ഡോ. ഉമാദേവി
1904 ല്‍ ഭഗിനി നിവേദിത തയ്യാറാക്കിയതാണ് ഭാരതത്തിന്റെ ആദ്യപതാക. ഈ പതാകയുടെ പശ്ചാത്തലം ചുവപ്പാണ്. നടുവില്‍ മഞ്ഞനിറത്തില്‍ ‘വജ്രം’ അടയാളമാക്കിയിരുന്നു. ചുവപ്പ് സ്വാതന്ത്ര്യസമര ത്യാഗങ്ങളെ സൂചിപ്പിക്കുന്നതും, മഞ്ഞ വിജയത്തിന്റേതുമാണ്. ഇതില്‍ ബംഗാളി ഭാഷയില്‍ ‘വന്ദേമാതരം’ ആലേഖനം ചെയ്തിട്ടുണ്ട്. ‘വജ്രം’ ദേവേന്ദ്രന്റെ ആയുധമാണ്. കൂടാതെ താമരയും അതിന്റെ മധ്യത്തിലുണ്ട്. ‘വജ്രം’ ശക്തിയേയും വെള്ളത്താമര പരിശുദ്ധിയേയുംസൂചിപ്പിക്കുന്നു. ഈ പതാകയെ ‘സിസ്റ്റര്‍ നിവേദിത പതാക’ എന്ന് വിളിക്കുന്നു.
1906 ല്‍ മറ്റൊരു പതാക ബംഗാളില്‍ രൂപകല്‍പ്പന ചെയ്തു. മൂന്ന് നിറങ്ങള്‍ തുല്യമായി വരച്ചുകൊണ്ടുള്ളതാണ്-നീല മുകളിലും മഞ്ഞ മധ്യത്തിലും താഴെ ചുവപ്പും. നീല നിറത്തിന് മുകളിലായി ‘എട്ട്’ നക്ഷത്രങ്ങള്‍ വലിപ്പത്തില്‍ ചെറിയ വ്യത്യാസങ്ങളോടെ വെളുത്ത നിറത്തില്‍ ചിത്രീകരിച്ചിരിക്കുന്നു. താഴെ ചുവന്ന പ്രതലത്തില്‍ 2 അടയാളങ്ങള്‍-ഒന്ന് സൂര്യന്, മറ്റൊന്ന് നക്ഷത്രവും ചന്ദ്രക്കലയും. മധ്യഭാഗത്ത് മഞ്ഞപ്രതലത്തില്‍ ‘വന്ദേമാതരം’ എന്ന് ദേവനാഗരി ലിപിയില്‍ ആലേഖനം ചെയ്തിരിക്കുന്നു.
ഇതേ വര്‍ഷത്തില്‍ തന്നെ ബംഗാളില്‍ മറ്റൊരു പതാക രൂപപ്പെടുത്തിയിരുന്നു-ഒരു ത്രിവര്‍ണ പതാക. കാവി, മഞ്ഞ, പച്ച എന്നീ നിറങ്ങളോടെ. ഇതിനെ കല്‍ക്കട്ട പതാക എന്നാണ് വിളിച്ചിരുന്നത്. ‘താമരപതാക’ എന്നും അറിയപ്പെട്ടിരുന്നു. ഇതില്‍ എട്ട് പകുതി വിരിഞ്ഞ താമരകള്‍ ചിത്രീകരിച്ചിരുന്നു. ഈ പതാക രൂപകല്‍പ്പന ചെയ്തത് സചീന്ദ്ര പ്രസാദ് ബോസ്, സുകുമാര്‍ മിത്ര എന്നിവരാണ്. 1906 ആഗസ്റ്റ് 7 ന് ഈ പതാക കൊല്‍ക്കത്തയിലെ പാഴ്സി ബഗാന് സ്ക്വയറില്‍ ഉയര്‍ത്തി. ഈ ദിവസം ബംഗാള്‍ വിഭജനത്തിനെതിരെയുള്ള ‘ബഹിഷ്കരണ ദിന’മായി ആചരിച്ചുകൊണ്ടാണ് സര് സുരേന്ദ്രനാഥ ബാനര്‍ജി അഖണ്ഡഭാരതത്തിന് വേണ്ടി പതാകഉയര്ത്തിയത്.
1907 ല്‍ മാഡം ഭിക്കാജി കാമയുടെ നേതൃത്വത്തില്‍ വീര സവര്‍ക്കറും ശ്യംജി കൃഷ്ണ വര്‍മ്മയും കൂടിച്ചേര്‍ന്ന് രൂപകല്‍പ്പന ചെയ്തതാണ് മറ്റൊരെണ്ണം. 1907 ആഗസ്റ്റ് 22 ന് മാഡം കാമയുടെ നേതൃത്വത്തില്‍ ഇവര്‍ ജര്‍മ്മനിയിലെ സ്റ്റുട്ട്ഗാര്‍ട്ടില്‍ ഈ കൊടി ഉയര്‍ത്തി. അതോടെ ഭാരതത്തില്‍ സ്വന്തം പതാക ഒരു വിദേശ രാജ്യത്ത് ആദ്യമായി ഉയര്‍ത്തി. ഈ സംഭവത്തോടെ ഈ പതാകയെ ‘ബര്‍ലിന്‍ കമ്മിറ്റി ഫ്ളാഗ്’ എന്നറിയപ്പെട്ടു. ‘മാഡം കാമ ഫ്ളാഗ്’ എന്നും വിളിക്കുന്നു. ഈ പതാകയും മൂന്ന് നിറങ്ങളില്‍ ആണ്- മുകളില്‍ പച്ച, മധ്യത്തില്‍ സ്വര്‍ണനിറത്തിലുള്ള കാവി, താഴെ ചുവപ്പ്.
1916 ല്‍ എഴുത്തുകാരനും ഭൗമഭൗതിക ശാസ്ത്രജ്ഞനും ആയിരുന്ന പിംഗലി വെങ്കയ്യ ഐക്യഭാരതത്തിനു വേണ്ടി ഒരു പതാക ചിത്രീകരിച്ചു. മഹാത്മാഗാന്ധിയുടെ ആശീര്‍വാദത്തോടെ ഖാദി നൂലില്‍ കൈകൊണ്ട് നെയ്തെടുത്ത പച്ചയും ചുവപ്പും നിറഞ്ഞ പതാകയില്‍, ഗാന്ധിജിയുടെ നിര്‍ദേശപ്രകാരം ചര്‍ക്കയും ആലേഖനം ചെയ്തു. എന്നാല്‍ മഹാത്മാഗാന്ധി ഇത് അംഗീകരിച്ചില്ല. കാരണം പച്ചനിറം മുസ്ലിങ്ങളെയും ചുവപ്പ് ഹിന്ദുക്കളെയും പ്രതിനിധീകരിക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക് പ്രാതിനിധ്യം കൊടുക്കാത്തതിനാല്‍ മുഴുവന്‍ ഭാരതീയരെയും ഉള്‍ക്കൊള്ളുന്നില്ല.
1917 ല്‍ ബാലഗംഗാധര തിലകന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ‘ഹോംറൂള്‍ ലീഗ്’ എന്ന സംഘടന ഒരു പതാക സ്വീകരിച്ചു. ആ പതാകയുടെ മുകള്‍ഭാഗത്ത് ബ്രിട്ടീഷ് ചിഹ്നമായ യൂണിയന് ജാക്കും ബാക്കി ഭാഗങ്ങള്‍ ചുവപ്പുനിറത്തിലുള്ള വരകളും, നാല് പച്ചനിറത്തിലുള്ള വരകളും ഉണ്ട്. ഏഴ് നക്ഷത്രങ്ങളെ ചിത്രീകരിച്ചിട്ടുള്ളത് (ഇടത്ത് മുകളില്‍നിന്ന് താഴേക്ക് വലത്ത് ഭാഗം), സപ്ത ഋഷികളെ സൂചിപ്പിക്കുന്നു. ഹിന്ദുക്കളെ സംബന്ധിച്ച് (ദേശാഭിമാനികളായ ഭാരതീയരെ) ആ സങ്കല്‍പ്പം പവിത്രമായിരുന്നു. പതാകയുടെ മുകള്‍ ഭാഗത്തായി ചന്ദ്രക്കലയും അതിലൊരു നക്ഷത്രവും ഉണ്ട്. എന്നാല്‍ ഈ പതാക ജനങ്ങള്‍ക്ക് അത്ര പരിചിതമല്ല.
1921 ല്‍ മഹാത്മാഗാന്ധിയുടെ ആഹ്വാനപ്രകാരം ഭാരതത്തിലെ എല്ലാ ജനവിഭാഗങ്ങളേയും പ്രതിനിധീകരിക്കുന്ന ദേശീയപതാകയ്ക്ക് ആഹ്വാനം ചെയ്തു. അതനുസരിച്ചുണ്ടാക്കിയ പതാകയില്‍ മൂന്ന് നിറങ്ങള്‍-ഏറ്റവും മുകളില്‍ വെളുപ്പ്, മധ്യത്തില്‍ പച്ച, താഴെ ചുവപ്പ്. വെളുത്ത നിറം ന്യൂനപക്ഷങ്ങളേയും, പച്ച മുസ്ലിം ജനവിഭാഗത്തെയും, ചുവപ്പ് ഹിന്ദു-സിക്ക് വിഭാഗങ്ങളെയും പ്രതിനിധീകരിക്കുന്നു. ഈ പതാകയില്‍ ‘ചര്‍ക്ക’ ആലേഖനം ചെയ്തിട്ടുണ്ട്. മൂന്ന് നിറങ്ങളെയും സമന്വയിപ്പിച്ചുകൊണ്ടുള്ള ചര്‍ക്കയുടെ ആലേഖനം സൂചിപ്പിക്കുന്നത് എല്ലാ വിഭാഗം ജനങ്ങളുടേയും ഐക്യത്തിനെയാണ്. അയര്‍ലണ്ടിലെ പതാകയാണ് മാതൃകയാക്കിയത്. കോണ്‍ഗ്രസ്സ് കമ്മിറ്റി ഈ പതാകയെ അംഗീകരിച്ചിരുന്നില്ലെങ്കിലും സ്വാതന്ത്ര്യസമര പോരാട്ടങ്ങളില്‍ ദേശീയതയുടെ ചിഹ്നമായിട്ട് ഈ പതാക ഉപയോഗിച്ചിരുന്നു.
1931 ആയപ്പോഴേക്കും സാമുദായിക പ്രാതിനിധ്യാടിസ്ഥാനത്തിലുള്ള പതാകയിലെ രൂപരേഖ ചോദ്യം ചെയ്യാന്‍ തുടങ്ങി. പുതിയ പതാകയ്ക്ക് രണ്ട് നിറം- ചുവപ്പും മണ്ണിന്റെ നിറവും. ഇത് രണ്ട് ഐക്യത്തെ സൂചിപ്പിക്കുന്നു. ഹിന്ദു-മുസ്ലിം സിക്ക് മതത്തിന് പ്രത്യേക പ്രാതിനിധ്യം പതാകയില്‍ വേണമെന്നും അല്ലെങ്കില്‍ മതപരമായ നിറങ്ങള്‍ മാറ്റണമെന്നും ആവശ്യപ്പെട്ടു. പില്ക്കാലത്ത് മൂന്ന് നിറമുള്ള പതാക ഉണ്ടാക്കി-കാവി മുകളില്‍, വെളുപ്പ് മധ്യത്തില്‍, പച്ച താഴെ, മധ്യത്തില്‍ ‘ചര്‍ക്ക’യും. 1931 ല്‍ കോണ്‍ഗ്രസ്സ് കമ്മിറ്റി ഈ പതാക അംഗീകരിക്കുകയും കോണ്‍ഗ്രസ്സിന്റെ ഔദ്യോഗിക പതാകയായി അംഗീകരിക്കുകയും ചെയ്തു.
1947 ല്‍ ഭാരതം സ്വതന്ത്രമാക്കപ്പെട്ടപ്പോള്‍ ദേശീയ പതാകയെ തീരുമാനിക്കുന്നതിനായി ഒരു സമിതി രൂപീകരിച്ചു. ഡോ. രാജേന്ദ്ര പ്രസാദ് ആയിരുന്നു അധ്യക്ഷന്‍. അന്നത്തെ കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ പതാകയില്‍ ചെറിയ മാറ്റം വരുത്തി. ‘ചര്‍ക്ക’ക്ക് പകരം ‘ചക്രം’ (അശോകചക്രം) സ്വീകരിച്ച് ഭാരതത്തിന്റെ പതാകയാക്കി അംഗീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: