത്തുണ്ടിലാണ് താല്പര്യം കാണിച്ചത്. കുടുംബത്തിലൊതുങ്ങിക്കഴിഞ്ഞിരുന്ന അമ്മ യശോദയാണ് മകനെ ത്യാഗത്തിന്റെ വഴി പഠിപ്പിച്ചത്. ഭാരതത്തില്‍ സംസ്കാരം പകര്‍ന്നു നല്‍കിയിരുന്ന സ്ത്രീത്വത്തിന്റെ മഹത്വത്തെയാണിത് കാണിക്കുന്നത്. ശ്രീപരമേശ്വരന്റെ അര്‍ദ്ധനാരീശ്വര സങ്കല്‍പ്പത്തെയും ഇതുകൊണ്ടുതന്നെയാണ് നാം ആരാധിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: